UPDATES

വിദേശം

മാക്രോണിന്റെ ഫ്രാന്‍സില്‍ നിന്നും യൂറോപ്പ് പ്രതീക്ഷിക്കുന്നത്

ബ്രക്‌സിറ്റ്, ഡൊണാള്‍ഡ് ട്രംപ് വിഷയങ്ങള്‍, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുത തുടങ്ങിയ കാര്യങ്ങള്‍ യൂറോപ്പിന്റെ നിലനില്‍പിന് തന്നെ വെല്ലുവിളിയാവുകയാണ്.

ഫ്രാന്‍സിലെ ഏറ്റവും അധികാരമുള്ള ജനപ്രതിനിധി സഭയായ ദേശീയ അസംബ്ലിയിലേക്ക് ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിയായ ല റിപബ്ലിക്ക നിര്‍ണായക ഭൂരിപക്ഷം നേടി. തിരഞ്ഞെടുക്കപ്പെടുന്ന പദവിയിലേക്കുള്ള തന്റെ ആദ്യ പോരാട്ടത്തില്‍ തന്നെ എലിസി കൊട്ടാരത്തില്‍ എത്തപ്പെട്ട് വെറും ആറ് ആഴ്ചയ്ക്കുള്ളിലാണ് മാക്രോണും വെറും 14 മാസം മുമ്പ് അദ്ദേഹം സ്ഥാപിച്ച പാര്‍ട്ടിയും നിര്‍ണായക വിജയം നേടിയിരിക്കുന്നത്.

അധികാരമേറ്റ് ആദ്യമാസത്തില്‍ തന്നെ അന്താരാഷ്ട്ര രംഗത്ത് തന്റെ സാന്നിധ്യം അറിയിക്കാന്‍ മാക്രോണിന് സാധിച്ചുവെന്ന് thewire.in-ല്‍ എഴുതിയ ലേഖനത്തില്‍ റിച്ചാഡ് മെഹര്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കിയ കടുപ്പമേറിയ ഹസ്തദാനവും റഷ്യന്‍ സന്ദര്‍ശനത്തില്‍ സ്പുഡിനിക്കിനെയും റഷ്യ ടുഡെയും പോലെയുള്ള റഷ്യന്‍ മാധ്യമങ്ങളെ വിമര്‍ശിച്ചതും ഇതിന് ഉദാഹരണമായി മെഹര്‍ ചൂണ്ടിക്കാണിക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും റഷ്യന്‍ മാധ്യമങ്ങള്‍ ഇടപെട്ടതായും മാക്രോണ്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇനി ഫ്രാന്‍സിലെ തന്റെ സാമ്പത്തിക പരിഷ്‌കരണ അജണ്ടകളുമായി മാക്രോണിന് മുന്നോട്ട് പോകേണ്ടി വരും. ജര്‍മ്മനിയെ വിശ്വാസത്തിലെടുക്കുകയും യുറോ സോണിനുള്ള പിന്തുണ ഉറപ്പാക്കുന്നതിനെ കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു.

പാര്‍ലമെന്റില്‍ മികച്ച ഭൂരിപക്ഷം ലഭിച്ച സ്ഥിതിക്ക് തന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ മക്രോണിന് കുറച്ചുകൂടി എളുപ്പമായിരിക്കും. തൊഴിലില്ലായ്മ, വികസന മുരടിപ്പ്, പൊതുചിലവുകളിലെ വര്‍ദ്ധന, വന്‍ ബജറ്റ് കമ്മി, പൊതുകടത്തിലുള്ള വര്‍ദ്ധന തുടങ്ങി ഫ്രാന്‍സിലെ സമ്പദ്‌വ്യവസ്ഥയില്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. ആഗോള കമ്പോളത്തില്‍ ഫ്രഞ്ച് കമ്പനികളുടെ കൂടുതല്‍ മത്സരാധിഷ്ടിതമായ സാന്നിധ്യം ഉറപ്പുവരുത്തുമെന്ന് മക്രോണ്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. തൊഴില്‍ സമയത്തിലും വേതനനിരക്കിലും അവസാന തീരുമാനം എടുക്കാന്‍ കമ്പനികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുക എന്ന നയമാവും മക്രോണ്‍ പിന്തുടരുക. പക്ഷെ പൊതുമേഖല ശക്തമായ ഫ്രാന്‍സില്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കാന്‍ സാധ്യതയുണ്ട്. കോര്‍പ്പറേറ്റ് നികുതികള്‍ വെട്ടിക്കുറയ്ക്കുക, ചില പെന്‍ഷന്‍ തുകകള്‍ കുറയ്ക്കുക, പൊതുചിലവ് വെട്ടിക്കുറയ്ക്കുക, ആഴ്ചയില്‍ 35 മണിക്കൂര്‍ ജോലി സമയം എന്നത് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നടപടികള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഫ്രാന്‍സിലെ തൊഴില്‍, പെന്‍ഷന്‍ നിയമങ്ങള്‍ മാറ്റാന്‍ ശ്രമിച്ച മക്രോണിന്റെ മുന്‍ഗാമികളൊക്കെ അതിന്റെ തിക്തഫലം അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പ്രസിഡന്റുമാരും സാമ്പത്തികപരിഷ്‌കരണങ്ങളുടെ പേരില്‍ തിരഞ്ഞെടുപ്പ് തോല്‍വി നേരിട്ടവരാണ്. തന്റെ മുന്‍ഗാമികള്‍ പരാജയപ്പെട്ടിടത്ത് പുതിയ ഒരു മാര്‍ഗ്ഗം കണ്ടുപിടിക്കാന്‍ മക്രോണ്‍ നിര്‍ബന്ധിതനാവും.

ജര്‍മ്മനിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ആഭ്യന്തര സാമ്പത്തിക പരിഷ്‌കരണങ്ങള്‍ മക്രോണിനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. നാട്ടിലെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വിചാരിച്ച രീതിയില്‍ നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ യൂറോസോണുമായി ബന്ധപ്പെട്ട് മക്രോണ്‍ മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി സമീപിക്കാന്‍ ജര്‍മ്മന്‍ നേതാക്കള്‍ തയ്യാറാവില്ല. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ജര്‍മ്മനിയും ഫ്രാന്‍സും തമ്മിലുള്ള സാമ്പത്തിക അന്തരം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും കയറ്റുമതി കുത്തനെ ഇടിയുകയും ചെയ്തു. എന്നാല്‍ ജര്‍മ്മനിയുടെ കയറ്റുമതി ഈ കാലയളവില്‍ വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ യൂറോസോണുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നത്തിലെയും അവസാനവാക്ക് ജര്‍മ്മനിയുടെതായി മാറുന്നു.

എന്നാല്‍ ജര്‍മ്മന്‍ വിഷയങ്ങളില്‍ പ്രഗത്ഭരായ ഉപദേശകരുടെ സാന്നിധ്യമാണ് മക്രോണിന്റെ ശക്തി. യൂറോസോണ്‍ പരിഷ്‌കാരങ്ങളുടെ ആവശ്യകതയെ കുറിച്ച് ജര്‍മ്മന്‍ നേതാക്കളെ മാത്രമല്ല അവിടുത്ത ജനങ്ങളെ വരെ ബോധ്യപ്പെടുത്താന്‍ മക്രോണിന് സാധിക്കും എന്നാണ് പൊതുവില്‍ പ്രതീക്ഷിക്കപ്പെടുന്നത്. യൂറോസോണിന് മാത്രമായി ഒരു ധനകാര്യമന്ത്രി, നിക്ഷേപങ്ങള്‍ക്കും ധനവിനയോഗത്തിനുമായി പൊതുബജറ്റ് തുടങ്ങിയ നിര്‍ദ്ദേശങ്ങളൊക്കെ മക്രോണ്‍ മുന്നോട്ട് വച്ചിട്ടുണ്ട്. തന്റെ നിര്‍ദ്ദേശങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട രാജ്യങ്ങളെ രക്ഷിക്കുമെന്നാണ് മക്രോണ്‍ അവകാശപ്പെടുന്നത്.

എന്നാല്‍, കാത്തിരുന്ന് കാണാം എന്ന നിലപാടിലാണ് ജര്‍മ്മന്‍ അധികാരികള്‍. ആദ്യം ഫ്രഞ്ച് ധനസ്ഥിതി മെച്ചപ്പെടുത്തട്ടെ പിന്നീട് ബാക്കി കാര്യങ്ങള്‍ ആലോചിക്കാം എന്നാണ് അവരുടെ നിലപാട്. മറ്റ് ചില മേഖലകളില്‍ മക്രോണിന്റെ സര്‍ക്കാരുമായി സഹകരിക്കും എന്നും ജര്‍മ്മനി സൂചിപ്പിക്കുന്നുണ്ട്. ചില പദ്ധതികളിലുള്ള സഹകരണ നിക്ഷേപം, കോര്‍പ്പറേറ്റ് നികുതികളിലെ ഏകീകരണം, സുരക്ഷ-പ്രതിരോധ സഹകരണം, ഡിജിറ്റല്‍-ഊര്‍ജ്ജ മേഖലകളിലെ സഹകരണം എന്നിവയൊക്കെ ജര്‍മ്മന്‍ പദ്ധതിയില്‍ പെടുന്നു.

പാര്‍ലമെന്റില്‍ ലഭിച്ചിരിക്കുന്ന വലിയ ഭൂരിപക്ഷം പരിഷ്‌കരണങ്ങളുമായി മുന്നോട്ട് പോകാന്‍ മക്രോണിനെ പ്രേരിപ്പിച്ചേക്കും. എന്നാല്‍ തന്റെ നടപടികള്‍ ഫ്രാന്‍സിലെ ജനങ്ങള്‍ക്ക് ഗുണകരമാകും എന്ന് അവരെ ബോധ്യപ്പെടുത്തുകയാവും മക്രോണ്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഏതായാലും മക്രോണിന്റെ വിജയമാണ് യൂറോപ്പ് ആവശ്യപ്പെടുന്നത്. ബ്രക്‌സിറ്റ്, ഡൊണാള്‍ഡ് ട്രംപ് വിഷയങ്ങള്‍, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുത തുടങ്ങിയ കാര്യങ്ങള്‍ യൂറോപ്പിന്റെ നിലനില്‍പിന് തന്നെ വെല്ലുവിളിയാവുകയാണ്. ഇത്തരം സാഹചര്യത്തില്‍ ശക്തമായ ഒരു ഫ്രാന്‍സ് എന്നതാണ് ജര്‍മ്മനിയുടെ ആവശ്യം. യൂറോസോണ്‍ നേതൃത്വത്തിന്റെ എല്ലാ ഭാരവും ഒറ്റയ്ക്ക് ഏറ്റെടുക്കാന്‍ അവര്‍ മടിക്കുന്നു. പക്ഷെ, മക്രോണിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും വിജയം നല്‍കുന്ന സൂചനകള്‍ പ്രത്യക്ഷമാണ്. പ്രതീക്ഷകള്‍ക്ക് അനുസരിച്ച് വളരാമെന്നുള്ള പ്രതീക്ഷയും ആത്മവിശ്വാസവുമാണ് അവിടെ പ്രതിഫലിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍