UPDATES

വിദേശം

‘ട്രംപ് ഹൈറ്റ്സ്’: ഇസ്രായേൽ നിർമിക്കുന്ന പുതിയ പാർപ്പിട കേന്ദ്രത്തിന് അമേരിക്കൻ പ്രസിഡണ്ടിന്റെ പേരിട്ടു

2,000 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം 1967-ലെ ആറ് ദിവസ യുദ്ധത്തിനൊടുവില്‍ ഇസ്രയേല്‍ പിടിച്ചെടുക്കുകയായിരുന്നു.

ഗോലാൻ കുന്നുകളില്‍ ഇസ്രയേല്‍ നിര്‍മ്മിക്കുന്ന പുതിയ ജൂത ദേശത്തിന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ പേരിട്ടു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യാഹുവാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ സെറ്റില്‍മെന്റ് ‘ട്രംപ് ഹൈറ്റ്സ്’ എന്ന് അറിയപ്പെടും.

ലബനാന്‍, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സിറിയന്‍ ഭൂപ്രദേശമായിരുന്നു ഗോലാൻ കുന്നുകള്‍. ഈ പ്രദേശം ഇസ്രയേല്‍ തട്ടിയെടുക്കുകയായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് ഇസ്രായേലിന്റെ പുതിയ നീക്കം. ജൂലാന്‍ കുന്നുകള്‍ ഇസ്രായേലിന്റെ ഭാഗമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തിന്മേലുള്ള ഇസ്രയേലിന്റെ പരമാധികാരത്തെ അംഗീകരിച്ചതിലുള്ള ബഹുമാനാര്‍ത്ഥമാണ് സെറ്റില്‍മെന്‍റിന് ട്രംപ് ഹൈറ്റ്സ് എന്ന് നാമകരണം ചെയ്യുന്നതെന്ന് നെതാന്യാഹു പറഞ്ഞു.

നിയമപരമായി യാതൊരുവിധ അധികാരമില്ലാത്ത ഒരു പ്രദേശമായതിനാല്‍ ഇത് വെറുമൊരു പബ്ലിസിറ്റി സ്റ്റണ്ടു മാത്രമാണെന്നാണ് ഈ നടപടിയെ വിമർശകർ വിശേഷിപ്പിച്ചത്. ഞായറാഴ്ച പ്രദേശത്ത് ഇസ്രെയേലി ക്യാബിനറ്റ് യോഗം ചേര്‍ന്നിരുന്നു. ട്രംപ് ഹൈറ്റ്സ് എന്ന ഭീമൻ ബിൽബോര്‍ഡ് അവിടെ സ്ഥാപിച്ചിട്ടുണ്ട്. നിര്‍മ്മാണപ്രവര്‍ത്തികള്‍ ഒന്നുംതന്നെ തുടങ്ങിയിട്ടില്ല. ആദ്യഘട്ടത്തില്‍ ഈ വര്‍ഷംതന്നെ നൂറു വീടുകള്‍ നിര്‍മ്മുക്കുമെന്നും അത് വൈകാതെ 400 വീടുകളാക്കി ഉയര്‍ത്താമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രയേലി ഗൊലാൻ റീജിയൻ കൗൺസിലിന്റെ തലവനായ ഹെയ്ം റൊകാച് പറഞ്ഞു. അംഗീകാരത്തിനായി നിരവധി പേരുകള്‍ സർക്കാർ കമ്മിറ്റിക്ക് സമർപ്പിക്കപ്പെട്ടിരുന്നു. ‘ട്രംപ് ഒയാസിസ്’, ‘ട്രംപ് സോള്‍’ തുടങ്ങിയവയാണ് പ്രാധനാമായും പരിഗണിച്ചിരുന്ന മറ്റു പേരുകള്‍.

2,000 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം 1967-ലെ ആറ് ദിവസ യുദ്ധത്തിനൊടുവില്‍ ഇസ്രെയേല്‍ പിടിച്ചെടുക്കുകയായിരുന്നു. യുദ്ധത്തിൽ 130,000 സിറിയക്കാർ പലായനം ചെയ്യുകയോ, നിര്‍ബന്ധിച്ചു കുടിയിറക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. യുദ്ധാനന്തരം അവരെ തിരികെ പ്രദേശത്തേക്ക് കയറ്റിയില്ല. കൃഷിയിടങ്ങളും വീടുകളും തകര്‍ക്കപ്പെട്ടു. അതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെത്തന്നെയുണ്ട്. അവശേഷിക്കുന്ന ആയിരക്കണക്കിന് സിറിയക്കാർക്ക് ഇസ്രായേൽ സർക്കാർ പൗരത്വം വാഗ്ദാനം ചെയ്തു. പക്ഷേ മിക്കവരും അത് നിരസിച്ചു. ഇസ്രായേൽ അവിടെ സൈനിക കേന്ദ്രവും നിർമ്മിച്ചിട്ടുണ്ട്.

ഗാസാ മുനമ്പ്, സീനായ് പ്രവിശ്യ എന്നിവ ഈജിപ്തില്‍ നിന്നും കിഴക്കന്‍ ജറൂസലം അടങ്ങുന്ന വെസ്റ്റ്ബാങ്ക് ജോര്‍ദാന്റെ നിയന്ത്രണത്തില്‍ നിന്നും ഇസ്രയേല്‍ പിടിച്ചടക്കിയതും 1967-ലെ യുദ്ധത്തിലായിരുന്നു. 1981-ല്‍ ഗോലാൻ ഹൈറ്റ്‌സ് ‘നിയമപരമായി’ ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കുകയും അവിടെ ജൂത കുടിയേറ്റം ആരംഭിക്കുകയും ചെയ്തു. അന്താരാഷ്ട്ര നിയമമനുസരിച്ച് ഈ നടപടികളെല്ലാം അസാധുവാണെന്ന് യു.എന്‍ പ്രമേയം കൃത്യമായി വ്യക്തമാക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍