UPDATES

വിദേശം

റഷ്യയിൽ നിന്നും യുദ്ധവിമാനങ്ങൾ: ചൈനയ്ക്കെതിരെ ഉപരോധങ്ങളുമായി യുഎസ്

റഷ്യയുമായും ചൈനയുമായും നടക്കുന്ന ശീതസംഘർഷം ഇതോടെ മൂർച്ഛിക്കുമെന്നുറപ്പായി.

റഷ്യയിൽ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങുന്ന ചൈനീസ് പട്ടാളത്തിനെതിരെ അമേരിക്കയുടെ ഉപരോധം. കഴിഞ്ഞയാഴ്ച ചൈനയിൽ നിന്നുള്ള ഇറക്കുമതികൾക്ക് വൻ തീരുവ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ നടപടി. ഇതോടൊപ്പം മുപ്പതോളം റഷ്യൻ കമ്പനികളെ അമേരിക്ക കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തിട്ടുണ്ട്.

കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികൾ മിക്കതും 2016 യുഎസ് തെരഞ്ഞെടുപ്പ് അട്ടിമറിശ്രമത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപണം നേരിടുന്നവരാണ്. റഷ്യയുമായും ചൈനയുമായും നടക്കുന്ന ശീതസംഘർഷം ഇതോടെ മൂർച്ഛിക്കുമെന്നുറപ്പായി.

റഷ്യൻ കമ്പനികളെ ബ്ലാക്‌ലിസ്റ്റ് ചെയ്യാനുള്ള യുഎസ് വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കം നിലവിൽ റോബർട്ട് മ്യുള്ളറിന്റെ നേത‍ൃത്വത്തിൽ 2016 തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് എന്നത് ശ്രദ്ധേയമാണ്. അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് കൂടി ഈ അന്വേഷണത്തിന്റെ പരിധിയിൽ വരുന്നുണ്ട്.

നിരവധി വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരം പ്രചാരണങ്ങൾ അഴിച്ചു വിടുകയായിരുന്നു റഷ്യ എന്നാണ് ആരോപണം. ഈ പ്രവർത്തനത്തിൽ മൂന്ന് കമ്പനികളും 13 വ്യക്തികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തലുണ്ട്. സെന്റ് പീറ്റേഴ്സ്ബർഗിലെ ഇന്റർനെറ്റ് റിസർച്ച് ഏജന്‍സിയായിരുന്നു ഇതിന്റെയെല്ലാം തലച്ചോറെന്ന് അമേരിക്ക സംശയിക്കുന്നു.

റഷ്യൻ പട്ടാളത്തിന്റെ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് തലവൻ ഇഗോർ കൊറോബോവ് അടക്കമുള്ളവരുടെ പേരുകളും മ്യുള്ളറുടെ അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. ഡെമോക്രാറ്റിക് നാഷണൽ കമ്മറ്റിയുടെ ഇമെയിലുകൾ ഇലക്ഷൻ കാലത്ത് ഹാക്ക് ചെയ്തതിനു പിന്നിൽ ഈ പട്ടാളമേധാവികളാണെന്ന് മ്യുള്ളറുടെ അന്വേഷണം പുറത്തു കൊണ്ടു വന്നിരുന്നു.

കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഉടനെ ഉപരോധം നിലവിൽ വരില്ലെങ്കിലും ഈ പട്ടികയിലുൾപ്പെട്ട കമ്പനികളുമായി ഇടപാട് നടത്തുന്നവർക്കെതിരെ കടുത്ത നടപടികളെടുക്കാൻ അമേരിക്കൻ കോൺഗ്രസ്സ് പാസ്സാക്കിയ ഉപരോധ നിയമത്തിൽ (Countering America’s Adversaries Through Sanctions Act) വകുപ്പുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍