UPDATES

വിദേശം

അമേരിക്കയില്‍ ഭീകരാക്രമണം; എട്ടുപേര്‍ കൊല്ലപ്പെട്ടു

ന്യുയോര്‍ക്കില്‍ ജനങ്ങള്‍ക്കിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയാണ് കൂട്ടക്കുരുതി നടത്തിയത്

ന്യുയോര്‍ക്കില്‍ ഐസ് അനുഭാവിയെന്നു കരുതുന്ന 29 കാരന്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി ഉണ്ടാക്കിയ അപകടത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ലോവര്‍ മാന്‍ഹട്ടിനിലെ തിരക്കേറിയ ഇരുചക്രവാഹന വീഥിയിലാണ് അപകടം ഉണ്ടാക്കിയത്. അക്രമകാരിയെ പൊലീസ് വെടിവച്ചു വീഴ്ത്തി അറസറ്റ് ചെയ്തു.

സയ്ഫുള്ളോ സയ്‌പോവ് എന്നയാളാണ് അക്രമണം നടത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്‌ളോറിഡയില്‍ താമസിക്കുന്ന ഇയാള്‍ 2010 ല്‍ ഉസ്ബക്കിസ്ഥാനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയതാണെന്ന് പറയുന്നു. ഒരു വെള്ള പിക് അപ് വാന്‍ ഉപയോഗിച്ചാണ് ഇയാള്‍ കൂട്ടക്കരുതി നടത്തിയത്. ഈ വാഹനം വാടകയ്ക്ക് എടുത്തതാണെന്ന് അറിയുന്നു. അപകടമുണ്ടാക്കിയ ട്രക്കില്‍ നിന്നും കണ്ടെടുത്ത ഒരു കുറിപ്പ് സയ്ഫുള്ളോയ്ക്ക് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് സൂചന നല്‍കുന്നതായും പൊലീസ് പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

നടന്നത് ഭീകരാക്രമണമായാണ് പ്രസിഡന്റ് ട്രംപും ന്യുയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ബ്ലാസിയോയും പറയുന്നത്. നിഷ്‌കളങ്കരായ ജനങ്ങളെ ഭീരുക്കളായ ഭീകരര്‍ ഉന്നംവയ്ക്കുകയാണെന്ന് ബ്ലാസിയോ അപലപിച്ചു.2001 സെപ്തംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ആദ്യമായി ന്യുയോര്‍ക്കില്‍ നടക്കുന്ന ഭീകരാക്രമണമാണ് ഇത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ പരിക്ക് ഗുരുതരമാണെങ്കിലും ജീവാപായം ഉണ്ടാകില്ലെന്നാണ് ന്യുയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കമ്മിഷണര്‍ ജെയിംസ് ഒ നെയ്ല്‍ വ്യക്തമാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍