UPDATES

വിദേശം

പ്രശ്നങ്ങൾ ‘സമ്പൂർണ യുദ്ധ’ത്തിലേക്ക് നയിക്കും: റഷ്യക്ക് താക്കീതുമായി ഉക്രൈൻ പ്രസിഡണ്ട്

“ഇതൊരു തമാശക്കളിയാണെന്ന് ആരും കരുതരുത്”

ഉക്രൈനിന്റെ നാവികസേനാ കപ്പലുകൾ പിടിച്ചുവെച്ച റഷ്യൻ നടപടിയിൽ കടുത്ത പ്രതികരണവുമായി പ്രസിഡണ്ട് പെട്രോ പോരോഷെൻകോ രംഗത്ത്. ഈ നടപടികൾ ‘സമ്പൂർണ യുദ്ധ’ത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം താക്കീത് ചെയ്തു. കെർച്ച് കപ്പൽ‍ച്ചാലിൽ വെച്ചാണ് ഉക്രൈൻ നാവികസേനാ കപ്പലുകളെ റഷ്യ പിടികൂടിയത്.

ഇതൊരു തമാശക്കളിയാണെന്ന് ആരും കരുതരുതെന്ന് പ്രസിഡണ്ട് പെട്രോ ദേശീയ ടെലിവിഷനിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു. റഷ്യയുടെ നീക്കം സമ്പൂർണ യുദ്ധത്തിലേക്കാണ് നയിക്കുക.

ഉക്രൈൻ-റഷ്യ അതിർത്തിയിൽ റഷ്യയുടെ സൈനികസാന്നിധ്യം പെട്ടെന്ന് വൻതോതിൽ വർധിച്ചതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടെന്ന് പെട്രോ പറഞ്ഞു. റഷ്യൻ ടാങ്കുകളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്നത്തിൽ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഒരു പ്രസ്താവനയയിലൂടെ ഇടപെട്ടിട്ടുണ്ട്. വ്ലാദ്മിര്‍ പുടിനുമായി ഈയാഴ്ച അവസാനം ബ്യൂനസ് അയേഴ്സിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ച താൻ റദ്ദ് ചെയ്തേക്കുമെന്ന് പ്രസിഡണ്ട് വ്യക്തമാക്കി. ജി20 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

അതെസമയം റഷ്യയുടെ പിടിയിലുള്ള 24 ഉക്രൈൻ നാവികസേനാംഗങ്ങളിൽ 12 പേരെ ക്രിമിയയിലെ ഒരു കോടതി വിചാരണയ്ക്കായി രണ്ടുമാസത്തെ തടവിൽ പാർപ്പിക്കാൻ ഉത്തരവിട്ടു. നിയമവിരുദ്ധമായി റഷ്യൻ അതിർത്തി കടന്നുവെന്നതാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മൂന്ന് ഉക്രൈൻ കപ്പലുകളാണ് റഷ്യ പിടിച്ചെടുത്തിട്ടുള്ളത്. എന്നാൽ തങ്ങൾക്കുകൂടി പങ്കാളിത്തമുള്ള കപ്പൽച്ചാലിലൂടെയായിരുന്നു ഇവർ പോയിരുന്നതെന്ന് ഉക്രൈൻ അവകാശപ്പെടുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം ഈ കപ്പൽച്ചാലിൽ പട്രോളിങ് നടത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഉക്രൈൻ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍