UPDATES

വിദേശം

പുടിനുമായി ട്രംപ് രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു: വൈറ്റ് ഹൗസിന്റെ സ്ഥിരീകരണം

അന്താരാഷ്ട്ര കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ യുറേഷ്യ ഗ്രൂപ്പിന്റെ പ്രസിഡന്റ് ഇയാന്‍ ബ്രെമ്മറാണ് കൂടിക്കാഴ്ചയുടെ വിവരം ആദ്യം പുറത്തുവിട്ടത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഔദ്യോഗിക ചര്‍ച്ചയ്ക്ക് ശേഷം ഇരുവരും വീണ്ടും കണ്ടിരുന്നു എന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. ജര്‍മ്മനിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ജൂലായ് ഏഴിന് ഇരു നേതാക്കളും ഔദ്യോഗിക ചര്‍ച്ച നടത്തിയിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപ്പെട്ടതായുള്ള ആരോപണം പുടിന്‍ നിഷേധിച്ചതായാണ് ട്രംപ് പറഞ്ഞത്. ചര്‍ച്ചയില്‍ പുടിന്‍ മേധാവിത്തം പുലര്‍ത്തിയെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍.

അന്താരാഷ്ട്ര കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ യുറേഷ്യ ഗ്രൂപ്പിന്റെ പ്രസിഡന്റ് ഇയാന്‍ ബ്രെമ്മറാണ് കൂടിക്കാഴ്ചയുടെ വിവരം ആദ്യം പുറത്തുവിട്ടത്. ജി 20 രാജ്യങ്ങളിലെ നേതാക്കളും അവരുടെ പങ്കാളികളും അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു. ട്രംപ് പുടിന്റെ അടുത്ത് ചെന്നിരിക്കുകയും ഒരു മണിക്കൂറോളം സംസാരിക്കുകയും പുടിന്റെ പരിഭാഷകന്‍ അവരെ സഹായിച്ചു. ജി 20 രാജ്യത്തലവന്മാരില്‍ പുടിനുമായാണ് ട്രംപിന് ഏറ്റവുമധികം അടുപ്പമുള്ളതെന്ന് ഇയാന്‍ ബ്രെമ്മര്‍ പറഞ്ഞു. വൈറ്റ് ഹൗസ് ഇക്കാര്യം പുറത്തുവിടുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അതുണ്ടാകാത്തത് കൊണ്ടാണ് പറയേണ്ടി വന്നതെന്നും ബ്രെമ്മര്‍ പറഞ്ഞിരുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് റഷ്യന്‍ ഇടപെടലെന്ന ആരോപണത്തില്‍ വൈറ്റ് ഹൗസ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറും രണ്ട് കോണ്‍ഗ്രസ് കമ്മിറ്റികളുമാണ് അന്വേഷണങ്ങള്‍ നടത്തുന്നത്.

അതേസമയം രഹസ്യചര്‍ച്ചയൊന്നുമല്ല നടന്നതെന്നും അത്താഴവിരുന്നിന് ശേഷം അനൗപചാരിക കൂടിക്കാഴ്ച മാത്രമാണ് ഇരുവരും തമ്മിലുണ്ടായതെന്നുമാണ് വൈറ്റ ഹൗസിന്റെ വിശദീകരണം. ട്രംപും ആരോപണം തള്ളിക്കൊണ്ട് ട്വിറ്ററിലൂടെ രംഗത്തെത്തി.
ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ റഷ്യന്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തുകയും റഷ്യന്‍ ഗവണ്‍മെന്റില്‍ നിന്ന് ഹിലരി ക്ലിന്റനെപ്പറ്റിയുള്ള രഹസ്യവിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരിയുടെ പ്രചാരണത്തെ തകര്‍ക്കാന്‍ സഹായകമാ വിവരങ്ങള്‍ റഷ്യന്‍ അധികൃതരില്‍ നിന്ന് ട്രംപ് ക്യാമ്പ് സ്വീകരിച്ചിരുന്നതായി ട്രംപ് ജൂനിയറിന്റെ ഇ മെയിലുകള്‍ വ്യക്തമാക്കിയിരുന്നു.

ട്രംപ് ഒരിക്കല്‍ പോലും പുടിനെ വിമര്‍ശിച്ചിട്ടില്ലെന്ന് ഇയാന്‍ ബ്രെമ്മര്‍ ചൂണ്ടിക്കാട്ടുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ഇത്തരമൊരു സൗഹൃദബന്ധം ഇന്നേവരെ ഉണ്ടായിട്ടില്ല. ചൈനാ നയത്തില്‍ ട്രംപിന് സ്ഥിരതയില്ല. നാറ്റോ നയത്തിലും ഇങ്ങനെ തന്നെ. ഏത് രാജ്യവുമായുള്ള വിദേശനയത്തിലും രണ്ട് തോണിയില്‍ കാലിട്ട് നില്‍ക്കുന്നു. എന്നാല്‍ റഷ്യയുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ഇത് മനസിലാകുന്നില്ല – ബ്രെമ്മര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍