UPDATES

വിദേശം

ഖഷോഗിയെ കൊന്നതിനു പിന്നിൽ മൊഹമ്മദ് രാജകുമാരനായിരിക്കാമെന്ന് ഡോണൾഡ് ട്രംപ്

സൽമാൻ രാജകുമാരന് കൃത്യത്തിൽ പങ്കുണ്ടെന്നും അതിനെ തെളിയിക്കുന്ന വസ്തുതകൾ തങ്ങളുടെ പക്കലുണ്ടെന്നുമാണ് തുർക്കിയുടെ നിലപാട്.

ഇസ്താംബുളിലെ സൗദി സ്ഥാനപതി കാര്യാലയത്തിൽ വെച്ച് വാഷിങ്ടൺ പോസ്റ്റ് മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതിനു പിന്നിൽ സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനായിരിക്കാമെന്ന് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡണ്ട് ഈ വിഷയത്തിൽ ഇതാദ്യമായാണ് ഇത്രയും രൂക്ഷമായി പ്രതികരിക്കുന്നത്. തുടക്കത്തിൽ സൗദിക്ക് സംശയത്തിന്റെ ആനുകൂല്യം കൊടുക്കണമെന്നായിരുന്നു ട്രംപിന്റെ നിലപാട്. എന്നാൽ തുർക്കി തെളിവുകൾ ഓരോന്നായി പുറത്തുവിട്ടു തുടങ്ങിയതോടെ മാധ്യമങ്ങളിൽ നിന്നുള്ള സമ്മർദ്ദവും അന്തർദ്ദേശീയമായ നയതന്ത്ര സമ്മർദ്ദവും വളർന്നു. ഇതോടെ ട്രംപിന്റെ നിലപാടുകളും മാറിവന്നു.

അതെസമയം ചില ഉദ്യോഗസ്ഥരുടെ അച്ചടക്കമില്ലാത്ത നടപടികളാണ് ഖഷോഗിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സൗദി ഭരണകൂടം. കഴിഞ്ഞദിവസം സൗദിയിൽ നിക്ഷേപക സംഗമത്തിൽ സംസാരിക്കവെ ഖഷോഗിയുടെ കൊലപാതകം ഏറ്റവും ഹീനമായ ഒന്നാണെന്ന് മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറയുകയുണ്ടായി. ഖഷോഗിയുടെ കൊലപാതകത്തിനു ശേഷം നിരവധി ബിസിനസ്സ് സ്ഥാപനങ്ങളും നിക്ഷേപകരും ഈ സംഗമത്തിൽ നിന്നും പിന്മാറിയിരുന്നു. രണ്ടായിരത്തിമുപ്പതാമാണ്ടോടെ സൗദിയെ സാമ്പത്തിക ഉന്നതിയിലെത്തിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യമുള്ള മൊഹമ്മദ് രാജകുമാരന് ഇതൊരു വലിയ തിരിച്ചടിയായി.

സൽമാൻ രാജകുമാരന് കൃത്യത്തിൽ പങ്കുണ്ടെന്നും അതിനെ തെളിയിക്കുന്ന വസ്തുതകൾ തങ്ങളുടെ പക്കലുണ്ടെന്നുമാണ് തുർക്കിയുടെ നിലപാട്. രാജകുമാരന്റെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നുവെന്ന് പ്രസ്താവിച്ച് പ്രസിഡണ്ട് തയ്യിപ്പ് എർദോഗന്റെ ഉപദേഷ്ടാവ് രംഗത്തു വന്നിരുന്നു.

പതിനഞ്ച് പേരടങ്ങുന്ന ഒരു ‘ഹിറ്റ് ടീമി’നെ അയച്ചാണ് സൗദി ഖഷോഗിയെ കൊലപ്പെടുത്തിയത്. ഈ കൊലയാളിസംഘത്തിലെ അഞ്ചു പേരെങ്കിലും മൊഹമ്മദ് രാജകുമാരന്റെ അടുത്തയാളുകളാണ്. മൊഹമ്മദ് രാജകുമാരന്റെ അറിവോടെയല്ലാതെ ഇവർ പ്രവർത്തിക്കുകയില്ലെന്ന് ഉറപ്പാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍