UPDATES

വിദേശം

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ഇന്ധന മേഖലയിലടക്കം മറ്റ് വിപണികളിലേക്കും കടന്ന് കൂടുതല്‍ ശക്തമാവുന്നു

നിലവില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ആഗോള സാമ്പത്തിക നിലയെ തന്നെ ബാധിച്ചിരിക്കുകയാണെന്നാണ് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം കൂടുതല്‍ ശക്തമാവുകയാണ്. ഇരുരാജ്യങ്ങളും പരസ്പരമുള്ള ഇറക്കുമതികളുടെമേല്‍ അധിക നികുതി ചുമത്താന്‍ തുടങ്ങി. അമേരിക്കയില്‍നിന്നും ഇറക്കുമതിചെയ്യുന്ന ക്രൂഡ് ഓയിലിന് ചൈന 5% അധിക ലെവി ഈടാക്കും. ഒരു വര്‍ഷം മുമ്പ്തന്നെ വാണിജ്യയുദ്ധം ആരംഭിച്ചിരുന്നെങ്കിലും ആദ്യമായാണ് ഇന്ധന മേഖലയിലേക്ക് അത് കടക്കുന്നത്. ബ്ലൂടൂത്ത് ഹെഡ്ഫോണുകള്‍, സ്മാര്‍ട്ട് സ്പീക്കറുകള്‍, പാദരക്ഷകള്‍ തുടങ്ങി പല ചൈനീസ് ഉല്‍പ്പന്നങ്ങളുടെമേലും 15% അധിക താരിഫ് ഈടാക്കാന്‍ ട്രംപ് ഭരണകൂടവും തീരുമാനിച്ചു.

ഇതിന് പ്രതികാരമായി, യുഎസില്‍ നിന്നുള്ള 75 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ചരക്കുകളുടെമേല്‍ അധിക താരിഫ് ഏര്‍പ്പെടുത്താന്‍ ചൈനയും തീരുമാനിച്ചു. ഞായറാഴ്ച മുതല്‍ ഉയര്‍ന്ന താരിഫ് നല്‍കേണ്ടിവരുന്ന വസ്തുക്കള്‍ ഏതൊക്കെയാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. അമേരിക്കയില്‍ നിന്ന് വരുന്ന മൊത്തം 5,078 ഉല്‍പ്പന്നങ്ങളില്‍ 1,717 ഇനങ്ങളില്‍നിന്നും 5%, 10% അധിക താരിഫ് ചൈന ഈടാക്കും. ഡിസംബര്‍ 15 മുതലാണ് അത് പ്രാബല്യത്തില്‍ വരിക.

നിലവില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ആഗോള സാമ്പത്തിക നിലയെ തന്നെ ബാധിച്ചിരിക്കുകയാണെന്നാണ് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഓഹരി വിപണിയില്‍ ഈ തീരുമാനങ്ങള്‍ ഏതു തരത്തിലുള്ള ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് ഇന്നറിയാം. ലേബര്‍ ഡേ അവധിക്കായി വാള്‍സ്ട്രീറ്റ് അടച്ചിട്ടുണ്ടെങ്കിലും മറ്റു പ്രധാന വിപണികളെല്ലാം അവധിക്കുശേഷം തുറക്കും.

വ്യാപാരയുദ്ധം ഇപ്പോള്‍തന്നെ ചൈനീസ് സമ്പദ്വ്യവസ്ഥയെ മന്ദഗതിയിലാക്കിയിട്ടുണ്ട്. അതുപോലെ തന്നെ മേഖലയിലെ മറ്റ് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയേയും ബാധിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. കഴിഞ്ഞ നാലുമാസമായി നിര്‍മ്മാണ മേഖല ഏതാണ്ട് സ്തംഭിച്ച നിലയിലാണ്. യുവാന്റെ മൂല്യം കുത്തനെ ഇടിഞ്ഞു 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. ദക്ഷിണ കൊറിയയുടെ കയറ്റുമതി തുടര്‍ച്ചയായ ഒമ്പതാം മാസവും ഇടിഞ്ഞതായാണ് വിവരം.

അതേസമയം, ചൈനയും അമേരിക്കയും തമ്മിലുള്ള അനുനയ ചര്‍ച്ചകള്‍ തുടരും. ഈ മാസംതന്നെ അടുത്ത ചര്‍ച്ച നടത്തുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയിരുന്നു. എന്നാല്‍ താരിഫ് നിരക്ക് ഉയര്‍ത്തുന്നത് ഒട്ടും വൈകിക്കില്ലെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. 21 ലക്ഷം കോടി രൂപയുടെ ചൈനീസ് ഇറക്കുമതികളുടെ മേല്‍ നികുതി വര്‍ധിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോഴത്തെ വര്‍ധന. ചൈനയ്ക്ക് പകരം മറ്റ് രാജ്യങ്ങളെ തിരഞ്ഞെടുക്കാന്‍ ട്രംപ് അമേരിക്കന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍