UPDATES

വിദേശം

ലിബിയയിൽ ജലവിതരണ ശ‍ൃംഖലയ്ക്ക് നേരെ ആക്രമണം; പിന്നിൽ ലിബിയൻ നാഷണൽ ആർമി; കുടിവെള്ള ക്ഷാമം രൂക്ഷം

ലിബിയൻ ഏകാധിപതിയായിരുന്ന മുഅമ്മർ ഗദ്ദാഫി നിര്‍മ്മിച്ച ജലവിതരണ പദ്ധതിയാണ് ഗ്രേറ്റ് മാന്‍മേഡ് റിവർ പ്രോജക്ട് കൺസോർഷ്യം.

സായുധ ആക്രമണം നടന്നതോടെ ലിബിയൻ തലസ്ഥാനത്തേയും ചുറ്റുമുള്ള നഗരങ്ങളിലേയും ജലവിതരണം പുനസ്ഥാപിച്ചു. വേനൽക്കാല താപനില ക്രമാതീതമായി ഉയരാന്‍ തുടങ്ങിയതോടെ ദശലക്ഷക്കണക്കിന് ആളുകൾ വെള്ളമില്ലാതെ ദുരിതമനുഭവിക്കുകയാണ്. ‘ഗ്രേറ്റ് മാന്‍മേഡ് റിവർ പ്രോജക്ട് കൺസോർഷ്യ’ത്തിന്‍റെ ജഫറയിലെ കൺട്രോൾ റൂമിൽ ഞായറാഴ്ച എത്തിച്ചേർന്ന അക്രമിസംഘം കൺട്രോൾ റൂം തകര്‍ക്കുകയായിരുന്നു.

സഹാറയിൽ നിന്നും ട്രിപോളിയിലേക്ക് ശുദ്ധജലം കൊണ്ടുപോകുന്ന ഭൂഗര്‍ഭ പൈപ്പ് ലൈന്‍ ആണ് അക്രമികള്‍ തകര്‍ത്തത്. ഭൂഗർഭ കിണറുകളുമായി ബന്ധിപ്പിച്ച വാട്ടർ പൈപ്പുകൾ അടച്ചു പൂട്ടാൻ അവിടെ ഉണ്ടായിരുന്ന സ്റ്റാഫുകളോട് അവര്‍ ആവശ്യപ്പെടുകയായിരുന്നു. ഏകദേശം 2 ദശലക്ഷത്തിലധികം ആളുകളാണ് ഈ ജലത്തെമാത്രം ആശ്രയിച്ച് കഴിയുന്നത്.

ലിബിയൻ നാഷനൽ ആർമി (എൽ.എന്‍.എ) നേതാവ് ഫീൽഡ് മാർഷൽ ഖലീഫാ ഹഫ്റ്ററുടെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സായുധസംഘം അവകാശപ്പെട്ടു. ഹഫ്റ്ററിന്‍റെ സേനക്ക് ലിബിയയുടെ തെക്ക്-കിഴക്ക് ഭാഗങ്ങളില്‍ ശക്തമായ സ്വാധീനമുണ്ട്. ഐക്യരാഷ്ട്രസഭയുടെ ദേശീയ ഏകോപന സമിതിയിൽ നിന്നും (ജി.എന്‍.എ) തലസ്ഥാനം പിടിച്ചടക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

എന്നാല്‍ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സായുധ സംഘമാണ് അക്രമിച്ചതെന്നും, വിവാദ ജനറൽ ഹഫ്റ്ററിന്‍റെ സേനക്ക് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും ജി.എന്‍.എ വ്യക്തമാക്കി. യു.എ.ഇ., സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പിന്തുണയോടെയാണ് എൽ.എന്‍.എ പ്രവര്‍ത്തിക്കുന്നത്. ഏപ്രിൽ 4 മുതൽ അവര്‍ ട്രിപ്പോളിയെ വളഞ്ഞ് ഉപരോധിക്കുന്നുണ്ട്.

ലിബിയൻ ഏകാധിപതിയായിരുന്ന മുഅമ്മർ ഗദ്ദാഫി നിര്‍മ്മിച്ച ജലവിതരണ പദ്ധതിയാണ് ഗ്രേറ്റ് മാന്‍മേഡ് റിവർ പ്രോജക്ട് കൺസോർഷ്യം. യാതൊരു കാരണവശാലും ജലത്തെ വിലപേശാന്‍ ഉപയോഗിക്കരുതെന്നും അത് ദൈവത്തിന്‍റെ വരദാനമാണെന്നും ജല പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന ഏജൻസി ആവശ്യപ്പെട്ടു.

ആക്രമണത്തിന്‍റെ ഫലമായി ട്രിപോളിക്ക് പുറമേ, ഗര്‍യാനിലും മറ്റ് ചില പടിഞ്ഞാറൻ മലയോര നഗരങ്ങളിലും ജലവിതരണം തടസ്സപ്പെട്ടിരുന്നു. യുദ്ധം കാരണം പൈപ്പ് ലീക്കേജ് ഇല്ലാതാക്കാന്‍ ബുദ്ധിമുട്ടുള്ളതായി അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജലക്ഷാമം ഏറ്റവും രൂക്ഷമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒന്നാണ് ലിബിയ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍