UPDATES

വിദേശം

ഉത്തര കൊറിയയെ പൂര്‍ണമായി തകര്‍ത്തു കളയും; യു എന്നില്‍ ഭീഷണി മുഴക്കി ട്രംപ്

കിം ജോംഗ് ഉന്നിനെ റോക്കറ്റ്മാന്‍ എന്നായിരുന്നു ട്രംപ് പരിഹസിച്ചത്‌

ഉത്തര കൊറിയയുടെ പൂര്‍ണനാശത്തിന് യു എസ് നിര്‍ബന്ധിതമായേക്കും; ഐക്യരാഷ്ട്രയുടെ ജനറല്‍ അസംബ്ലി നടക്കുന്ന ഹാളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി. ലോകത്തിനു തന്നെ ഭീഷണിയായിരിക്കുകയാണ് ഉത്തര കൊറിയയുടെ ബാലസ്റ്റിക് മിസൈല്‍ വിക്ഷേപണവും ആണവപരീക്ഷണങ്ങളും. ആണവ വെല്ലുവിളി അവസാനിപ്പിക്കാന്‍ പ്യോംഗ്യാങ് തയ്യറായല്ലെങ്കില്‍ തങ്ങള്‍ക്ക് കടുത്ത തീരുമാനം എടുക്കേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നിനെ മിസൈല്‍ മാന്‍ എന്നാണ് തന്റെ 45 മിനിട്ട് നീണ്ട പ്രസംഗത്തില്‍ ട്രംപ് പരിഹസിച്ചത്. റോക്കറ്റ്മാന്‍ സ്വയം അയാളെയും അയാളുടെ രാജ്യത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു ആത്മഹത്യ പ്രവര്‍ത്തനത്തിലാണ്; ട്രംപ് പരിഹസിച്ചു. വിദ്വേഷപരമായ പെരുമാറ്റം അവസാനിപ്പിക്കുന്നതുവരെ കിം സര്‍ക്കാരിനെ ഒറ്റപ്പെടുത്തണമെന്നും ട്രംപ് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. അചിന്തനീയമായ മനുഷ്യജീവന്റെ വിലയെക്കുറിച്ചോര്‍ക്കാതെ ലോകത്തെ മുഴുവന്‍ ഭീഷണിപ്പെടുത്തുകയാണവര്‍.

ഉത്തരകൊറിയയോടുള്ള വെല്ലുവിളികള്‍ക്കിടയില്‍ ചൈനയ്ക്ക് പരോക്ഷമായി കൊട്ടുകൊടുക്കാനും ട്രംപ് തയ്യാറായി. ചില രാജ്യങ്ങള്‍ വ്യാപാരബന്ധങ്ങളുടെ മറവില്‍ ലോകത്തിനു മുന്നില്‍ ആണവഭീഷണി മുഴക്കുന്ന ആ ഏകാധിപത്യരാജ്യത്തിനു ആയുധവിതരണവും സാമ്പത്തിക സഹായവും ചെയ്യുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ കുറ്റപ്പെടുത്തല്‍. ഉത്തരകൊറിയയുടെ ഏറ്റവും വലിയ വ്യാപാരസുഹൃത്താണ് ചൈന.

ട്രംപിന്റെ ഉത്തരകൊറിയന്‍ വെല്ലുവിളികള്‍ നടക്കുമ്പോള്‍ ഉത്തരകൊറിയുടെ പ്രതിനിധികളും ജനറല്‍ അസംബ്ലി ഹാളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഉടനൊരു പ്രതികരണമൊന്നും ആരും നടത്തിയില്ല. ട്രംപ് പ്രസംഗിക്കുമ്പോള്‍ മുന്‍നിരയില്‍ തന്നെ ഒരു ജൂനിയര്‍ തലത്തിലുള്ള ഉത്തരകൊറിയന്‍ നയതന്ത്രപ്രതിനിധി ഇരിപ്പുണ്ടായിരുന്നതായി യു എന്‍ അധികൃതര്‍ പറയുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍