UPDATES

വിദേശം

കുട്ടികളെ വേര്‍പെടുത്തുന്ന ക്രൂരത ട്രംപ് പിന്‍വലിച്ചു; തീരുമാനം ലോകത്തിന്റെ മുഴുവന്‍ പ്രതിഷേധത്തിനൊടുവില്‍

2342 കുട്ടികളെ 2206 പ്രായപൂര്‍ത്തിയായ വ്യക്തികളില്‍ നിന്ന് പിരിച്ചതായാണ് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്

കുടിയേറ്റക്കാരെ ക്രിമിനലുകള്‍ എന്നു വിശേഷിപ്പിച്ചു കൊണ്ട് നടപ്പാക്കിയ സെപ്പറേഷന്‍ പോളിസിക്കെതിരെ അമേരിക്കയ്ക്കുള്ളിലും പുറത്തും കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ ഇതു പിന്‍വലിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു. ഇന്നലെ രാത്രി പുറത്തിറക്കിയ ഒരു എക്‌സികൂട്ടീവ് ഉത്തരവിലൂടെ കുടുംബങ്ങളെ പിരിക്കുന്ന നയം പിന്‍വലിക്കുകയാണെന്നും എന്നാല്‍ ശക്തമായ അതിര്‍ത്തി ഉണ്ടാവുമെന്നും ട്രംപ് വ്യക്തമാക്കി.

“ഞങ്ങള്‍ കുടുംബങ്ങളെ ഒരുമിപ്പിക്കുകയാണ്. ഇതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെടും. എന്നാല്‍ ശക്തമായ അതിര്‍ത്തിയായിരിക്കും ഉണ്ടാവുക എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇക്കാര്യത്തില്‍ ഇപ്പോള്‍ തുടരുന്ന സീറോ ടോളറന്‍സ് നയം തന്നെയാവും ഉണ്ടാവുക. ഈ രാജ്യത്തേക്ക് അനധികൃതമായി കടക്കുന്ന ആരോടും ഈ നയം തന്നെയായിരിക്കും”, എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പു വച്ചശേഷം ട്രംപ് പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ വേര്‍പിരിക്കപ്പെട്ട കുട്ടികളെ എങ്ങനെ മാതാപിതാക്കള്‍ക്കൊപ്പം ഒരുമിപ്പിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതകള്‍ നിലനില്‍ക്കുണ്ട്. കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ തന്നെയായിരുന്നു ട്രംപിന്റെ ഉത്തരവ് ഇറങ്ങിയത്. അതാണിപ്പോള്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തിരുത്തപ്പെട്ടിരിക്കുന്നത്. ഒബാമ ഭരണത്തില്‍ നടന്നു വന്നിരുന്ന കാച്ച് ആന്‍ഡ് റിലീസ് പോളിസി തന്നെയായിരിക്കും ഇനി ഇത്തരത്തിലുള്ള കുടിയേറ്റക്കാരുടെ കാര്യത്തില്‍ സംഭവിക്കുക എന്നാണ് സൂചന.

മെക്‌സിക്കന്‍ അതിര്‍ത്തി കടന്നുവരുന്ന മതിയായ കുടിയേറ്റ രേഖകളില്ലാത്ത കുടുംബങ്ങളിലെ മുതിര്‍ന്നവരെ കുട്ടികളെ വേര്‍പെടുത്തിയ ശേഷം ജയിലില്‍ അടയ്ക്കുകയും കുട്ടികളെ ടെക്‌സാസിലെ പ്രത്യേകം തയാറക്കിയ കൂടുകളില്‍ പൂട്ടിയിടുകയുമാണ് ചെയ്തിരുന്നത്. 2342 കുട്ടികളെ 2206 പ്രായപൂര്‍ത്തിയായ വ്യക്തികളില്‍ നിന്ന് പിരിച്ചതായാണ് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. ഇതാണ് ഇപ്പോള്‍ പിന്‍വലിക്കപ്പെട്ടിരുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ സെപ്പറേഷന്‍ പോളിസിക്കെതിരെ ശക്തമായ എതിര്‍പ്പാണ് ട്രംപിന്റെ പുതിയ നയത്തിന് നേരിടേണ്ടി വന്നത്. വിമര്‍ശനവുമായി ട്രംപിന്റെ ഭാര്യ മെലാനിയ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുന്‍ പ്രസിഡന്റുമാരുടെ ഭാര്യമാര്‍, വിവിധ ക്രൈസ്തവ സഭകള്‍, രാഷ്ട്രീയ നിരീക്ഷകര്‍, ബിസിനസുകാര്‍ തുടങ്ങി വിവിധ മേഖലകളില്‍ പെട്ടവര്‍ ട്രംപിന്റെ സെപ്പറേഷന്‍ പോളിസിക്കെതിരെ രൂക്ഷ വിമര്‍ശനവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുട്ടികളെ ജയിലിലടക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഇവരെ മാതാപിതാക്കളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വേര്‍തിരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്നത് എന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ വിശദീകാരണം.

കുടിയേറ്റക്കാരെ ക്രിമിനലുകള്‍ എന്ന് വിശേഷിപ്പിച്ച ട്രംപ്, രാജ്യത്തിന്റെ സുരക്ഷയ്ക്കായാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നായിരുന്നു വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടുന്നതിനായി കുടിയേറ്റക്കാരായ ‘ക്രിമിനലു’കള്‍ക്ക് യുഎസ് പൗരത്വം കിട്ടാനാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ശ്രമിക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണവും കുടിയേറ്റ വിരുദ്ധതയും ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിറഞ്ഞുനിന്നിരുന്നു. “Build the wall” മുദ്രാവാക്യങ്ങള്‍ കൊണ്ട് മുഖരിതമായിരുന്നു അവ.

ZERO TOLERANCE എന്നായിരുന്നു കുടുംബ വിഭജന നയത്തിനിട്ടിരിക്കുന്ന പേര്. ക്വിന്നിപിയാക് അഭിപ്രായ സര്‍വേയില്‍ 55 ശതമാനം പേരും ഈ പോളിസിയെ എതിര്‍ക്കുകയാണ്. 58 ശതമാനം പേര്‍ മെക്‌സിക്കന്‍ മതില്‍ പദ്ധതിയെ എതിര്‍ക്കുന്നു. അഞ്ചില്‍ നാല് വോട്ടര്‍മാരും കുട്ടികളെ യുഎസിലേയ്ക്ക് കൊണ്ടുവരുന്നതിനെ അനുകൂലിക്കുന്നു.

നവംബറില്‍ ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങവേ റിപ്പബ്ലിക്കന്മാരെ ഇത് അസ്വസ്ഥരാക്കുന്നുണ്ട്. ഇത് പാര്‍ട്ടിയെ തകര്‍ക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ മുന്നറിയിപ്പ് നല്‍കുന്നു. ട്രംപിനെ സംബന്ധിച്ച് കത്രീന ചുഴലിക്കൊടുങ്കാറ്റ് പോലെ നാശം വിതയ്ക്കുന്ന ഒന്നായിരിക്കും നവംബറിലെ തിരഞ്ഞെടുപ്പെന്ന് ആക്‌സിയോസ് വെബ്‌സൈറ്റ് അഭിപ്രായപ്പെട്ടിരുന്നു. ഇതൊക്കെയാണ് ഇപ്പോള്‍ തീരുമാനം പിന്‍വലിക്കുന്നതിലേക്ക് ട്രംപിനെ നയിച്ചത് എന്നാണ് കരുതുന്നത്.

കൂട്ടിലടയ്ക്കപ്പെട്ട കുട്ടികളുടെ ഫോട്ടോകളും വീഡിയോകളും ലോകവ്യാപകമായി പ്രചരിക്കുകയും അമേരിക്കയ്‌ക്കെതിരെ പ്രതിഷേധമുയരുകയും ചെയ്യുന്നുണ്ട്. ജൂണ്‍ 12ന് യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുകള്‍ ടെക്‌സാസിന് സമീപത്ത് നിന്ന്, ഹോണ്ടുറാസുകാരായ ഒരു അച്ഛനേയും ആണ്‍കുട്ടിയേയും കസ്റ്റഡിയിലെടുക്കുന്നു. തുടര്‍ന്ന് സെപ്പറേഷന്‍ നടപടിക്കായി പ്രൊസസിംഗ് സെന്ററിലേയ്ക്ക് അയയ്ക്കുന്നു. രക്ഷിതാക്കളില്‍ നിന്ന് യുഎസ് അധികൃതര്‍ വേര്‍പെടുത്തിയ കുട്ടികളുടെ ഹൃദയഭേദകമായ കരച്ചിലിന്റെ ഓഡിയോ പ്രൊ പബ്ലിക്ക പുറത്തുവിട്ടിരുന്നു. എന്‍ജിഒ ആയ പ്രോ പബ്ലിക്കയാണ് ഓഡിയോ പുറത്തുവിട്ടത്. നാലിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇവിടെയുള്ളത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

“വരൂ, ഈ കുട്ടികളുടെ കരച്ചില്‍ കേള്‍ക്കൂ”: കുട്ടികളെ കൂട്ടിലടയ്ക്കുന്ന ട്രംപിന്റെ ക്രൂരതയ്ക്കെതിരെ അമേരിക്കയുടെ പ്രതിഷേധം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍