UPDATES

വിദേശം

കെന്നഡി വധത്തിന്റെ രേഖകള്‍ പുറത്തുവിട്ടു: എന്നിട്ടും ദുരൂഹതകള്‍ ബാക്കി

കെന്നഡി വധത്തിന് പിന്നാലെയാണ് കുപ്രസിദ്ധമായ രാഷ്ട്രീയ കൊലപാതക പരമ്പരകള്‍ക്ക് അമേരിക്കയില്‍ തുടക്കം കുറിച്ചത്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ മരണത്തിലെ ദുരൂഹതകള്‍ ബാക്കി വച്ച് അതുമായി ബന്ധപ്പെട്ട രഹസ്യരേഖകളുടെ ഒരു ഭാഗം അമേരിക്കന്‍ സര്‍ക്കാര്‍ ഓണ്‍ലൈനായി പുറത്തുവിട്ടു. പ്രസിഡന്റ് ട്രംപ് അഞ്ചുലക്ഷത്തിലേറെ പേജുകളുള്ള രേഖകള്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്.

എന്നാല്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്ന സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(സിഐഎ)യുടെയും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെയും(എഫ്ബിഐ) നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചില രേഖകള്‍ ഒഴിവാക്കുകയായിരുന്നു. ദേശീയ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരുന്ന 2891 സുപ്രധാന രേഖകളാണ് പുറത്തുവിട്ടത്. ശേഷിച്ച രേഖകളെക്കുറിച്ച് പഠിക്കാന്‍ 180 ദിവസത്തെ സമയം അനുവദിച്ചിരിക്കുകയാണ്. പൊതുജനത്തിന് രേഖകള്‍ ലഭ്യമാക്കാനാകുമോ എന്ന കാര്യമാണ് ഇവര്‍ പരിശോധിക്കുക. പരിശോധന പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് രേഖകള്‍ പുറത്തുവിടും. അരനൂറ്റാണ്ടിലേറെ കാലത്തെ നീഗൂഢത കാത്തുവച്ചിരിക്കുന്ന രേഖകളെല്ലാം ഒക്ടോബര്‍ 26ന് പുറത്തുവിടുമെന്ന് ട്രംപ് ശനിയാഴ്ചയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ടെക്‌സസിലെ ഡാലസില്‍ 1963 നവംബര്‍ 22ന് ഉച്ചയ്ക്കാണ് കെന്നഡി വെടിയേറ്റ് കൊല്ലപ്പെടുന്നത്. വെടിയുതിര്‍ത്ത ലീ ഹാര്‍ഡി ഓസ്വാള്‍ഡ് എന്നയാള്‍ തൊട്ടുപിന്നാലെ അറസ്റ്റിലാകുകയും ചെയ്തു. ഇരുപത്തിനാലുകാരനായ ഓസ്വാള്‍ഡ് സംഭവത്തിന് സമീപമുള്ള ഒരു കെട്ടിടത്തിലെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ബുക്ക് ഡിപ്പോയിലെ ജോലിക്കാരനായിരുന്നു. ആ കെട്ടിടത്തില്‍ നിന്നാണ് കെന്നഡിക്ക് നേരെ വെടിവച്ചതും. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ ജാക്ക് റൂബി എന്ന നിശാക്ലബ്ബ് ഉടമയുടെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു.

അതേസമയം സാധാരണക്കാരനായ ഓസ്വാള്‍ഡ് എന്തിനാണ് കെന്നഡിയെ കൊലപ്പെടുത്തിയത് എന്നത് ഇന്നും നിഗൂഢമായി തുടരുന്ന രഹസ്യമാണ്. കൃത്യം നിര്‍വഹിച്ചതിന് പിന്നാലെ ഓസ്വാള്‍ഡ് കൊല്ലപ്പെട്ടതും സംഭവത്തിലെ നിഗൂഢത വര്‍ധിപ്പിച്ചു. ഓസ്വാള്‍ഡിനെ കൊലപ്പെടുത്തിയ ജാക്ക് റൂബി പിന്നീട് ജയിലില്‍ വച്ച് ക്യാന്‍സര്‍ ബാധിതനായി മരിക്കുകയും ചെയ്തു. കൊലപാതകം ചെയ്യുന്നതിന് മുമ്പ് ഓസ്വാള്‍ഡ് മെക്‌സിക്കോയിലേക്ക് യാത്ര നടത്തിയെന്ന വിവരവും അതിനിടെ ലഭിച്ചു. എഫ്ബിഐയും സിഐഎയും പിന്നീട് അന്വേഷണം നടത്തിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ആ യാത്രയില്‍ എന്താണ് സംഭവിച്ചതെന്ന വിവരങ്ങളാണ് ഇനിയും പുറത്തുവരാനിരിക്കുന്നത്.

ക്യൂബയുടേയോ സോവ്യറ്റ് യൂണിയന്റേയോ ചാരന്മാരുമായി ഗൂഢാലോചന നടത്താനായിരുന്നു യാത്രയെന്നാണ് പലരും വിശ്വസിക്കുന്നത്. ഓസ്വാള്‍ഡിന് പഴയ സോവ്യറ്റ് യൂണിയനുമായി രഹസ്യബന്ധം ഉണ്ടായിരുന്നതായാണ് പലരും കരുതുന്നത്. കെന്നഡി വധത്തിന് പിന്നാലെയാണ് കുപ്രസിദ്ധമായ രാഷ്ട്രീയ കൊലപാതക പരമ്പരകള്‍ക്ക് അമേരിക്കയില്‍ തുടക്കം കുറിച്ചത്. 1968 ഏപ്രിലില്‍ മാര്‍ട്ടിന്‍ ലൂഥര്‍കിംഗും ജൂണില്‍ കെന്നഡിയുടെ സഹോദരന്‍ റോബര്‍ട്ട് എഫ് കെന്നഡിയും കൊല്ലപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍