UPDATES

വിദേശം

സ്വീഡിഷ് തെരഞ്ഞെടുപ്പ്: മുഖ്യധാരാ കക്ഷികളുടെ വോട്ട് ഭിന്നിച്ച കുടിയേറ്റ വിരുദ്ധ തീവ്രവലത് കക്ഷിക്ക് വൻ മുന്നേറ്റം

സ്വീഡൻ ഡെമോക്രാറ്റ്സ് ഈ തെരഞ്ഞെടുപ്പിൽ 17.6 ശതമാനം വോട്ടുകൾ നേടി മൂന്നാമത്തെ വലിയ കക്ഷിയായി മാറി.

തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടന്നതിനു ശേഷം സ്വീഡിഷ് രാഷ്ട്രീയം അനിശ്ചിതത്വത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. സ്വീഡന്‍ ഡെമോക്രാറ്റ്സ് എന്ന തീവ്രവലത് കക്ഷിക്ക് മറ്റ് രണ്ട് മുഖ്യധാരാ കക്ഷികളുടെ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കാൻ കഴിഞ്ഞതാണ് ഈ രാഷ്ട്രീയ അനിശ്ചിതത്വത്തിന് കാരണമായിരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രാറ്റുകൾ 28.4 ശതമാനം വോട്ടുകളാണ് നേടിയത്. മോഡറേറ്റുകള്‍ നേടിയത് 19.8 ശതമാനം വോട്ടുകളും. ഇത് കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് വോട്ടുവിഹിതത്തിൽ ഗണ്യമായ കുറവാണ് കാണിക്കുന്നത്. ഇവർക്ക് നഷ്ടപ്പെട്ട വോട്ടുകൾ സ്വീഡൻ ഡെമോക്രാറ്റ്സിന് നേട്ടമായി മാറി.

സ്വീഡൻ ഡെമോക്രാറ്റ്സ് ഈ തെരഞ്ഞെടുപ്പിൽ 17.6 ശതമാനം വോട്ടുകൾ നേടി മൂന്നാമത്തെ വലിയ കക്ഷിയായി മാറി. 2014ൽ 12.9% വോട്ടാണ് ഇവർ നേടിയിരുന്നത്. നിർണായകമായ വർധനയാണ് സംഭവിച്ചിരിക്കുന്നത്.

ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചത് തന്റെ പാർട്ടിയാണെന്ന് സ്വീഡൻ ഡെമോക്രാറ്റ്സ് നേതാവ് ജിമ്മീ അകെസ്സൻ പറഞ്ഞു. സ്വീഡന്റെ രാഷ്ട്രീയത്തെ നിർണായകമായ രീതിയിൽ തങ്ങൾ സ്വാധീനിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനകീയത കൈവരിച്ച തീവ്രവലത് നിലപാടുകളിലൂടെയാണ് ജിമ്മീ അകെസ്സന്റെ പാർട്ടി സ്വീഡനിൽ വളർന്നത്. ഇദ്ദേഹത്തിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകൾക്ക് വൻ കൈയടി കിട്ടുകയുണ്ടായി. നിയോ നാസി പ്രസ്ഥാനത്തിലാണ് ഈ പാർട്ടിയുടെ വേരുകൾ. കുടിയേറ്റം സംബന്ധിച്ച് സ്വീഡനിൽ വളർന്നിട്ടുള്ള ഭീതിയെ മുതലെടുക്കുകയായിരുന്നു സ്വീഡൻ ഡെമോക്രാറ്റ്സ്.

നിയമനിർമാണത്തിൽ ഇനി ഈ പാർട്ടിയുടെ നിലപാട് വളരെ നിർണായകമായിരിക്കും. ബില്ലുകൾ പാസ്സാക്കിയെടുക്കാൻ മിത ഇടത്-വലത് വിഭാഗങ്ങൾ ഒരുമിക്കേണ്ടതായി വരും. ഇല്ലെങ്കിൽ ഇരുവരും ഒരു കാരണവശാലും സ്വീഡൻ ഡെമോക്രാറ്റിന്റെ നിലപാടിനൊപ്പം നിൽക്കില്ലെന്ന് തീരുമാനിക്കേണ്ടതായി വരും. ചുരുക്കത്തിൽ കാര്യങ്ങൾ വളരെയേറെ സങ്കീർണമായിത്തീരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍