UPDATES

വിപണി/സാമ്പത്തികം

വാവെക്ക് സാങ്കേതികവിദ്യ വിൽക്കാൻ യുഎസ് കമ്പനികളെ ട്രംപ് അനുവദിച്ചേക്കും; യുഎസ്-ചൈന വ്യാപാരയുദ്ധം ശമനത്തിലേക്ക്?

യുഎസ്സിന്റെ വിട്ടുവീഴ്ചയ്ക്ക് പകരമായി ചൈന പുതിയ യുഎസ് ഉൽപ്പന്നങ്ങൾ വാങ്ങാമെന്നും ധാരണയിലെത്തിയിട്ടുണ്ടെന്ന് ട്രംപ് പറയുന്നു.

ചൈനീസ് കമ്പനിയായ വാവെക്കെതിരെ (Huawei) യുഎസ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കാൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് തയ്യാറാകുന്നതായി റിപ്പോർട്ട്. വാഷിങ്ടൺ പോസ്റ്റാണ് ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്. യുഎസ് കമ്പനികൾ വാവെക്ക് തങ്ങളുടെ സാങ്കേതികവിദ്യ വിൽക്കരുതെന്ന് ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നു. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അപ്ഡേറ്റുകൾ വാവെക്ക് ലഭ്യമാക്കരുതെന്നത് അടക്കമുള്ള കടുത്ത നിലപാടുകളാണ് ട്രംപ് എടുത്തിരുന്നത്.

ജപ്പാനിലെ ഒസാകയിൽ ജി20 ഉച്ചകോടിക്കിടെ ട്രംപ് ചൈനീസ് പ്രസിഡണ്ട് സി ജിൻപിങ്ങുമായി നടത്തിയ സംഭാഷണത്തിലാണ് ഈ സമവായം ഉരുത്തിരിഞ്ഞത്.

യുഎസ്-ചൈന വ്യാപാരയുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ചൈനയിൽ നിന്നുള്ള കയറ്റുമതികൾക്ക് പുതിയ തീരുവകളൊന്നും ഏർപ്പാടാക്കില്ലെന്ന് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തർക്കം തീര്‍ക്കാൻ താനൊരു ‘ചരിത്രപരമായ വ്യാപാര ഉടമ്പടി’ക്ക് തയ്യാറെടുക്കുകയാണെന്ന് ചൈനീസ് പ്രസിഡണ്ട് സി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പ് സിൻഹുവ വാർത്താ ഏജൻസിയോട് പറഞ്ഞു. ചൈനയുമായുള്ള വ്യാപാര സംഭാഷണങ്ങൾ പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

വ്യാപാര തർക്കം തുടരുന്നത് ഇരുരാജ്യങ്ങളിലെയും കമ്പനികൾക്ക് വലിയ നഷ്ടം വരുത്തി വെച്ചിട്ടുണ്ട്. രണ്ടിടങ്ങളിലെയും വ്യാപാരത്തിൽ വന്നിട്ടുള്ള വിടവുകൾ‌ മുതലെടുക്കാൻ ഇതര രാജ്യങ്ങൾ തയ്യാറെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ സമവായശ്രമം.

“ഞങ്ങൾ തമ്മിൽ നല്ലൊരു കൂടിക്കാഴ്ചയാണ് നടന്നത്. ഞങ്ങള്‍ ഒരേപാതയില്‍ തിരിച്ചെത്തി,” കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ് പറഞ്ഞു. അതെസമയം ഇരുവരും തമ്മിലെത്തിച്ചേർന്ന ഉടമ്പടിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

യുഎസ്സിന്റെ വിട്ടുവീഴ്ചയ്ക്ക് പകരമായി ചൈന പുതിയ യുഎസ് ഉൽപ്പന്നങ്ങൾ വാങ്ങാമെന്നും ധാരണയിലെത്തിയിട്ടുണ്ടെന്ന് ട്രംപ് പറയുന്നു.

ഇന്നലെ ഉച്ചവരെയുള്ള ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ‘വളര്‍ച്ച, നിക്ഷേപം, വ്യാപാരം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും അവരവരുടെ നിലപാടുകളില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്ന സൂചനയാണ് പുറത്തു വന്നത്. ”വിവിധ ലോക നേതാക്കളെല്ലാം പോസിറ്റീവ് ആയി സംസാരിച്ചപ്പോള്‍ ചൈന മാത്രമാണ് നെഗറ്റീവ് ആയി സംസാരിച്ചതെ”ന്ന് പേരുവെളിപ്പെടുത്താത്ത ഒരു വൈറ്റ്‌ഹൌസ് വക്താവിനെ ഉദ്ധരിച്ച് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇരു രാജ്യങ്ങളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധത്തെ കുറിച്ചാണ് സി-യും പ്രസ്താവനയില്‍ ഊന്നിയത്. അമേരിക്കയും ചൈനയും തമ്മില്‍ 1970-ല്‍ നടന്ന ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിനെക്കുറിച്ചു സൂചിപ്പിച്ച സി, ഇതാണ് 1979-ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഔദ്യോഗിക നയതന്ത്ര ബന്ധത്തിന് തുടക്കം കുറിച്ചത് എന്നും ചൂണ്ടിക്കാട്ടി. “ഒരു ചെറിയ പന്ത് ആഗോള കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ വലിയ പങ്കു വഹിക്കുന്നു. 40 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലും ആഗോള സാഹചര്യങ്ങളിലും മാറ്റമുണ്ടായിട്ടുണ്ട്. പക്ഷേ ഒരു അടിസ്ഥാന കാര്യത്തില്‍ മാറ്റമില്ല. സഹകരണത്തില്‍ ചൈനയും അമേരിക്കയും ഒരുപോലെ നേട്ടം കൊയ്യുമ്പോള്‍ ഏറ്റുമുട്ടലില്‍ അത് നഷ്ടപ്പെടുകയാണ്. സംഘര്‍ഷത്തേക്കാളും ഏറ്റുമുട്ടലിനെക്കാളും നല്ലത് ചര്‍ച്ചകളും സംവാദങ്ങളുമാണ്”, സി പറഞ്ഞു. സി-യുമായുള്ള ചര്‍ച്ച കുറഞ്ഞപക്ഷമെങ്കിലും ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്നലെ ട്രംപ് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍