UPDATES

വിദേശം

അന്നൊടുങ്ങിയവരെത്ര; മഹായുദ്ധത്തിന് ഇന്ന് നൂറാണ്ട്

Avatar

ടീം അഴിമുഖം

 

ജനങ്ങള്‍ മെച്ചപ്പെട്ട ജീവിതം തേടി വലിയതോതില്‍ അതിര്‍ത്തികളും ഭൂഖണ്ഡങ്ങളും കടന്നു കുടിയേറിക്കൊണ്ടിരുന്നു. ആഗോള സമ്പദ് വ്യവസ്ഥ കുതിച്ചുകയറുകയായിരുന്നു. ഒരു യുദ്ധത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത സമയം. ആധുനിക ഗാതഗതസൌകര്യങ്ങള്‍, ഒഴുകുന്ന മൂലധനം, ടെലിഫോണ്‍, മറ്റ് നൂറുകൂട്ടം സാങ്കേതികവിദ്യകള്‍ അങ്ങനെ എല്ലാം ചേര്‍ന്ന് മനുഷ്യജീവിതം ഓരോ ദിവസവും വിപ്ലവകരമായ മാറ്റങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയായിരുന്നു.

 

ഇത്, നമ്മുടെ ഇന്നത്തെ കാലത്തെക്കുറിച്ചല്ല പറയുന്നത്. 1914-ലെ കഥയാണ്.

 

അഭൂതപൂര്‍വമായ ആഗോള കുടിയേറ്റങ്ങളും, തിളക്കമാര്‍ന്ന സാമ്പത്തികമുന്നേറ്റവും ഇനിയൊരു മഹായുദ്ധത്തിനു ലോകം സാക്ഷ്യം വഹിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലേക്കാണ് സാധാരണക്കാരെയും, വിദഗ്ദ്ധരെയും ഒരുപോലെ നയിച്ചത്. അങ്ങനെയിരിക്കേയാണ്, 1914 ജൂണ്‍ 28-നു ആസ്ട്രിയന്‍ രാജകുമാരന്‍ ഫ്രാന്‍സ് ഫെര്‍ഡിനാനിന്റെയും പത്നി സോഫിയുടെയും ഡ്രൈവര്‍ സരാജാവോയുടെ പഴയ പട്ടണത്തില്‍ വഴിയൊന്ന് തെറ്റിത്തിരിഞ്ഞുപോയത്.

 

ഗാവ്രിലോ പ്രിന്‍സിപ്പ് രാജകുമാരനെ വധിക്കാനുള്ള പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച മട്ടായിരുന്നു. പക്ഷേ വഴി തെറ്റിത്തിരിഞ്ഞ കാര്‍ അയാളുടെ ചരിത്രനിയോഗത്തെ വീണ്ടും മുന്നിലേക്കിട്ടു. മാനവചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ വധങ്ങളിലൊന്ന്; ആസ്ട്രിയ രാജകുമാരന് നേര്‍ക്ക് അയാള്‍ വെടിയുണ്ടകള്‍ ഉതിര്‍ത്തു.

 

 

തന്റെ ബ്രൌണിങ് സെമി-ഓട്ടോമാറ്റിക് കൈത്തോക്കില്‍നിന്നും ആ 19-കാരന്‍ വെടിയുതിര്‍ത്ത, ഹാപ്സ്ബര്‍ഗ് സാമ്രാജ്യത്തിന്റെ അനന്തരാവകാശിയെ വധിച്ച, ലോകത്തെ ഒന്നാം ലോകമഹായുദ്ധത്തിലേക്ക് തള്ളിവിട്ട ആ സംഭവത്തിന് ഇന്ന് കൃത്യം 100 വയസ്സു തികയുകയാണ്.

 

1914-നും 1918-നും ഇടയില്‍ നടന്ന യുദ്ധങ്ങള്‍ ലോകത്തിന്‍റെ ജാതകം തിരുത്തിയെഴുതി. യുദ്ധം കഴിഞ്ഞപ്പോളേക്കും ജര്‍മ്മനി, റഷ്യ, ആസ്ട്രോ-ഹംഗറി, ഒട്ടോമന്‍ സാമ്രാജ്യങ്ങള്‍ നാമാവശേഷമായി.

 

ഒന്നാം ലോകമഹായുദ്ധം യുദ്ധഭൂമിയില്‍ ടാങ്കുകളുടെ വരവറിയിച്ചു. അത് പട്ടാളക്കാരെ ട്രഞ്ചുകളില്‍ നിന്നും പുറത്തുചാടിച്ചു. രാസായുധങ്ങളും, വ്യോമാക്രമണവും യുദ്ധരീതികളായി. മറ്റേത് ജന്തുജാതിയെക്കാളും പരസ്പരം കൊന്നൊടുക്കുന്ന നമ്മുടെ ഹീനമായ ശേഷികളുടെ കേളികൊട്ടുകൂടിയായിരുന്നു ആ യുദ്ധം.

 

നിരവധി പുതിയ രാഷ്ട്രങ്ങള്‍ പിറവിയെടുത്തു. അമേരിക്കന്‍ ഐക്യനാടുകള്‍ ആഗോള ശക്തിയായി മാറുന്നതിന്റെ ആദ്യലക്ഷണങ്ങള്‍ അന്ന് കണ്ടു. 1.7 കോടി മനുഷ്യരെയാണ് ആ യുദ്ധം ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയത്. പരിക്കേറ്റവര്‍ അതിലേറെ. 

ബെസ്റ്റ് ഓഫ് അഴിമുഖം

വേണോ നമുക്ക് വെവ്വേറെ സമയ മേഖലകള്‍?
അത്രയൊക്കെ മതി, ശവക്കുഴീന്ന് ഇവറ്റയൊന്നും എഴുന്നേറ്റുവരാന്‍ പോണില്ല!
കാരണവര്‍ക്ക് അടുപ്പിലും തുപ്പാമോ
യുക്തിവാദികളെ ആര്‍ക്കാണ് പേടി?
തുരുമ്പെടുക്കുന്ന കമ്മീഷനുകള്‍

യുദ്ധത്തില്‍ ജര്‍മ്മനി ദയനീയമായി പരാജയപ്പെട്ടു, അതിലേറെ അപമാനിക്കപ്പെട്ടു. തുടര്‍ദശാബ്ദങ്ങളില്‍ ഈ അപമാനത്തിന്റെ കഥകൂടിയാണ് ഹിറ്റ്ലറുടെ നാസീ സിദ്ധാന്തത്തിനും അതുകൂടി ചേര്‍ന്നുണ്ടാക്കിയ രണ്ടാം ലോകമഹായുദ്ധത്തിനും വളമിട്ടത്. ആ രണ്ടാം യുദ്ധം അന്യോന്യം കൊല്ലാനുള്ള മനുഷ്യന്റെ ഭീതിദമായ കഴിവിനെ ഒന്നുകൂടി പുഷ്ടിപ്പെടുത്തി. ഇക്കുറി ജപ്പാനിലിട്ട ആണവ ബോംബുകളായിരുന്നു പുത്തന്‍താരം. ഈ വര്‍ഷം രണ്ടാം ലോകമഹായുദ്ധത്തിന്റെ 75-ആം വാര്‍ഷികം കൂടിയാണ്.

 

ഒന്നാം ലോകമഹായുദ്ധം തീരുന്നതിന് മുമ്പ് കമ്മ്യൂണിസ്റ്റുകാര്‍ സോവിയറ്റ് യൂണിയന്‍ സൃഷ്ടിച്ചു. ലോകത്തെങ്ങുമുള്ള കോടാനുകോടി മനുഷ്യരില്‍ ആ പ്രത്യയശാസ്ത്രം പടര്‍ന്നുകയറി. ലോകത്തെങ്ങും നിരവധി കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ നിലവില്‍ വന്നു. ഇവയില്‍ മിക്കവയും 1980-കളുടെ ഒടുവില്‍ തകര്‍ന്നുവീഴുകയും ചെയ്തു. ഈ വര്‍ഷം ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയുടെ 25-ആം വാര്‍ഷികം കൂടിയാണ്. മനുഷ്യന്റെ സ്വാതന്ത്ര്യവാഞ്ചക്കും കടിഞാണില്ലാത്ത ആഗ്രഹങ്ങള്‍ക്കും ഒപ്പമെത്താനാകാത്ത ഒരു ഉടോപ്യന്‍ പ്രത്യയശാസ്ത്രത്തിന്റെ നിസ്സഹായാവസ്ഥയുമായിരുന്നു അത്.

 

സെര്‍ബിയന്‍ അധിനിവേശത്തിനായി ആസ്ട്രോ-ഹംഗറിക്കാര്‍ ആദ്യവെടി പൊട്ടിച്ചതോടെ ഇന്നേക്കു 100 ദിവസം മുമ്പ് തുടങ്ങിയ യുദ്ധം നമ്മെ വിനയാന്വിതരാക്കുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ പാഠപുസ്തകം കൂടിയാണ്.

 

 

ആ യുദ്ധം ഇന്ത്യയുടെ തീരങ്ങളിലേക്ക് എത്തിയതേയില്ല. പക്ഷേ ഇന്നാട്ടിലെ ദരിദ്രര്‍, ബ്രിട്ടീഷ് സാമ്രാജ്യത്തത്തിനായി അന്യനാടുകളില്‍ പോയി പടവെട്ടി. ആയിരങ്ങളാണ് പോയത്, ആയിരങ്ങളാണ് മരിച്ചത്.

 

വായനക്കാര്‍ അടുത്ത തവണ ഡല്‍ഹി സന്ദര്‍ശിക്കുമ്പോള്‍ ഇന്ത്യാ ഗേറ്റിനു വളരെ അടുത്ത് ചെല്ലണം. ഫ്രാന്‍സിലും ഫ്ലാണ്ടെഴ്സിലും, മെസൊപ്പൊട്ടാമിയയിലും പേര്‍ഷ്യയിലും, കിഴക്കന്‍ ആഫ്രിക്കയിലും, ഗാല്ലിപ്പൊളിയിലും പേരറിയാത്ത മറ്റൊരുപാട് നാടുകളില്‍ യുദ്ധഭൂമിയില്‍ ജീവന്‍ പോയ 70,000 ഇന്ത്യക്കാരുടെ പേരുകള്‍ അവിടെ ആലേഖനം ചെയ്തിട്ടുണ്ട്.

 

മനുഷ്യജീവിതത്തിന്റെയും സംഘര്‍ഷത്തിന്റെയും അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളാണ് ആ പേരുകള്‍ നമ്മോടു വിളിച്ചുപറയുന്നത്. ഒരുനേരത്തെ ആഹാരത്തിനായി മനുഷ്യന്‍ മനുഷ്യനെ കൊല്ലാന്‍ തയ്യാറാകുന്ന വാസ്തവം. അതിനുവേണ്ടി ഏതറ്റംവരെ പോകാനും തയ്യാര്‍. സ്വന്തം വീട്ടില്‍നിന്നും കണ്ണെത്താദൂരത്ത്, ലോകത്തിന്‍റെ വിദൂരമാമൊരു കോണിലെ, ഒരു പേരറിയാ കുന്നിഞ്ചെരുവില്‍ ആരുമറിയാതെ അജ്ഞാതനായി മരിക്കുന്നതാണ് സ്വന്തം നാട്ടിലെ ദരിദ്രമായ ജീവിതത്തെക്കാള്‍ നല്ലതെന്ന യുക്തിയുടെ ചൂടും ആ യുദ്ധം ഒന്നുകൂടി വിളിച്ചുപറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍