ഓരോ രാജ്യങ്ങളുടെയും ഹരിതവാതക നിർഗമനവും അതിന്മേല്‍ അതാത് രാജ്യങ്ങളുടെ ഉത്തരവാദിത്വവും സംബന്ധിച്ചുള്ള വിഷയങ്ങളിൽ രാജ്യങ്ങൾ തമ്മിൽ അതിശക്തമായ സംവാദങ്ങളുണ്ടായി ഇത്തവണത്തെ ഉച്ചകോടിയിൽ.
2020ൽ പാരിസ് കാലാവസ്ഥാ ഉടമ്പടി നിലവില്‍ വരികയാണ്. പോളണ്ടിലെ കാറ്റോവൈസിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇരുന്നൂറോളം രാജ്യങ്ങളുടെ പ്രതിനിധികൾ നടത്തിയ ഉച്ചകോടി ഈ കരാർ പ്രാബല്യത്തിൽ വരാൻ പോകുന്നതിന്റെ മുന്നോടിയായിരുന്നു. ഇന്ത്യയും ഈ ഉടമ്പടിയിൽ പങ്കാളിയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പാരിസ് ഉടമ്പടിയും അതിലേക്കുള്ള യാത്രയുടെ ഈ മുഹൂർത്തങ്ങളും.
ആഗോളതാപനം വർധിച്ചു വരികയാണ്. ആഗോളതാപനത്തിന്റെ തോത് 2 ഡിഗ്രി സെൽഷ്യസിനു താഴെ നിയന്ത്രിച്ചു നിറുത്തുകയും, കഴിയുംവിധം ഇത് 1.5 ഡിഗ്രി സെൽഷ്യസിലെങ്കിലും നിലനിർത്തുകയും ചെയ്യുക ചെയ്യുക എന്ന ലക്ഷ്യമാണ് പാരിസ് ഉടമ്പടിക്കുള്ളത്. ഇതിനാവശ്യമായ മാതൃകകളും നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപീകരിക്കുന്ന യോഗങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. പാരിസ് റൂൾബുക്ക് എന്നറിയപ്പെടുന്ന ഈ മാർഗ്ഗനിർദ്ദേശങ്ങള്‍ക്ക് അന്തിമരൂപം നൽകലായിരുന്നു ഇത്തവണത്തെ ഉച്ചകോടിയുടെ ലക്ഷ്യം.
133 പേജ് വരുന്ന റൂൾബുക്കിന്റെ നടപ്പാക്കലിൽ ഇത്തവണ അന്തിമ തീരുമാനത്തിലെത്താനായി. അംഗരാജ്യങ്ങളെല്ലാം ഐകകണ്ഠ്യേന റൂൾബുക്ക് നിർദ്ദേശങ്ങളെ അംഗീകരിച്ചു. എന്നാൽ, വിപണി സംബന്ധമായ നിയന്ത്രണങ്ങൾ വരുത്തുന്ന കാര്യത്തിൽ രാജ്യങ്ങൾ തമ്മിൽ കടുത്ത വിയോജിപ്പാണ് രൂപപ്പെട്ടത്. കൽക്കരി വ്യവസായവുമായി ബന്ധപ്പെട്ട നടപടികൾക്ക് യുഎസ് കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചത്.
ഇന്ത്യ ഈ ഉച്ചകോടിയിൽ ‘ക്ലൈമറ്റ് ജസ്റ്റിസ്’ എന്ന മുൻനിലപാടിൽ ഉറച്ചു നിന്നു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണക്കാരായവര്‍ അതിന്റെ കെടുതികൾ കുറച്ചു മാത്രമേ അനുഭവിക്കുന്നുള്ളൂ എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള നിലപാടാണിത്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ വ്യാവസായിക രാഷ്ട്രങ്ങൾ അതിന്റെ ഉത്തരവാദിത്വം ശരിയായ അളവിൽ ഏറ്റെടുക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നു. പാരിസ് ഉടമ്പടി നടപ്പാക്കുന്നതിനോട് പൂർണ യോജിപ്പും പിന്തുണയുമാണ് ഇന്ത്യയുടെ ഭാഗത്തു നിന്നുള്ളത്.
ഓരോ രാജ്യങ്ങളുടെയും ഹരിതവാതക നിർഗമനവും അതിന്മേല്‍ അതാത് രാജ്യങ്ങളുടെ ഉത്തരവാദിത്വവും സംബന്ധിച്ചുള്ള വിഷയങ്ങളിൽ രാജ്യങ്ങൾ തമ്മിൽ അതിശക്തമായ സംവാദങ്ങളുണ്ടായി ഇത്തവണത്തെ ഉച്ചകോടിയിൽ. ഈ വിഷയങ്ങളിൽ കൃത്യമായ തീരുമാനവും അതിനെ ആധാരമാക്കിയുള്ള നിയമാവലിയും നിലവിൽ വന്നാൽ മാത്രമേ പാരിസ് കരാർ ലക്ഷ്യം വെക്കുന്ന കാര്യങ്ങൾക്ക് കാര്യക്ഷമമായ നടപ്പാകൽ പ്രതീക്ഷിക്കാവൂ. നിലവിൽ രാജ്യങ്ങൾ ഏറ്റെടുത്തിട്ടുള്ള, ഹരിതവാതക നിർഗമനം കുറയ്ക്കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങൾ ഉയർത്തേണ്ടതായി വരും. ഇത് എങ്ങനെ സാധിക്കുമെന്ന പ്രശ്നമാണ് നിലനിൽക്കുന്നത്.