UPDATES

വിദേശം

ഡോണൾഡ് ട്രംപിന്റെ മുസ്ലിം യാത്രാ നിരോധനം സുപ്രീംകോടതി ശരിവെച്ചു

കുടിയേറ്റ നയങ്ങൾ പരക്കെ വിമർശിക്കപ്പെടുന്ന സന്ദർഭത്തിൽ ഈ അനുകൂല വിധി ട്രംപിന് വലിയൊരാശ്വാസമാണ്.

അമേരിക്കൻ പ്രസിഡണ്ടായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിനു ശേഷം നിലവിൽ വന്ന വിവാദ ഉത്തരവുകളിലൊന്നിന് രാജ്യത്തിന്റെ ഉന്നതന്യായ പീഠത്തിന്റെ പിന്തുണ. നിരവധി മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവരെ യുഎസ്സിലേക്ക് കടക്കുന്നതിനെ നിരോധിക്കുന്ന ഉത്തരവാണ് കോടതി ശരിവെച്ചത്. നിരവധി കീഴ്ക്കോടതികൾ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ച ഉത്തരവാണിത്.

സുപ്രീംകോടതിയിലെ അഞ്ചംഗ ബെഞ്ചിൽ നാലുപേരുടെ പിന്തുണയാണ് ട്രംപിന്റെ ഉത്തരവിന് ലഭിച്ചത്.

ഇറാൻ, ലിബിയ, സോമാലിയ, സിറിയ, യെമെൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസ്സിൽ പ്രവേശിക്കുന്നതിനാണ് ട്രംപ് നിരോധനം ഏർപ്പെടുത്തിയത്.

യാത്രാനിരോധനം പ്രസിഡണ്ടിന്റെ അധികാരത്തിൽ നിക്ഷിപ്തമായിട്ടുള്ള ഒന്നാണെന്നും ഇതിൽ കോടതി ഇടപെടേണ്ടതില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിധിന്യായത്തിൽ പറഞ്ഞു. ദേശീയ സുരക്ഷയെ മുൻനിർത്തിയുള്ളതാണ് ഈ നിരോധനമെന്ന സർക്കാരിന്റെ വാദം യുക്തിഭദ്രമാണെന്നും കോടതി പറഞ്ഞു.

അതെസമയം, ഈ വിധിപ്രസ്താവം സുപ്രീംകോടതിയുടെ ‘വൻ പരാജയ’ങ്ങളിലൊന്നാണെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ഡയറക്ടർ ഒമർ ജാഡ്വറ്റ് പറഞ്ഞു. മുസ്ലിങ്ങളെ നിരോധിക്കാനുള്ള ട്രംപിന്റെ നയത്തിനെതിരെ ശക്തമായ നടപടികൾ ജനങ്ങളെടുക്കുന്നില്ലെങ്കിൽ അവർ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ സ്വാതന്ത്ര്യത്തെയും സമത്വത്തെയും ഉയർത്തിപ്പിടിക്കുന്നില്ല എന്നാണർത്ഥമെന്നും അദ്ദേഹം വിശദീകരിച്ചു.

യുഎസ്സിന്റെ കുടിയേറ്റ നയങ്ങൾ പരക്കെ വിമർശിക്കപ്പെടുന്ന സന്ദർഭത്തിൽ ഈ അനുകൂല വിധി ട്രംപിന് വലിയൊരാശ്വാസമാണ്. തെക്കനമേരിക്കൻ അതിർത്തിയിൽ വിവിധ പട്ടാള ക്യാമ്പുകളിൽ കുടിയേറ്റക്കാരെ പിടികൂടി താമസിപ്പിക്കാനുള്ള പ്രത്യേക കേന്ദ്രങ്ങൾ തുറക്കാൻ ട്രംപ് തീരുമാനമെടുത്തത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. കുടിയേറ്റവിരുദ്ധ നയങ്ങൾക്ക് വരുംദിനങ്ങളിൽ കരുത്തേറിയേക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.

ഇറാൻ, ലിബിയ, സോമാലിയ, സിറിയ, യെമെൻ എന്നിവിടങ്ങളിലെ യുദ്ധക്കെടുതികളിൽ പെട്ട് നിരവധിയാളുകളാണ് വിവിധ രാജ്യങ്ങളിൽ അഭയാർത്ഥികളായും മറ്റും കഴിയുന്നത്. യുഎസ്സിലും ഇത്തരമാളുകൾ ധാരാളമുണ്ട്. രാജ്യത്തേക്ക് തിരിച്ചു ചെല്ലാൻ കഴിയാത്ത ദുരവസ്ഥയാണ് ഇവർക്കെല്ലാം. ഇപ്പോഴും കെടുതികൾ അവസാനിച്ചിട്ടില്ലാത്ത ഈ രാജ്യങ്ങളിലുള്ളവർ ഇതര രാജ്യങ്ങളെയാണ് പ്രതീക്ഷയോടെ കാണുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍