UPDATES

വിദേശം

ചൈനീസ് കമ്പനി ഹുവേയ് വിപണിരഹസ്യങ്ങൾ ചോർത്തി; 23 ക്രിമിനൽ കുറ്റങ്ങൾ ചാർത്തി യുഎസ്

ചൈനീസ് ടെലികമ്മ്യൂണിക്കേഷൻ ഭീമനായ ഹുവേയ് തങ്ങളുടെ വിപണിരഹസ്യങ്ങൾ ചോർത്തിയെന്ന് യുഎസ്സിന്റെ കുറ്റം ചാർത്തൽ. ഹുവേയിയുടെ പേരിൽ ഇരുരാജ്യങ്ങളുടെ തമ്മിൽ വളർന്നുവന്നിരുന്ന പ്രശ്നങ്ങൾ ഇതോടെ കൂടുതൽ ഗൗരവതരമായ തലത്തിലേക്കെത്തി. യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റാണ് ഈ കുറ്റം ചാർത്തലുകൾ നടത്തിയിരിക്കുന്നത്. വിപണിരഹസ്യങ്ങള്‍ ചോർത്തുക, കള്ളപ്പണം വെളുപ്പിക്കുക, യുഎസ് ഉപരോധങ്ങളെ മറുകടക്കാനായി ബാങ്കുകളെ കബളിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളും കമ്പനിക്കുമേൽ ചാർത്തിയിട്ടുണ്ട് യുഎസ്.

23 ക്രിമിനൽ കുറ്റങ്ങളാണ് ഹുവേയ്ക്കു മേൽ ചാർത്തപ്പെട്ടിരിക്കുന്നത്. സിയാറ്റിലിലെയും ന്യൂയോർക്കിലെയും ജൂറികളാണ് ഈ കുറ്റം ചാർത്തൽ നടത്തിയതെന്ന് ആക്ടിങ് അറ്റോർണി ജനറൽ മാത്യൂ വിറ്റ്കർ അറിയിച്ചു.

ഇറാനെതിരെയുള്ള ഉപരോധങ്ങളെ മറികടക്കുന്നതിനായി ഹുവേയ് അനുവർത്തിച്ച പരിപാടികൾ അതുവഴി യുഎസ്സിന്റെ ദേശീയസുരക്ഷയെ വരെ ബാധിക്കുന്ന തരത്തിലുള്ളവയായിരുന്നെന്ന് ആക്ടിങ് അറ്റോർണി ജനറൽ പറഞ്ഞു. എന്നാൽ ഈ കുറ്റം ചാർത്തലുകളെയെല്ലാം പൂർണമായും നിഷേധിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷൻസ് ഉപകരണ നിർമാതാവായ ഹുവേയ്.

സ്മാർട്ഫോണുകൾ നിർമിക്കുന്നതിനായി ടി-മൊബൈലിന്റെ റോബോട്ട് സാങ്കേതികത ഹുവേയ് മോഷ്ടിച്ചതായി യുഎസ് കുറ്റപ്പെടുത്തുന്നു. ഇതു സംബന്ധിച്ച് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ അന്വേഷണം നടന്നിരുന്നു. ടി-മൊബൈൽ കമ്പനിയുടെ ഉദ്യോഗസ്ഥർക്ക് ചോർത്തി നൽകുന്ന വിവരങ്ങളുടെ സ്വഭാവമനുസരിച്ച് പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ഇമെയിലുകൾ എഫ്ബിഐ കണ്ടെത്തിയതായും യുഎസ് പറയുന്നു. ഒരു എൻക്രിപ്റ്റഡ് ഇമെയിൽ വിലാസത്തിലേക്കാണ് ഈ വിവരങ്ങളെല്ലാം കൈമാറ്റം ചെയ്യപ്പെട്ടത്.

ടാപ്പി എന്നു പേരായ റോബോട്ടിന്റെ വിവരങ്ങളാണ് ടി മൊബൈലിൽ നിന്നും ഹുവായ് മോഷ്ടിച്ചത്. പിടിക്കപ്പെട്ടപ്പോൾ കുറ്റം തങ്ങളുടെ ഉദ്യോഗസ്ഥരിൽ ചാർത്തി മാറാനും കമ്പനി ശ്രമിച്ചു. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും ബാങ്കുകളെ കബളിപ്പിച്ചെന്ന കുറ്റാരോപണം നേരിടുന്നുണ്ട്. ഫിനാൻഷ്യൽ ഓഫീസറായ മെങ് വാങ്ഷോവുവിനെ യുഎസ്സിനു വേണ്ടി കാനഡ പിടികൂടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍