UPDATES

വിദേശം

സുഡാനി ജനത ‘മില്യണ്‍ മാര്‍ച്ചു’മായി വീണ്ടും തെരുവുകളിലേക്ക്; പ്രത്യാഘാതമുണ്ടാകുമെന്ന് സൈന്യത്തിന്റെ താക്കീത്

തലസ്ഥാന നഗരമായ ഖാര്‍ത്തൂം അടക്കമുള്ള ചെറുതും വലുതുമായ എല്ലാ നഗരങ്ങളിലും പ്രതിഷേധവുമായി ഇറങ്ങാനാണ് സഖ്യം ആവശ്യപ്പെട്ടിരിക്കുന്നത്.

‘മില്ല്യണ്‍ മാര്‍ച്ചു’മായി സുഡാനി ജനത വീണ്ടും തെരുവിലേക്ക്. ഞായറാഴ്ചയോടെ സൈനികഭരണത്തിനെതിരെ ബഹുജന റാലികള്‍ ശക്തമാക്കാനാണ് സുഡാനികള്‍ പദ്ധതിയിടുന്നത്. അതെസമയം, എന്തെങ്കിലും നാശനഷ്ടങ്ങളോ മരണങ്ങളോ സംഭവിച്ചാല്‍ മാര്‍ച്ചും അതിന് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ ഗ്രൂപ്പുകളുമായിരിക്കും ഉത്തരവാദികളെന്ന് സൈന്യം മുന്നറിയിപ്പു നല്‍കി. ‘നമ്മുടെ രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ഗുരുതരാവസ്ഥയെക്കുറിച്ച് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു,’ ട്രാൻസിഷണൽ മിലിട്ടറി കൗൺസിൽ (ടിഎംസി) പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

മാര്‍ച്ചിന്റെ ഭാഗമായി ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെടുകയോ, വ്യക്തികളുടെയോ സര്‍ക്കാറിന്റെയോ സ്ഥാപനങ്ങള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്‌താല്‍ രാജ്യത്തെ പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സംയുക്ത പ്രതിപക്ഷ സഖ്യമായ ‘ഫ്രീഡം ആന്റ് ചെയ്ഞ്ച് അലയന്‍സി’നായിരിക്കും പൂര്‍ണ്ണ ഉത്തരവാദിത്തമെന്ന് ടിഎംസി പറഞ്ഞു. പ്രതിപക്ഷ സംഘടനകളുടെ ഈ സഖ്യമാണ് രാജ്യത്ത് പട്ടാളഭരണത്തിനെതിരെ പ്രക്ഷോഭം നടത്തുന്നത്.

തലസ്ഥാന നഗരമായ ഖാര്‍ത്തൂം അടക്കമുള്ള വലുതും ചെറുതുമായ എല്ലാ നഗരങ്ങളിലും പ്രതിഷേധവുമായി ഇറങ്ങാനാണ് സഖ്യം ആവശ്യപ്പെട്ടിരിക്കുന്നത്. ജനകീയ സര്‍ക്കാറിന് അധികാരം കൈമാറണമെന്നും, ജൂൺ 3-ലെ രക്തരൂഷിത കലാപത്തില്‍ അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനാല്‍ (ആർ‌എസ്‌എഫ്) ജീവന്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ആക്രമണത്തിൽ 120 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് പ്രതിഷേധ പ്രസ്ഥാനവുമായി ബന്ധമുള്ള ഡോക്ടർമാരുടെ സംഘടന പറയുന്നത്. എന്നാൽ 61 പേർ മാത്രമാണ് മരിച്ചതെന്ന് അധികൃതർ വാദിക്കുന്നു.

‘ജൂൺ 3-ന് സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരെ നടത്തിയ മാരകവും അനാവശ്യവുമായ ബലപ്രയോഗം ഈ ഞായറാഴ്ച ഒരിക്കല്‍കൂടി ആവർത്തിക്കരുതെന്ന്’ ആംനസ്റ്റി ഇന്റർനാഷണൽ സെക്രട്ടറി ജനറൽ കുമി നായിഡു പറഞ്ഞു. 1989-ല്‍ സുഡാനിൽ അവസാനമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് ദീർഘകാല പ്രസിഡന്റ് ഒമര്‍ അല്‍ ബാശിറിനെ അധികാരത്തിലെത്തിച്ച അട്ടിമറിയുടെ മുപ്പതാം വാർഷികവുമാണ് ഞായറാഴ്ച.

ഏകാധിപതിയായ പ്രസിഡന്‍റ് ഒമര്‍ അല്‍ ബാശിറിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്ന് സൈന്യം അധികാരം ഏറ്റെടുക്കുകയായിരുന്നു. ഒരു ജനകീയ സര്‍ക്കാരിന് അധികാരം കൈമാറുന്നതിനുള്ള സമയപരിധി മെയ് മാസത്തില്‍ അവസാനിച്ചതാണ്. എന്നാല്‍, ഭരണമാറ്റത്തിനിടയാക്കിയ ജനകീയ പ്രക്ഷോഭത്തിന്റെ നേട്ടം സൈന്യം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.

ഇതോടെ സൈന്യത്തിനെതിരെ ജനകീയ സമരം ശക്തമായി. പട്ടാളവും പ്രക്ഷോഭകരും തമ്മില്‍ മൂന്നു വർഷത്തേക്ക് സുഡാനിൽ പുതിയ ഭരണകൂടം സ്ഥാപിക്കാനുള്ള കരാര്‍ ഒപ്പുവെക്കുന്നതില്‍നിന്നും സൈന്യം നാടകീയമായി പിന്മാറി. പ്രക്ഷോഭകര്‍ക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെയ്പ്പു നടത്തി. നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍