UPDATES

വിദേശം

ഭീകരവാദം: പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്

കോടിക്കണക്കിന് ഡോളര്‍ അമേരിക്കയില്‍നിന്ന് കൈപ്പറ്റുന്ന പാകിസ്താന്‍ തങ്ങള്‍ പോരാട്ടം നടത്തുന്ന ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു

ഭീകരവാദികള്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളമൊരുക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദീര്‍ഘനാളായി പാകിസ്താനോട് ഇക്കാര്യത്തില്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഇല്ലാത്തതില്‍ അമര്‍ഷം രേഖപ്പെടുത്താന്‍ ഉന്നത നയതന്ത്ര പ്രതിനിധികളേയും സൈനിക ഉദ്യോഗസ്ഥരേയും പാകിസ്താനിലേക്ക് മുന്നറിയിപ്പുമായി അയക്കാനാണ് ട്രംപിന്റെ തീരുമാനം. സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ ഈ മാസം അവസാനം പാകിസ്താന്‍ സന്ദര്‍ശിക്കും

റെക്സിന് പിന്നാലെ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും പാകിസ്താനിലേക്ക് തിരിക്കുമെന്നാണ് സൂചനകള്‍. ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്ന വിഷയത്തില്‍ കര്‍ശന മുന്നറിയിപ്പുമായാണ് ഇരുവരും പാകിസ്താനിലെത്തുന്നതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോട്ട് ചെയ്തു. താലിബാന്‍ അടക്കമുള്ള ഭീകര സംഘടനകള്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളം ഒരുക്കുന്നതില്‍ അമേരിക്കയ്ക്ക് കടുത്ത അതൃപ്തിയാണ് ഉള്ളതെന്ന് ആഗസ്തില്‍ നടത്തിയ പ്രസ്താവനയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്് വ്യക്തമാക്കിയിരുന്നു.

പാക് സൈന്യത്തിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞുവന്ന അല്‍ഖ്വെയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ പാകിസ്താനിലേക്ക് സൈന്യത്തെ അയച്ചതിനെത്തുടര്‍ന്ന് 2011 ല്‍ ഒബാമയുടെ കാലത്ത് തന്നെ അമേരിക്കയും പാകിസ്താനുമായി അസ്വാരസ്യം കടുത്തിരുന്നു. യുഎസ് സൈന്യത്തിന് നേര്‍ക്കും അഫ്ഗാന്‍ സഖ്യത്തിന് നേര്‍ക്കും പാകിസ്താന്‍ സുരക്ഷിത താവളമാക്കി താലിബാന്‍ വിഭാഗം നടത്തുന്ന ആക്രമണങ്ങള്‍ അമേരിക്കയെ ചൊടിപ്പിക്കുന്നുണ്ട്.

കോടിക്കണക്കിന് ഡോളര്‍ അമേരിക്കയില്‍നിന്ന് കൈപ്പറ്റുന്ന പാകിസ്താന്‍ തങ്ങള്‍ പോരാട്ടം നടത്തുന്ന ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പാകിസ്താന്‍ ഇതുവരേയും ആശാസ്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടികാണിച്ചാണ് അമേരിക്കന്‍ സംഘം ഇസ്ലാമാബാദിലേക്ക് പോകുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍