UPDATES

വിദേശം

ട്രംപ് ജറുസലം പ്രഖ്യാപനം: യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചു

മുസ്ലിംകളെയും അറബ് ജനങ്ങളെയും ദേഷ്യപ്പെടുത്തുന്നതാണ് യു.എസിന്റെ തീരുമാനമെന്ന് ഈജിപ്ത് യു.എന്‍ അംബാസഡര്‍ അബ്ദുല്ലത്തീഫ് അബൂലത്ത പറഞ്ഞു. എന്നാല്‍, ഇസ്രായേല്‍ പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സുപ്രിം കോടതിയുടെയും കെട്ടിടങ്ങള്‍ ജറുസലമിലാണ് സ്ഥിതി ചെയ്യുന്നതെന്നും അവിടെ തന്നെയാണ് എംബസികളും വേണ്ടതെന്നുമാണ് മറുപടി പ്രസംഗത്തില്‍ യു.എസ് അംബാസഡര്‍ നിക്കി ഹാലെ പറഞ്ഞു

ഇസ്റായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ചര്‍ച്ച ചെയ്യാന്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചു. തീരുമാനത്തില്‍ ഫലസ്തീനില്‍ വന്‍ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് എട്ടു രാജ്യങ്ങള്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.

യു.എസ് ഒഴികെയുള്ള എല്ലാ രാജ്യങ്ങളും തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധിക രാജ്യങ്ങളും യു.എസ് തീരുമാനത്തെ എതിര്‍ത്താണ് സംസാരിച്ചത്. മേഖലയിലെ അസ്ഥിരാവസ്ഥയ്ക്ക് എണ്ണയൊഴിച്ചു കൊടുക്കുകയാണ് തീരുമാനമെന്ന് സ്വീഡിഷ് യു.എന്‍ അംബാസഡര്‍ ഓലോഫ് സ്‌കൂഗ് പറഞ്ഞു.

അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചാണ് ട്രംപ് തീരുമാനം പ്രഖ്യാപിച്ചത്. തെല്‍ അവീവിലെ തങ്ങളുടെ എംബസി ജറുസലമിലേക്ക് നീക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു.
തങ്ങളുടെ ഭാവി രാജ്യത്തിന്റെ തലസ്ഥാനമായി കിഴക്കന്‍ ജറുസലമിനെയാണ് ഫലസ്തീന്‍ കാണുന്നത്. എന്നാല്‍ ജറുസലം ഞങ്ങളുടെ അധീനതയിലാണെന്നും വിഭജിക്കാനാവില്ലെന്നുമാണ് ഇസ്റാഈലിന്റെ വാദം. ജറുസലം മൊത്തം തങ്ങളുടേതാണെന്ന വാദം അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ലാത്ത കാര്യമാണ്.

യോഗത്തില്‍ ഈജിപ്തും ശക്തമായ നിലപാടെടുത്തു. മുസ്ലിംകളെയും അറബ് ജനങ്ങളെയും ദേഷ്യപ്പെടുത്തുന്നതാണ് യു.എസിന്റെ തീരുമാനമെന്ന് ഈജിപ്ത് യു.എന്‍ അംബാസഡര്‍ അബ്ദുല്ലത്തീഫ് അബൂലത്ത പറഞ്ഞു. എന്നാല്‍, ഇസ്രായേല്‍ പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സുപ്രിം കോടതിയുടെയും കെട്ടിടങ്ങള്‍ ജറുസലമിലാണ് സ്ഥിതി ചെയ്യുന്നതെന്നും അവിടെ തന്നെയാണ് എംബസികളും വേണ്ടതെന്നുമാണ് മറുപടി പ്രസംഗത്തില്‍ യു.എസ് അംബാസഡര്‍ നിക്കി ഹാലെ പറഞ്ഞത്.

ഓരോ രാജ്യങ്ങള്‍ക്കും അവരുടെ തലസ്ഥാനം നിര്‍ണിയിക്കാനുള്ള അവകാശമുണ്ട്. ജറുസലമിനെ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ട്. ജറുസലമിന്റെ അതിര്‍ത്തി വരയ്ക്കാനോ നിര്‍ണയിക്കാനോ ഉള്ള തീരുമാനമല്ല യു.എസ് എടുത്തതെന്നും അവര്‍ ന്യായീകരിച്ചു. ഇസ്രായേലിന്റെ പക്ഷപാതപരമായാണ് യു.എന്‍ ഇടപെടുന്നതെന്നും നിക്കി ഹാലെ ആരോപിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍