UPDATES

വിദേശം

വൻ കുടിയേറ്റ സംഘങ്ങൾ മെക്സിക്കോയിലേക്ക്; 15,000 സൈനികരെ യുഎസ്-മെക്സിക്കൻ അതിർത്തിയിലേക്ക് അയയ്ക്കാൻ ട്രംപ്

ആയിരക്കണക്കിനാളുകളടങ്ങിയ കുടിയേറ്റക്കാരുടെ സംഘങ്ങൾ മെക്സിക്കോയുടെ വടക്കൻ പ്രദേശങ്ങളിലെത്തിയെന്ന റിപ്പോർട്ടുകള്‍ വരുന്നുണ്ട്.

അനധികൃത കുടിയേറ്റം തടയാൻ യുഎസ്-മെക്സിക്കൻ അതിർത്തിയിലേക്ക് 15,000 സൈനികരെ അയയ്ക്കുമെന്ന് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തതിന്റെ പശ്ചാത്തലത്തിൽ കുടിയേറ്റ വിരുദ്ധ നിലപാടുകൾ ഉന്നയിക്കുകയാണ് ട്രംപ്. കുടിയേറ്റക്കാരുടെയും വിദേശികളുടെയും കുട്ടികൾക്ക് അമേരിക്കൻ പൗരത്വം നിഷേധിക്കുന്ന ഉത്തരവ് തന്റെ ഓഫീസ് തയ്യാറാക്കി വരികയാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസങ്ങളിൽ കുടിയേറ്റ വിരുദ്ധ തരംഗം ഉയർത്താനുള്ള നീക്കങ്ങൾ ട്രംപ് ശക്തമാക്കിയിരുന്നു.

ആയിരക്കണക്കിനാളുകളടങ്ങിയ കുടിയേറ്റക്കാരുടെ സംഘങ്ങൾ മെക്സിക്കോയുടെ വടക്കൻ പ്രദേശങ്ങളിലെത്തിയെന്ന റിപ്പോർട്ടുകള്‍ വരുന്നുണ്ട്. ബുധനാഴ്ച യുഎസ് ടുഡേയിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം രണ്ടായിരത്തിനും മുവ്വായിരത്തിനുമിടയിൽ ആളുകളടങ്ങിയ ഒരു സംഘം ഗ്വാട്ടിമാലയില്‍ നിന്നും വടക്കൻ മെക്സിക്കോയിലെ ഹ്യൂക്സ്റ്റ്‌ല പ്രദേശത്തെത്തിയിട്ടുണ്ട്. മറ്റൊരു സംഘം ഹോണ്ടുറാസിൽ നിന്നും പുറപ്പെട്ട് മെക്സിക്കോയിലെത്തിച്ചേർന്നിട്ടുണ്ട്.

രണ്ടുദിവസം മുമ്പാണ് ട്രംപ് 5200 സൈനികരെ അതിർത്തിയിലേക്ക് അയയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. കുടിയേറ്റ സംഘങ്ങളുടെ എണ്ണം കൂടുന്നതു സംബന്ധിച്ച റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ അയയ്ക്കാനുദ്ദേശിക്കുന്ന സൈനികരുടെ എണ്ണവും കൂട്ടുകയാണ് പ്രസിഡണ്ട്.

“ഒരാളും ഉള്ളിൽ വരാൻ പോകുന്നില്ല; ആരെയും അകത്തു കയറ്റില്ല” -ട്രംപ് വൈറ്റ് ഹൗസിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. “അവർ അതിവേഗം ഇവിടെയെത്തും. ട്രെയിനുകളും ബസ്സുകളും ട്രക്കുകളും മറ്റും പിടിച്ച് വേഗത്തിലെത്താനാണ് അവർ ശ്രമിക്കുന്നത്. നമ്മൾ തയ്യാറെടുക്കാൻ പോകുകയാണ്. നമ്മുടെ രാജ്യത്തേക്ക് അവർ കടക്കില്ല.”

അതെസമയം ട്രംപ് ഉദ്ദേശിക്കുന്ന കുടിയേറ്റക്കാരുടെ സംഘം ആയിരത്തോളം മൈൽ അകലെയാണുള്ളതെന്നും അവർ യുഎസ് അതിർത്തിയിലെത്താൻ ആഴ്ചകളെടുക്കുമെന്നും ദി ഗാർഡിയന്റെ റിപ്പോർ‌ട്ട് ചൂണ്ടിക്കാട്ടുന്നു. ഹോണ്ടുറാസിൽ നിന്നും 3500 പേരുടെ സംഘം പുറപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. ഇവരിപ്പോൾ മെക്സിക്കോയിലാണുള്ളത്. യുഎസ് അതിർത്തിയിൽ നിന്നും 1600 കിലോമീറ്റർ അകലെയുള്ള പ്രദശത്താണ് ഇവരിപ്പോഴുള്ളത്.

ട്രംപിന്റെ പുതിയ നീക്കത്തെ വിമർശിച്ച് മനുഷ്യാവകാശ പ്രവർത്തകർ എത്തിയിട്ടുണ്ട്. ഇല്ലാത്ത പ്രതിസന്ധി ഉന്നയിക്കുന്ന ട്രംപ് ഒരു വംശീയ പദ്ധതി തയ്യാറാക്കുകയാണെന്നും സർക്കാരിന്റെ പണം ഉത്തരവാദിത്വമില്ലാതെ ചെലവാക്കാൻ പോകുകയാണെന്നും അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ബോർഡർ റൈറ്റ്സ് സെന്റർ പറഞ്ഞു.

മധ്യ അമേരിക്കൻ കുടിയേറ്റങ്ങൾ

മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ വരവ് കൂടിയിട്ടുണ്ട് ഇപ്പോൾ. പുതിയ സംഘങ്ങളിലൊന്ന് ഗ്വാട്ടിമാലയിൽ നിന്നുള്ളവരാണെന്നാണ് അറിയുന്നത്. യുഎസ്സിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്ന രാജ്യക്കാരിൽ പത്താംസ്ഥാനത്താണ് ഗ്വാട്ടിമാല. 70കളിൽ തുടങ്ങി രണ്ടരപ്പതിറ്റാണ്ടോളം നീണ്ടു നിന്ന ആഭ്യന്തര യുദ്ധങ്ങളാണ് ഗ്വാട്ടിമാലയിൽ നിന്നുള്ള കുടിയേറ്റത്തിന് ആദ്യകാരണമായത്. 1996ൽ ആഭ്യന്തര യുദ്ധത്തിന് അവസാനമായെങ്കിലും ജനങ്ങളുടെ ഭൂമിയും മറ്റും കോർപ്പറേറ്റുകളുടെ അധീനതയിൽ പെട്ടിരുന്നു. സാമ്പത്തിക വളർച്ചയും വികസനവും ചൂണ്ടിക്കാട്ടി സർക്കാര്‍ നടപ്പാക്കിയ നയങ്ങൾ ഭൂമി കോർ‌പ്പറേറ്റുവൽക്കരിക്കാനാണ് ഉപകരിച്ചത്. ജനങ്ങൾ ജീവിതം തേടി പലായനം തുടരുകയും ചെയ്യുന്നു.

ഹോണ്ടുറാസിൽ നിന്നുള്ള കുടിയേറ്റ സംഘം

ഹോണ്ടുറാസ്, എൽ സാൽവദോർ എന്നീ മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും കുടിയേറ്റങ്ങൾ ശക്തമാണ്. 160 ഹോണ്ടുറാസുകാർ സാൻ പെദ്രോ പട്ടണത്തിൽ നിന്നും ഒക്ടോബർ 12ന് തുടങ്ങിയ പലായനം ഇപ്പോഴൊരു വൻ പ്രസ്ഥാനമായി മാറിയിരിക്കുന്നു. ഈ സംഘത്തിൽ പോകെപ്പോകെ ആളുകൾ കൂടുതൽ ചേർന്നു. ഒക്ടോബർ 15 ആയപ്പോഴേക്ക് സംഘം 1600 പേരുടേതായി മാറിയെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു. മെക്സിക്കോയിലോ യുഎസ്സിലോ അഭയം പ്രാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. മെക്സിക്കോയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം മഴയും വെയിലും കൊണ്ട് ക്ഷീണിച്ചവശരായാണ് ഇവർ എത്തിയിരിക്കുന്നത്.

ചില റിപ്പോർട്ടുകൾ പറയുന്നത് ഈ സംഘത്തിൽ 7,322 പേരുണ്ടെന്നാണ്. എന്നാൽ ഇത് തെറ്റായ കണക്കാണെന്നും മുവ്വായിരത്തിച്ചില്വാനം പേരാണ് ഉള്ളതെന്നും മറ്റുചില റിപ്പോർട്ടുകൾ പറയുന്നു.

പുറത്തുള്ളവർക്ക് ഭാവന ചെയ്യാൻ പോലും കഴിയാത്തവിധം അക്രമങ്ങൾ നിറഞ്ഞ രാജ്യമായി ഹോണ്ടുറാസ് മാറിയിട്ടുണ്ട്. ‘കൊലപാതകങ്ങളുടെ തലസ്ഥാനം’ എന്ന വിശേഷണം പോലും ഈ മധ്യ അമേരിക്കന്‍ രാജ്യത്തിന് കിട്ടിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍