UPDATES

വിദേശം

വ്യാപാരയുദ്ധം ശക്തമാക്കി യുഎസ്; അമേരിക്കന്‍ കമ്പനികളെല്ലാം ചൈനവിടണമെന്ന് ട്രംപ്, ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ വീണ്ടും വര്‍ധിപ്പിച്ചു

സാമ്പത്തിക മാന്ദ്യത്തേക്കാളും യുഎസിനു നേരിടേണ്ടി വരുന്നത് ചൈനയെയാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ട്രംപിന്റെ ട്വീറ്റുകള്‍.

യുഎസ്-ചൈന വ്യാപാരയുദ്ധം ശക്തമാക്കി കൂടുതല്‍ ചൈനീസ് ഉല്‍പന്നങ്ങളില്‍ വീണ്ടും അധിക തീരുവ ഏര്‍പ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കി. ചൈനയിലെ യുഎസ് കമ്പനികളെല്ലാം തിരികെ എത്തണമെന്നും യുഎസില്‍ തന്നെ ഉല്‍പാദനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ട്രംപ് ചൈനയേയും കടന്നാക്രമിച്ചത്.

സാമ്പത്തിക മാന്ദ്യത്തേക്കാളും യുഎസിനു നേരിടേണ്ടി വരുന്നത് ചൈനയെയാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ട്രംപിന്റെ ട്വീറ്റുകള്‍. പവലാണോ അതോ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ആണോ യഥാര്‍ഥ ശത്രുവെന്നതാണ് തന്റെ ചോദ്യമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന്റെ വികലമായ കച്ചവട നയങ്ങളും, ചൈനയുമായുള്ള തര്‍ക്കവും തുടരുമ്പോള്‍ യുഎസ് സെന്‍ട്രല്‍ ബാങ്ക് ‘പുതിയ വെല്ലുവിളികളാണ്’ നേരിടുന്നതെന്ന് പവല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചൈനയെ യുഎസിന് ആവശ്യമില്ല. അവരില്ലാതെ തന്നെ ഏറെ മുന്നോട്ടു പോകാനും സാധിക്കും. ചൈനയെ ആശ്രയിക്കുന്ന അമേരിക്കന്‍ കമ്പനികളെല്ലാം അതിനു പകരം പുതിയ ഇടം കണ്ടെത്തണം. ഉടന്‍തന്നെ തിരികെയെത്തണം എന്നാണ് ട്രംപ് പറയുന്നത്. അതേസമയം, ചൈനയില്‍ നിന്ന് പുറത്തുപോകാന്‍ യുഎസ് കമ്പനികളെ നിര്‍ബന്ധിക്കാന്‍ പ്രസിഡന്റിന് നിയമപരമായ അധികാരമില്ല. അതുകൊണ്ടുതന്നെ എങ്ങനെ ഈ ഉത്തരവ് നടപ്പാക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല.

കഴിഞ്ഞ ദിവസം കൂടുതല്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളില്‍ അധിക തീരുവ ഏര്‍പ്പെടുത്താന്‍ ചൈന തീരുമാനിച്ചത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. കൂടാതെ യുഎസിലേക്കുള്ള സിന്തറ്റിക് ഒപിയോയിഡ് കയറ്റുമതി അവസാനിപ്പിക്കുമെന്ന് ചൈന ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ വാഗ്ദാനം ചൈന ലംഘിച്ചുവെന്നാണ് ട്രംപ് പറയുന്നത്.

‘ഇക്കണ്ട കാലത്തിനിടെ മണ്ടത്തരം കാരണം യുഎസിന്റെ കോടിക്കണക്കിനു ഡോളറാണ് ചൈന സ്വന്തമാക്കിയത്. യു.എസിന്റെ ബുദ്ധി മോഷ്ടിച്ചാണ് ചൈന കോടികളുടെ ലാഭം ഓരോ വര്‍ഷവുമുണ്ടാക്കുന്നത്. അവരത് തുടരുകയുമാണ്’ എന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

Read: അമസോണ്‍ കാട്ടുതീ: ബ്രസീല്‍ ഭരണകൂടം സ്വീകരിക്കുന്നത് ആത്മഹത്യപാത, ജി-7 രാഷ്ട്ര തലവന്മാര്‍ അടിയന്തര ചര്‍ച്ചയ്ക്ക്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍