UPDATES

വിദേശം

ഗുഹയിൽ കുടുങ്ങിയ കുട്ടികളെ പുറത്തു കൊണ്ടുവരാൻ റിസ്ക് എടുക്കില്ലെന്ന് തായ്‍ലൻഡ്

ചില ഭാഗങ്ങളിൽ വെള്ളവും ചെളിയും നിറഞ്ഞിരിക്കുകയാണ്. ഇവിടങ്ങളിൽ നല്ല ഇരുട്ടുമുണ്ട്.

തായ്‍ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കാൻ സാഹസങ്ങൾക്ക് തയ്യാറല്ലെന്ന് അധികാരികൾ. കുട്ടികൾക്കും കൂടെയുള്ള ഫൂട്ബോൾ കോച്ചിനും ആവശ്യമായ ഭക്ഷണവും മരുന്നും ഇതിനകം ഗുഹയിലെത്തിച്ചിട്ടുണ്ട്. ഒരു ഡോക്ടറും രണ്ട് നഴ്സുമാരുമടങ്ങുന്ന ഏഴംഗസംഘമാണ് രക്ഷാപ്രവർത്തനം നടത്തിവരുന്നത്.

കുട്ടികളെയും കോച്ചിനെയും എങ്ങനെ സുരക്ഷിതമായി പുറത്തു കൊണ്ടുവരാം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ പെട്ട ഗുഹയിലൂടെ നീന്തലറിയാതെ പുറത്തിറങ്ങുക സാധ്യമല്ല. കുട്ടികൾക്കാർക്കും നീന്തലറിയില്ല. നാല് കിലോമീറ്ററോളം ഉള്ളിലാണ് ഇവരിപ്പോഴുള്ളത്. ഒരു കിലോമീറ്ററോളം താഴ്ചയിലുമാണിത്.

വെള്ളം വാർന്നുപോകാൻ ദിവസങ്ങളെടുക്കും എന്നാണറിയുന്നത്. മണ്‍സൂൺ തുടരുന്നതിനാൽ നാൽപ്പത് ദിവസമെങ്കിലും ഗുഹയിൽ തുടരേണ്ടിവരും കുട്ടികളെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. കുട്ടികളെ പുറത്തു കൊണ്ടുവരാൻ ധൃതി കൂട്ടില്ലെന്ന് ചിയാങ് റായ് ഗവർണർ നാരോങ്സാക് ഓസോത്താനനാകോം അറിയിച്ചു.

അങ്ങേയറ്റം ദുർഘടമാണ് ഗുഹയിലേക്ക് കയറുന്നതും ഇറങ്ങുന്നതുമെല്ലാം. വെള്ളമില്ലാത്ത സമയത്തു പോലും ദുർഘടമായ ഈ പ്രവൃത്തി വെള്ളം നിറഞ്ഞു കിടക്കുന്ന ഈ സമയത്ത് ചെയ്യുക അസാധ്യമാണ്. കുട്ടികൾക്ക് നീന്തലറിയാത്തതിനാൽ റിസ്ക് കൂടുകയും ചെയ്യുന്നു. 11 മുതൽ 16 വരെ വയസ്സുള്ളവരാണ് കുട്ടികളെല്ലാം.

ജൂൺ 23നാണ് കുട്ടികളും അവരുടെ 25കാരനായ കോച്ചും ഗുഹയിൽ കയറിയത്. അന്ന് വെള്ളം വാർന്നു കിടക്കുകയായിരുന്നു. ഇവർ അകത്തു കയറിയതിനു ശേഷം പെട്ടെന്ന് വെള്ളം കയറുകയും ഗുഹയുടെ പുറത്തേക്കുള്ള വഴി മുഴുവൻ വെള്ളം നിറയുകയും ചെയ്തു.

ഗുഹയുടെ വെള്ളമില്ലാത്ത ഭാഗത്തുകൂടി കുട്ടികൾക്ക് സഞ്ചരിക്കാൻ പ്രയാസമില്ല. പക്ഷെ ചില ഭാഗങ്ങളിൽ വെള്ളവും ചെളിയും നിറഞ്ഞിരിക്കുകയാണ്. ഇവിടങ്ങളിൽ നല്ല ഇരുട്ടുമുണ്ട്. ഗുഹയിൽ നിന്ന് വെള്ളം പുറത്തുകളയാനുള്ള പ്രവർത്തനം തുടക്കം മുതലേ നടത്തി വരുന്നുവെങ്കിലും ഇതിന് പരിമിതികളുണ്ട്. നാല് കിലോമീറ്ററിനുള്ളിൽ ഒരു കിലോമീറ്ററോളം കുത്തനെ സഞ്ചരിക്കേണ്ടതുണ്ട്. വിദേശത്തു നിന്നടക്കമുള്ള സാഹസികരായ രക്ഷാപ്രവർത്തകരുടെ സഹായത്തെടെയാണ് കുട്ടികളെ കണ്ടെത്തിയത്. ഇപ്പോൾ ഭക്ഷണവും മരുന്നുമെല്ലാം എത്തിക്കുന്നതും ഇവർ തന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍