UPDATES

വിദേശം

അനധികൃത കുടിയേറ്റക്കാരുടെ കുട്ടികൾക്ക് പൗരത്വം നൽകുന്നത് അവസാനിപ്പിക്കാൻ ഉത്തരവിടുമെന്ന് ട്രംപ്; ഭരണഘടനാവിരുദ്ധമെന്ന് എതിരാളികൾ

ഭരണഘടനാ ഭേദഗതി കൊണ്ടുവരാതെ ട്രംപിന്റെ ആശയം നടപ്പാക്കാനാകില്ല.

യുഎസ്സിലേക്ക് അനധിക‍ൃതമായി കുടിയേറിയവരുടെയും യുഎസ് പൗരത്വമില്ലാത്ത ഇതരനാട്ടുകാരുടെയും കുട്ടികൾക്ക് പൗരത്വം നൽകുന്നത് അവസാനിപ്പിക്കാൻ താൻ ഉദ്ദേശിക്കുന്നതായി പ്രസിഡണ്ട് ഡോണൾ‌ഡ് ട്രംപ്. ഇതിനായി വൈറ്റ് ഹൗസ് ഒറു ഉത്തരവിറക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

കുടിയേറ്റപ്രശ്നത്തിൽ താൻ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ കാരണവും ട്രംപ് വ്യക്തമാക്കി. ഇത് തന്റെ അനുയായികളെ ത്രസിപ്പിച്ച് നിർത്തുമെന്നും കോൺഗ്രസ്സിൽ റിപ്പബ്ലിക്കന്മാർക്ക് ആധിപത്യം കിട്ടുന്ന വിഷയമാണെന്നതുമാണ് കാരണമായി ട്രംപ് പറയുന്നത്.

അതെസമയം ഇതൊരു വലിയ കോടതിവ്യവഹാരമായി മാറാനാണ് സാധ്യത. യുഎസ്സിൽ ജനിക്കുന്ന കുട്ടികൾക്ക് അവിടുത്തെ പൗരത്വം നൽകുന്നത് ഭരണഘടനാപരമായ വിഷയമാണ്. ഭരണഘടനാ ഭേദഗതി കൊണ്ടുവരാതെ ട്രംപിന്റെ ആശയം നടപ്പാക്കാനാകില്ല. ഭരണഘടനയുടെ പതിന്നാലാം ഭേദഗതി യുഎസ്സിൽ ജനിക്കുന്ന കുട്ടികൾക്ക് അവിടുത്തെ പൗരത്വം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭരണഘടനാപരമായ അവകാശം ഒരു ഉത്തരവിലൂടെ മറികടക്കാനാണ് ട്രംപ് ആലോചിക്കുന്നത്. ഈ നീക്കം തീർച്ചയായും ട്രംപിനെ കോടതിയിലെത്തിക്കും.

യുഎസ്സിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നിഷേധിക്കുന്നതിന്റെ നിയമപ്രശ്നത്തെക്കുറിച്ച് അഭിമുഖകാരൻ ചോദിച്ചപ്പോൾ തന്റെ നിർ‌ദ്ദേശം വൈറ്റ് ഹൗസ് വക്കീലന്മാർ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞ്. വക്കീലന്മാർ പറയുന്നതു പ്രകാരം തനിക്ക് ഈ ഉത്തരവ് ഇറക്കാനാകുമെന്നും ട്രംപ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍