UPDATES

വിദേശം

അഫ്ഗാൻ യുദ്ധത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ ജയിക്കാമായിരുന്നെന്ന് ട്രംപ്; പാകിസ്താനുള്ള ബില്യൺ ഡോളർ സഹായധനം പുനഃസ്ഥാപിക്കും

അമേരിക്ക താലിബാനുമായി നടത്തുന്ന ചര്‍ച്ചകളില്‍ ഇസ്ലാമാബാദിന്റെ പിന്തുണയുണ്ടെന്നും ട്രംപ് പറഞ്ഞു.

അഫ്ഗാന്‍ യുദ്ധത്തില്‍ വേണമെങ്കില്‍ ‘ഒരാഴ്ചയ്ക്കുള്ളിൽ’ തന്നെ വിജയിക്കാമായിരുന്നെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എന്നാല്‍, ‘ഭൂമിയില്‍ നിന്നും ആ രാജ്യത്തെ തുടച്ചുനീക്കാന്‍’ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതെസമയം കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ സര്‍ക്കാരും ക്ഷണിച്ചിച്ചിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍ ആ വാദത്തെ ഇന്ത്യ തള്ളുകയും ചെയ്തു.

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം. പാകിസ്താന് നല്‍കിയിരുന്ന ഒരു ബില്യൺ ഡോളര്‍ സഹായധനം കഴിഞ്ഞവര്‍ഷം ട്രംപ് നിര്‍ത്തലാക്കിയിരുന്നു. സ്വന്തം മണ്ണിലെ തീവ്രവാദത്തിനെതിരെ ഇസ്ലാമാബാദ് നടപടികളെടുക്കുന്നതു വരെ സഹായധനം നല്‍കില്ലെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. അത് പുനസ്ഥാപിക്കുക എന്നതാണ് ഇമ്രാന്‍ഖാന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
‘പാക്കിസ്താൻ നമുക്ക് വേണ്ടി ഒന്നും ചെയ്തിരുന്നില്ല എന്നതാണ് പ്രധാനം. അവര്‍ എല്ലാം അട്ടിമറിക്കുകയായിരുന്നു. സത്യത്തില്‍, പണം നല്‍കിയിരുന്ന കാലത്തേക്കാള്‍ ഇപ്പോൾ പാകിസ്താനുമായി മികച്ച ബന്ധമുണ്ടെന്ന് ഞാൻ കരുതുന്നു. അതുകൊണ്ട്, അത് പുനസ്ഥാപിച്ചേക്കാം’- ട്രംപ് പറഞ്ഞു.

അമേരിക്ക താലിബാനുമായി നടത്തുന്ന ചര്‍ച്ചകളില്‍ ഇസ്ലാമാബാദിന്റെ പിന്തുണയുണ്ടെന്നും ട്രംപ് പറഞ്ഞു. ‘അഫ്ഗാനില്‍നിന്നും പിന്മാറാന്‍ പാക്കിസ്താൻ ഞങ്ങളെ സഹായിക്കും. ഞങ്ങൾ പോലീസുകാരെപ്പോലെയാണ്. ഞങ്ങൾ യുദ്ധം ചെയ്യുന്നില്ല. അഫ്ഗാനിസ്ഥാനിൽ ഒരു യുദ്ധം ചെയ്ത് വിജയിക്കണമെങ്കില്‍ അത് എന്നേ ആകാമായിരുന്നു. പക്ഷെ 10 ദശലക്ഷം മനുഷ്യരെ കൊന്നുകൊണ്ട് ആ രാജ്യത്തെതന്നെ ഭൂമിയില്‍ നിന്നും തുടച്ചുനീക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ വഴിയെ പോകാനല്ല ഞാന്‍ ഉദ്ദേശിക്കുന്നത്’- ട്രംപ് കൂട്ടിച്ചേര്‍ത്തു.

വരുംദിവസങ്ങളിൽ സമാധാന ചര്‍ച്ചകളിലേക്ക് താലിബാൻ തിരികെവരുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു. അഫ്ഗാനിസ്ഥാനിലെ സമാധാന ചർച്ചകൾക്ക് സൗകര്യമൊരുക്കാൻ പാകിസ്താൻ ശ്രമം നടത്തിയിട്ടുണ്ടെന്നും, ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവരോട് ആവശ്യപ്പെടുമെന്നും വൈറ്റ്‌ഹൗസ്‌ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പാകിസ്താനും അമേരിക്കയും തമ്മിലുള്ള വ്യാപാരമേഖലയിലെ സഹകരണവും തെക്കേ ഏഷ്യയിലും അഫ്ഗാനിസ്ഥാനിലും സമാധാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുമാണ് ട്രംപ്-ഇമ്രാൻ കൂടിക്കാഴ്ചയിൽ പ്രധാനമായും ചര്‍ച്ച ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍