UPDATES

വിദേശം

ട്രംപ് റഷ്യയുടെ സ്വാധീനത്തിൽ വീണു? എഫ്ബിഐ അന്വേഷണം നടത്തിയെന്ന് റിപ്പോർട്ട്; പത്രത്തെ ‘ദുരന്തം’ എന്നു വിശേഷിപ്പിച്ച് ട്രംപ്

താൻ റഷ്യയുമായി ചേർന്ന് അമേരിക്കൻ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവോയെന്നറിയാൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻ‌വെസ്റ്റിഗേഷൻസ് ഒരന്വേഷണം തുടങ്ങിവെച്ചിരുന്നെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിനെ ശക്തമായി അപലപിച്ച് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് രംഗത്ത്. ഫോക്സ് ന്യൂസിന് നൽകിയ 20 മിനിറ്റ് ദൈർഘ്യമുള്ള ഒരു ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ന്യൂയോർക്ക് ടൈംസിലെ വാർത്ത തന്നെ അപമാനിക്കാൻ സൃഷ്ടിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ന്യൂയോർക്ക് ടൈംസ് പത്രത്തെ ‘ദുരന്തം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു ട്രംപ്.

ജനുവരി 11നാണ് ഈ റിപ്പോർട്ട് ന്യൂയോർക്ക് ടൈംസിൽ വന്നത്. ഇതിനു പിന്നാലെ ജനുവരി 12ന് തനിക്കെതിരായ ആരോപണത്തെ നിഷേധിച്ച് ട്രംപ് ട്വീറ്റ് ചെയ്തു. വളരെ മോശപ്പെട്ട കാരണങ്ങളുടെ അടിസ്ഥാനത്തിൽ എഫ്ബിഐയിൽ നിന്നും നീക്കം ചെയ്യപ്പെട്ട അഴിമതിക്കാരായ മുൻ ഉദ്യോഗസ്ഥർ, നുണയനായ ജെയിംസ് കോമിയെ താൻ പുറത്താക്കിയതിനു ശേഷം തനിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നെന്നാണ് വൻ തോൽവിയായി മാറിക്കൊണ്ടിരിക്കുന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നതെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. തനിക്കെതിരായി ഇത്തരമൊരു അന്വേഷണം നടത്താൻ ഒരു കാരണവും തെളിവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണോയെന്ന അന്വേഷണമാണ് ഉദ്യോഗസ്ഥർ തുടങ്ങി വെച്ചതെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു. എന്നാൽ ഇതിനെ പൂർണമായും നിഷേധിച്ച് വൈറ്റ് ഹൈസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് രംഗത്തു വന്നു. രാഷ്ട്രീയ പക്ഷപാതപരമായ നിലപാടുകളെടുത്തതു കൊണ്ടാണ് ജയിംസ് കോമിയെ ട്രംപ് നീക്കം ചെയ്തത്. അദ്ദേഹത്തിന്റെ നുണപറച്ചിലിൽ ഖ്യാതിയുള്ള ഡെപ്യൂട്ടി ആൻഡ്ര്യൂ മക്ബീയെയും നീക്കി. പ്രസിഡണ്ട് ഒബാമയുടെ കാലത്തെപ്പോലെ റഷ്യക്ക് അമേരിക്കയിൽ സ്വാധീനം ചെലുത്താനുള്ള അവസരം ട്രംപ് നൽകുന്നില്ലെന്നും അദ്ദേഹം വളരെ കാർക്കശ്യത്തോടെയാണ് റഷ്യയെ കൈകാര്യം ചെയ്യുന്നതെന്നും സാൻഡേഴ്സ് വ്യക്തമാക്കി.

രണ്ട് കാര്യങ്ങളാണ് എഫ്ബിഐയുടെ അന്വേഷണപരിധിയിൽ വന്നിരുന്നതെന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്. അമേരിക്കയുടെ താൽപര്യത്തിന് വിരുദ്ധമായി റഷ്യയുടെ സ്വാധീനത്തിൽ അറിഞ്ഞോ അറിയാതെയോ ട്രംപ് പെടുകയും ദേശവിരുദ്ധമായ നീക്കങ്ങൾക്ക് കൂട്ടു നിൽക്കുകയും ചെയ്തിരുന്നുവോ എന്നതായിരുന്നു അവയിലൊന്ന്. ജയിംസ് കോമിയെ നീക്കം ചെയ്തത് നീതിനിഷേധമായിരുന്നോ എന്ന ക്രിമിനൽ അന്വേഷണമായിരുന്നു മറ്റൊന്ന്.

അമേരിക്കൻ കോൺഗ്രസ്സിലെ ഒരു വാദം കേൾക്കലിൽ കോമി തനിക്കുണ്ടായ ചില ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു. വിധേയത്വം കാണിക്കുന്നവരെയാണ് തനിക്ക് വേണ്ടതെന്ന് ട്രംപ് പറഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു. പ്രസിഡണ്ടിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കേൽ ഫ്ലിന്നിനെതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന ആവശ്യവും ട്രംപ് തന്നോട് ഉന്നയിച്ചതായി ആരോപിക്കപ്പെട്ടു. ഇതേ ഫ്സിൻ‌ തന്നെയാണ് പിന്നീട് തനിക്ക് റഷ്യൻ അംബാസഡറുമായുള്ള ബന്ധത്തെക്കുറിച്ച് നുണ പറയുകയായിരുന്നെന്ന് കുറ്റസമ്മതം നടത്തിയത്.

തങ്ങളുടെ ഈ അന്വേഷണം പക്ഷെ എഫ്ബിഐക്ക് സ്വന്തം നിലയിൽ പൂര്‍ത്തിയാക്കാനായില്ല. ഇതിനിടയിലാണ് ട്രംപിന്റെ 2016 പ്രചാരണവും അതിലെ റഷ്യൻ ബന്ധങ്ങളും അന്വേഷിക്കാൻ റോബർട്ട് മ്യുള്ളറുടെ അന്വേഷണം നിലവിൽ വന്നത്. എഫ്ബിഐ അന്വേഷണം മ്യുള്ളറുടെ അന്വേഷണത്തിൻകീഴിലേക്ക് മാറ്റപ്പെടുകയായിരുന്നു. കോമിയെ പുറത്താക്കിയതിനു ശേഷമാണ് മ്യുള്ളറുടെ അന്വേഷണം നിലവിൽ വന്നത്.

നിലവിൽ യുഎസ്സിൽ ‘സർക്കാർ പ്രവൃത്തി സ്തംഭനം’ നടക്കുകയാണ്. (സർക്കാർ പ്രവര്‍ത്തനങ്ങൾക്കാവശ്യമായ ഫണ്ട് കോൺഗ്രസ്സിൽ പാസ്സാകാതിരിക്കുകയോ പ്രസിഡണ്ട് ഒപ്പിടാൻ വിസമ്മതിക്കുകയോ ചെയ്യുമ്പോഴാണ് പ്രവർത്തന സ്തംഭനം നിലവിൽ വരാറുള്ളത്. ഇത്തവണ തന്റെ ‘സ്വപ്നപദ്ധതി’യായ അതിർത്തിയിലെ മതിൽ കെട്ടലിനുള്ള ഫണ്ട് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ‘അതിർത്തിയിലെ സുരക്ഷയ്ക്കു വേണ്ടി താൻ പ്രവർത്തന സ്തംഭനം’ നടപ്പാക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്. 380,000 ഫെഡറൽ ജീവനക്കാർ ശമ്പളമില്ലാതെ വീടുകളിലിരിപ്പാണ്. 420,000 പേർ വരുന്ന അവശ്യ സേവന ജീവനക്കാരാകട്ടെ ശമ്പളമില്ലാതെ പണിയെടുക്കുകയാണ്.) യുഎസ്സിന്റെ ചരിത്രത്തിലെ ഏറ്റവും ദീർഘമായ പ്രവൃത്തി സ്തംഭനമായി ഇത് മാറിയിട്ടുണ്ട്. 25ാം ദിവസത്തോടടുക്കുകയാണ്. ഡെമോക്രാറ്റുകൾക്ക് ഇനിയും ‘ബോധം വെച്ചില്ലെങ്കിൽ’ ഇതിനെ ദേശീയ അടിയന്തിരാവസ്ഥയാക്കി മാറ്റുമെന്ന് ട്രംപിന്റെ പുതിയ ഭീഷണിയും ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള എല്ലാ അവകാശവും തനിക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് പ്രസിഡണ്ടുമാർ ഇതിനെക്കാൾ പ്രാധാന്യം കുറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. 5.7 ബില്യൺ ഡോളറാണ് ട്രംപ് അതിർത്തിയിൽ മതിൽ പണിയാനായി ആവശ്യപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍