UPDATES

വിദേശം

150 പേര്‍ കൊല്ലപ്പെടുമെന്നോര്‍ത്ത് ഇറാനെതിരെയുള്ള വ്യോമാക്രമണം നിര്‍ത്തിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

അതെസമയം, ആക്രമണം വേണ്ടെന്നു വെച്ചതില്‍ തീവ്ര റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ക്ക് എതിര്‍പ്പുണ്ടെന്ന് അറിയുന്നു.

വെള്ളിയാഴ്ച രാവിലെ ഇറാനില്‍ മൂന്നിടങ്ങളില്‍ യുഎസ് സൈന്യം വ്യോമാക്രമണത്തിന് തയ്യാറെടുത്തിരുന്നെങ്കിലും അത് താന്‍ ഇടപെട്ട് തടഞ്ഞെന്ന് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. 150 പേര്‍ കൊല്ലപ്പെടുമെന്ന് അറിഞ്ഞതോടെ പത്തു മിനിറ്റിനിടയില്‍ സൈന്യത്തിന്റെ നീക്കത്തെ താന്‍ തടയുകയായിരുന്നു.

ഇന്ന് രാവിലെ ട്രംപ് ട്വീറ്റുകളിലൂടെയാണ് ഈ സംഭവവിവരണം നടത്തിയത്. യുഎസ് ചാര ഡ്രോണ്‍ വെടിവെച്ചിട്ട നടപടിക്ക് ആനുപാതികമായ മറുപടിയല്ല ഇതെന്ന് തോന്നിയതിനാലാണ് ആക്രമണം വേണ്ടെന്നു വെച്ചതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസമാണ് അമേരിക്കന്‍ സൈന്യത്തിന്റെ ചാര ഡ്രോണ്‍ തങ്ങളുടെ തീരത്തെത്തിയപ്പോള്‍ ഇറാന്‍ വെടിവെച്ച് വീഴ്ത്തിയത്.

ട്രംപിന്റെ ട്വീറ്റ് മധ്യേഷ്യയിലെ സ്ഥിതിഗതികള്‍ ഏറെ കടുത്തതാകുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്.

“ഞങ്ങള്‍ കഴിഞ്ഞ രാത്രിയില്‍ മൂന്നിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. ‘എത്ര പേര്‍ മരിക്കും?’ എന്ന് ഞാന്‌ ചോദിച്ചു. ‘150 പേര്‍ സര്‍’ എന്നായിരുന്നു ഒരു ജനറലിന്റെ മറുപടി. ആക്രമണത്തിനു പത്തു മിനിറ്റ് മുമ്പ് ഞാനത് തടഞ്ഞു. ഒരു ആളില്ലാ വിമാനം വെടിവെച്ചിട്ടതിന് ആനുപാതികമല്ല അതെന്ന് തോന്നി,” ട്രംപ് ട്വീറ്റ് ചെയ്തു.

തനിക്ക് ആക്രമണം നടത്താന്‍ തിരക്കൊന്നുമില്ലെന്ന് ട്രംപ് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും സുസജ്ജമായ സൈന്യമാണ് യുഎസ്സിനുള്ളത്. കൂടുതല്‍ കടുത്ത ഉപരോധങ്ങള്‍ കഴിഞ്ഞ രാത്രിയില്‍ ഏര്‍പ്പെടുത്തി. ഇറാന് ആണവായുധം ഒരുകാലത്തും സ്വന്തമാക്കാനാകില്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

അതെസമയം, പുതിയ ഉപരോധങ്ങളൊന്നും യുഎസ് ഇറാനു മേല്‍ ചുമത്തിയിട്ടില്ലെന്നാണ് അറിയുന്നത്. ട്രംപിന്റെ ട്വീറ്റ് എന്തിനെ അടിസ്ഥാനമാക്കിയാണെന്ന് വ്യക്തമല്ല.

സംഭാഷണത്തിന് ഇറാനെ തയ്യാറെടുപ്പിക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണം ഏതുനേരത്തും നടക്കാമെന്നും സംഭാഷണത്തിന് തയ്യാറാകണമെന്നും ട്രംപ് ഒമാന്‍ സര്‍ക്കാര്‍ വഴി ഇറാനെ അറിയിച്ചതായാണ് വിവരം. അതെസമയം ട്രംപില്‍ നിന്ന് ഒരു സന്ദേശവും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് ഇറാന്‍ ദേശീയസുരക്ഷാ കൗണ്‍സില്‍ വക്താവ് പറയുന്നത്.

അതെസമയം, ആക്രമണം വേണ്ടെന്നു വെച്ചതില്‍ തീവ്ര റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ക്ക് എതിര്‍പ്പുണ്ടെന്ന് അറിയുന്നു. അമേരിക്കയുടെ സൈനിക ഡ്രോണ്‍ വെറുതെ വെടിവെച്ചിടുന്നത് അങ്ങനെ അനുവദിക്കാനാകില്ലെന്ന് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ്സ്മാന്‍ ലിസ് ചെനി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍