UPDATES

വിദേശം

തടവുകാർ സോഷ്യൽ മീഡിയയിൽ സ്ത്രീകളുടെ വ്യാജ പ്രൊഫൈലുകളുണ്ടാക്കി; കുടുക്കിയത് സൈനികരെ

സൗത്ത് കരോലീനയിലാണ് സംഭവം. തടവുപുള്ളികൾ സ്ത്രീകളുടെ ചിത്രങ്ങളും പേരുകളും ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ കുടുങ്ങിയത് സൈനികർ. രാജ്യത്തെ വിവിധ സൈനികവിഭാഗങ്ങളിൽ നിന്നായി 442 പേര്‍ ഈ ‘വ്യാജസ്ത്രീ’കളിൽ നിന്നുള്ള ലൈംഗിക വാഗ്ദാനങ്ങളിൽ കുടുങ്ങിയതായാണ് വിവരം. ഇവരിൽ നിന്ന് ആകെ 560,000 ഡോളറോളം നഷ്ടപ്പട്ടതായും വിവരമുണ്ട്.

വളരെ തന്ത്രപൂർവ്വമാണ് തടവുപുള്ളികൾ കാര്യങ്ങൾ നീക്കിയതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവർ ആദ്യം സോഷ്യൽ മീഡിയയില്‍ സൈനികരെ തെരഞ്ഞ് കണ്ടെത്തുകയാണ് ചെയ്യുക. പിന്നീട് മെസ്സേജുകളും മറ്റും തുടങ്ങുന്നു. പിന്നെപ്പിന്നെ ചിത്രങ്ങളും കൈമാറിത്തുടങ്ങുന്നു. സൈനികരുടെ അത്യാവശ്യം തുറന്നുകാണിക്കലുള്ള ചിത്രങ്ങളും മറ്റും കിട്ടുന്നതോടെ സംഗതിയുടെ സ്വഭാവം മാറും. പെൺകുട്ടിയുടെ അച്ഛൻ രംഗത്ത് പ്രത്യക്ഷപ്പെടും.

ജയിലിൽ തന്നെയുള്ള മറ്റൊരു തടവുപുള്ളിയാണ് അച്ഛനായി എത്തുക. ഇതിനകം കുടുങ്ങിക്കഴിഞ്ഞ സൈനികനോട് തന്റെ മകൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും താൻ പൊലീസിനെ സമീപിക്കാൻ പോകുകയാണെന്നും പറയും. ഇതോടെ സൈനികൻ പൂർണമായും കീഴടങ്ങും.

തുടർന്ന് വിലപേശൽ നടക്കുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ കേസില്ലാതെ കാര്യങ്ങളൊതുക്കാൻ പണം നൽകാൻ സൈനികൻ തയ്യാറാകുന്നു. ഇത്തരത്തിലുള്ള തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് ഡോളറാണ് തടവുകാരുടെ അക്കൗണ്ടുകളിലേക്ക് എത്തിയത്.

ഇത്തരം സംഭവങ്ങൾ വ്യാപകമായതോടെ പൊലീസിന് വിവരം ലഭിച്ചു. ഇതിനകം അഞ്ച് അറസ്റ്റുകളുണ്ടായിട്ടുണ്ട്. ഇതൊരു ശൃംഖലയായാണ് പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. ആർമി, എയർ ഫോഴ്സ്, നേവൽ ക്രിമിനൽ ഇൻവെസ്റ്റിഗേറ്റീവ് സർവ്വീസ്, ഫെഡറൽ പൊലീസ് തുടങ്ങിയവരെല്ലാം ചേർന്നാണ് അന്വേഷണം നടത്തിവരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍