UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമേരിക്കയുടെ രാജശില്‍പി ജോണ്‍ ടിഷ്മാന്‍ അന്തരിച്ചു

Avatar

മാര്‍ട്ടിന്‍ വെയില്‍
(വാഷിംഗ്ടണ്‍ പോസ്റ്റ് )

ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ്‌ സെന്റര്‍, ഒര്‍ലന്‍ഡോയിലെ വാള്‍ട്ട് ഡിസ്‌നി വേള്‍ഡിലെ എപ്‌ക്കോട്ട് തീം പാര്‍ക്ക്, ചിക്കോഗോയിലെ ജോണ്‍ ഹന്‍ഹോക്ക് സെന്റര്‍ തുടങ്ങിയ അമേരിക്കയിലെ ആകാശവിസ്മയങ്ങള്‍ക്കു രൂപം നല്‍കിയ ജോണ്‍ എല്‍ ടിഷ്മാന്‍ (90) അന്തരിച്ചു. ഫെബ്രുവരി ആറിനു ന്യൂയോര്‍ക്കിലെ ബെഡ്‌ഫോഡിലെ വീട്ടിലായിരുന്നു ഈ രാജശില്‍പ്പിയുടെ അന്ത്യം. ശ്വാസതടസ്സമായിരുന്നു മരണത്തിനു കാരണമെന്ന് അദ്ദേഹത്തിന്റെ കുടുംബവക്താവ് പറഞ്ഞു.

1960 കളില്‍ ഹന്‍ഹോക്ക് സെന്റര്‍ നിര്‍മ്മിച്ചതിനു ശേഷമായിരുന്നു നൂറു നിലകളുള്ള വേള്‍ഡ് ട്രേഡ്‌ സെന്റര്‍ ഇരട്ട ടൗവറുകളുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. മനുഷ്യരാശിയുടെ ഉല്‍ക്കര്‍ഷത്തിന്റേയും സാഫല്യത്തിന്റേയും പ്രതീകമായിരുന്നു ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് തല ഉയര്‍ത്തി നിന്നിരുന്ന ഈ മഹാസൗധം. കെട്ടിട നിര്‍മ്മാതാവ് എന്നതിലുപരി ടിഷ്മാന്‍, താരതമ്യേന ആധുനിക കണ്‍സ്ട്രക്ഷന്‍ മാനേജുമെന്റിന്റെ പ്രയോക്താവുമായിരുന്നു. ഉടമയും കരാറുകാരനും ഇടയിലുള്ള ഒരു സ്ഥാനത്തു നിന്നുകൊണ്ട് നിര്‍മ്മാണപ്രക്രിയ കാര്യക്ഷമമാക്കാനും ചെലവു ചുരുക്കി മികവ് ഉറപ്പാക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 

മാത്രമല്ല, ആധുനിക പണിസ്ഥലത്ത് ചെലവു ചുരുക്കുന്നതിനായി ചില സവിശേഷ നടപടികളും ടിഷ്മന്‍ ആവിഷ്‌ക്കരിച്ചു. ആള്‍ക്കാര്‍ ഒരു കെട്ടിടത്തില്‍ നിന്നു മറ്റൊന്നിലേക്ക് നീങ്ങുന്നതിനുസരിച്ച് മനുഷ്യസഹായില്ലാതെ വിളക്കുകള്‍ കത്തുകയും അണയുകയും ചെയ്യുന്ന സമ്പ്രദായവും അദ്ദേഹം ആവിഷ്‌ക്കരിച്ചു. ‘മുമ്പ് ഉപയോഗമില്ലാതെ കിടന്നിരുന്ന ഒരു സെന്‍സര്‍ ഡിവൈസ് അത് കണ്ടുപിടിച്ച വ്യക്തിയില്‍ നിന്നു ഞങ്ങള്‍ വിലക്കുവാങ്ങി.’ ടോംഷച്ച്മാനുമായി ചേര്‍ന്ന് 2010 ല്‍ എഴുതിയ ‘ബിള്‍ഡിംഗ്ടാള്‍: മൈ ലൈഫ് ആന്റ് ദി ഇന്‍വന്‍ഷന്‍ ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജുമെന്റ്ി’ല്‍ പറയുന്നു. ഹൈവോള്‍ട്ടേജ് നിയന്ത്രിക്കാനുള്ള ഇന്‍ഫ്രാക്ഷന്‍ സംവിധാനമായി ഞങ്ങള്‍ അതിനെ മാറ്റിയെടുത്തു. 

തന്റെ സ്ഥാപനത്തിനു വേണ്ടി മറ്റുള്ളവര്‍ ഇന്‍ഫ്രാക്ഷന്‍ നിര്‍മ്മിച്ചതിനു ശേഷം അദ്ദേഹം എഴുതി, ‘ഞങ്ങള്‍ക്കുവേണ്ടി നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ പുതിയ ഹീറ്റ് ആന്റ് മോഷന്‍ സെന്‍സറുകള്‍ സ്ഥാപിച്ചു. ഞങ്ങളുടെ ഹോട്ടലുകളിലെ കോണ്‍ഫറന്‍സ്- മീറ്റിംഗ് ഹാളുകളില്‍ പ്രത്യേകിച്ചും. അതേ കെട്ടിടങ്ങളില്‍ മറ്റുള്ളവര്‍ക്കുവേണ്ടി നിര്‍മ്മിച്ച ഭാഗങ്ങളിലും പലസന്ദര്‍ഭങ്ങളിലും സെന്‍സറുകള്‍ സ്ഥാപിച്ചു.’

ന്യൂയോര്‍ക്കില്‍ മാത്രമല്ല രാജ്യം മുഴുവന്‍ അദ്ദേഹത്തിന്റെ സ്ഥാപനം കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തി. ലോസ് ഏഞ്ചല്‍സിലെ സെഞ്ച്വറിസിറ്റിയും ഡെട്രോയിറ്റിലെ റിനൈസാന്‍സ് സെന്ററും അതില്‍പ്പെടും. അംബരചുംബികള്‍ മാത്രമല്ല, സ്‌ക്വയര്‍ ഗാര്‍ഡനുകളും അദ്ദേഹത്തിന്റെ സൃഷ്ടിവൈഭവത്തിനു നിദാനമായി. ന്യൂയോര്‍ക്കിലെ മഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍ എടുത്തു പറയേണ്ട ഒന്നാണ്. അമേരിക്കയിലെ കായികമേഖലയിലും വിനോദരംഗത്തും ഏറെ ശ്രദ്ധേയമായതാണ് ഈ ഗാര്‍ഡന്‍. പരിചിതമായ ഘടകങ്ങള്‍ അനുവര്‍ത്തിക്കുന്ന, നിയതമായ നിര്‍മ്മാണരംഗത്ത് പുത്തന്‍ വെല്ലുവിളികള്‍ അദ്ദേഹം ഏറ്റെടുത്തു. 

വേള്‍ഡ് ട്രേഡ്‌സെന്ററിന്റെ നിര്‍മ്മാണവേളയില്‍ വന്‍തോതില്‍ പല രൂപത്തിലും വിവിധ ഉപയോഗത്തിനുമുള്ള സ്റ്റീല്‍ ആവശ്യമായിവന്നു. പ്രധാന വിതരണക്കാര്‍ അദ്ദേഹം പ്രതീക്ഷിച്ചതിനേക്കാള്‍ നിരക്കാണ് കാണിച്ചിരുന്നത്. അതാകട്ടെ കോണ്‍ട്രാക്ടര്‍മാര്‍ക്കും ഉടമകള്‍ക്കും നിരവധി ബുദ്ധമുട്ടുകള്‍ സൃഷ്ടിച്ചു. ഒരു സപ്ലൈയറെ ആശ്രയിക്കുന്നതിനേക്കാള്‍ അദ്ദേഹവും കരാറുകാരും കൂടി ആ മേഖലയെ ആവശ്യമനുസരിച്ച് വിഭജിച്ചു പ്രശ്‌നം പരിഹരിച്ചു. അതാകട്ടെ പലരും അനുകരിച്ചതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

2001 സെപ്തംബര്‍ 11 നു തീവ്രവാദികള്‍ വിമാനത്തില്‍ വന്ന് ട്രേഡ്‌ സെന്റര്‍ ടവറുകള്‍ തകര്‍ത്തു. 

കണ്‍സ്ട്രക്ഷന്‍ മാനേജുമെന്റ് സ്‌പെഷ്യലിസ്റ്റുകള്‍ ഉടമകളോടൊപ്പം ‘ഒരേമേശയിലിരുന്നാണ് പ്രവര്‍ത്തിച്ചത്’. ‘അല്ലാതെ’ അവര്‍ക്കെതിരെ ഇടപെടുകയായിരുന്നില്ല’ന്നാണ് ടിഷ്മാന്‍ അഭിപ്രായപ്പെട്ടത്. കാര്യങ്ങള്‍ പുരോഗമിക്കുമ്പോള്‍ ടിഷ്മാനും സ്റ്റാഫ് അംഗങ്ങള്‍ക്കും ‘വൈദഗ്ധ്യത്തിനും മേല്‍നോട്ട സേവനങ്ങള്‍’ക്കുമുള്ള ഫീസ് നല്‍കിയിരുന്നു. ടിഷ്മാന്‍ എഴുതി: ‘ഉടമകളുടെ സംഘത്തിന്റെ ഭാഗമെന്ന നിലയ്ക്കാണ് ഞങ്ങളുടെ സ്ഥാപനം പ്രവര്‍ത്തിച്ചത്.’

പത്തൊമ്പതാം നൂറ്റാണ്ടില്‍ പോളണ്ടില്‍ നിന്ന് കുടിയേറിയ ടിഷ്മാന്റെ മുത്തച്ഛനാണ് കമ്പനി സ്ഥാപിച്ചത്. പട്ടിണിയും പരിവട്ടവുമായി യൂറോപ്പില്‍ നിന്നു പലായനം ചെയ്തു മാന്‍ഹാട്ടനിലെ ലോവര്‍ ഈസ്റ്റ്‌ സൈഡില്‍ തമ്പടിച്ചവരുടെ സഹായത്തോടെ ആയിരുന്നുഅത്. നിരവധി കടമ്പകള്‍ കടന്നാണ് കമ്പനി പിറക്കുന്നത്. 

1926 ജനുവരി 24 ന് ന്യൂയോര്‍ക്‌സിറ്റിയില്‍ ജോണ്‍ ലൂയിസ് ടിഷ്മാന്‍ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവും ഇതേ ബിസിനസ്സിലായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ടിഷ്മാന്‍ നേവി ഓഫീസറായി സേവനമനുഷ്ഠിച്ചു. 1946 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണില്‍ നിന്ന് ബിരുദമെടുത്തു. താമസിയാതെ കുടുംബ ബിസിനസില്‍ പ്രവേശിച്ചു. 1976 ല്‍ അദ്ദേഹം കമ്പനിയുടെ ചെയര്‍മാനായി. അദ്ദേഹത്തിന്റെ ഭാര്യ സൂസന്നെ വെയ്‌സ്‌ബെര്‍ഗ് 2005 ല്‍ അന്തരിച്ചു. രണ്ടുമക്കളും മൂന്നു പേരക്കുട്ടികളുമടങ്ങുന്ന കുടുംബം. 

കച്ചവടസ്ഥാപനങ്ങളുടെ മുഖ്യലക്ഷ്യം പണമുണ്ടാക്കുകയാണ്. പക്ഷേ ടിഷ്മാനെ സംബന്ധിച്ച് നേട്ടമെന്നത് സാമ്പത്തികമല്ല. ഉദാഹരണത്തിന്, ആര്‍ക്കും അനുകരിക്കാമെന്ന തരത്തിലുള്ള പുതിയൊരു സീലിംഗ് ടെയില്‍ താനും തന്റെ സഹപ്രവര്‍ത്തകരും വികസിപ്പിച്ചെന്ന് അദ്ദേഹംഎഴുതി. എന്നാല്‍ അത് ലാഭകരമായിരുന്നില്ല. ‘പക്ഷേ ദേശീയതലത്തില്‍ അതിനൊരു നിലവാരമുണ്ടായി എന്നത് ഞങ്ങള്‍ക്ക് സംതൃപ്തി നല്‍കി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍