UPDATES

വിദേശം

‘നിബന്ധനകള്‍ പാലിച്ച് വെസ്റ്റ്‌ ബാങ്കിലെത്തിയാൽ അത് ഞാൻ വിശ്വസിക്കുന്ന മൂല്യങ്ങള്‍ക്ക് എതിരാകും’; ഇസ്രായേൽ വാഗ്ദാനം തള്ളി യുഎസ് ജനപ്രതിനിധി റാഷിദ ത്ലൈബ്

ബന്ധുക്കളെ സന്ദർശിക്കാനുള്ള ത്വലാബിന്‍റെ‘മാനുഷികമായ അഭ്യർത്ഥന’പരിഗണിക്കുമെന്ന് ഇസ്രായേൽ പറഞ്ഞിരുന്നു.

രാഷ്ട്രീയ നിലപാടുകൾ പ്രകടിപ്പിക്കരുതെന്ന വ്യവസ്ഥയിൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ തന്റെ കുടുംബത്തെ കാണാനുള്ള ഇസ്രായേലിന്‍റെ വാഗ്ദാനം യുഎസ് കോൺഗ്രസ് വനിത റാഷിദ ത്ലൈബ് നിരസിച്ചു.  ‘ഇതുപോലെ അടിച്ചമർത്തപ്പെടുന്ന സാഹചര്യത്തില്‍ എന്റെ മുത്തശ്ശിയെ സന്ദർശിച്ചാല്‍ അത് ഞാൻ വിശ്വസിക്കുന്ന എല്ലാ മൂല്യങ്ങള്‍ക്കും എതിരാകും. വംശീയത, അടിച്ചമർത്തൽ, അനീതി തുടങ്ങിയ തിന്മകൾക്കെതിരെയാണ് ഞാന്‍ പോരാടുന്നത്. അതിനാല്‍ നിബന്ധനകള്‍ക്ക് വിധേയമായി തല്‍ക്കാലം വെസ്റ്റ്‌ ബാങ്ക് സന്ദര്‍ശിക്കുന്നില്ല’ എന്നാണ് അവര്‍ ട്വിറ്ററിൽ കുറിച്ചത്.

യു.എസ് കോൺഗ്രസ് പ്രതിനിധികളായ ഇൽഹാൻ ഉമറും റാഷിദ ത്ലൈബുമാണ് ഇസ്രായേൽ അധിനിവേശം നടത്തിയ കിഴക്കൻ ജറൂസലം സന്ദർശിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനെതിരെ യുഎസിലെ ട്രംപടക്കമുള്ള ചില രാഷ്ട്രീയക്കാരിൽ നിന്നും ഇസ്രയേൽ അനുകൂല ലോബി ഗ്രൂപ്പിൽ നിന്നുപോലും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവര്‍ക്കുമുള്ള സന്ദര്‍ശനാനുമതി ഇസ്രയേല്‍ നിഷേധിക്കുകയായിരുന്നു. ഈ നടപടി ഉടന്‍തന്നെ വന്‍ വിവാദമാകുകയും ചെയ്തു. എന്നാല്‍, ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്നതടക്കമുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പ്രവർത്തിക്കില്ലെന്ന് പ്രതിജ്ഞയെടുത്താല്‍, ബന്ധുക്കളെ സന്ദർശിക്കാനുള്ള ത്വലാബിന്‍റെ‘മാനുഷികമായ അഭ്യർത്ഥന’പരിഗണിക്കുമെന്ന് ഇസ്രായേൽ പറഞ്ഞിരുന്നു.

സ്വകാര്യ സന്ദർശനത്തിനായി ത്ലൈബ് തന്നെ പിന്നീട് ഒരു അപേക്ഷ നൽകിയെന്നും, അത് വെള്ളിയാഴ്ച രാവിലെ അംഗീകരിച്ചുവെന്നും ഇസ്രയേലിന്‍റെ ആഭ്യന്തര മന്ത്രാലയം പറയുന്നു. ‘പ്രത്യേകിച്ചും 90 വയസ്സു പിന്നിട്ട എന്‍റെ മുത്തശ്ശിയടക്കമുള്ള ബന്ധുക്കളെ സന്ദർശിക്കുന്നതിനായി ഇസ്രായേലിലേക്ക് പ്രവേശനം നല്‍കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് താലിബ് ഒപ്പിട്ടു നല്‍കിയ ആ അപേക്ഷയില്‍ ഉള്ളതെന്ന് മന്ത്രാലയം വ്യക്തമാക്കി.

പലസ്തീൻ വംശജരാണ് ഒമറും ത്ലൈബും.  ഇസ്രായേലിലൂടെയല്ലാതെ അവര്‍ക്ക് വെസ്റ്റ് ബാങ്കില്‍ എത്താന്‍ കഴിയില്ല. ‘ഇൽഹാൻ ഉമറിനെയും റാഷിദ താലിബിനെയും സന്ദർശിക്കാൻ ഇസ്രയേൽ അനുവദിച്ചാൽ അത് വലിയ ദൗർബല്യമായിരിക്കും. അവർ ഇസ്രയേലിനെയും ജൂതജനതയെയും വെറുക്കുന്നവരാണ്. അവരുടെ മനസ്സു മാറ്റാൻ ഒന്നുകൊണ്ടും കഴിയില്ല. അവരെ തെരഞ്ഞെടുത്തതിനു ശേഷം മിനസോട്ടക്കും മിഷിഗണിനും കഷ്ടകാലമാണ്. അവര്‍ക്ക് മാനക്കേടാണ്’ എന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. അതിന്‍റെ ചുവടു പിടിച്ചാണ് ഇരുവര്‍ക്കും നെതന്യാഹു അനുമതി നിഷേധിച്ചത്.

വെളുത്ത വർഗക്കാർക്ക് അമിത പ്രാധാന്യം നൽകുന്നതും കുടിയേറ്റ വിരുദ്ധവുമായ ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രചരണം നടത്തുന്നവരിൽ മുൻനിരക്കാരാണ് ഇൽഹാനും റാഷിദയും. യു.എസ് കോൺഗ്രസിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം വനിതകളായ ഇവരടക്കമുള്ള ഡെമോക്രാറ്റ് പാർട്ടി പ്രതിനിധികള്‍ക്കെതിരെ ട്രംപ് നടത്തുന്ന വംശീയാധിക്ഷേപങ്ങള്‍ സമീപ കാലത്ത് ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍