UPDATES

വിദേശം

റസ്റ്ററന്റിൽ ടിപ്പ് കൊടുക്കുന്നതിലെ വംശീയത: കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യന്‍ ഷെഫിന് ടിപ്പ് കൊടുക്കുമ്പോൾ

അങ്ങേയറ്റത്തെ തൊഴിലാളി വിരുദ്ധമായ ഒരു വ്യവസ്ഥയാണ് ടിപ്പിങ്.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യ സന്ദർശിച്ചതും തനിക്കു വേണ്ടി ഭക്ഷണം തയ്യാറാക്കിയ ഇന്ത്യാക്കാരൻ ഷെഫിന് വൻതുക ടിപ്പ് കൊടുത്തതും ഇന്ത്യൻ മാധ്യമങ്ങൾ ആഘോഷിക്കുകയാണ്. 17,044 ഡോളർ അഥവാ 12 ലക്ഷം രൂപയാണ് ഷെഫിന് ടിപ്പായി കിട്ടിയത്. ട്രൂഡോയ്ക്കു വേണ്ടി ഭക്ഷണമൊരുക്കിയ വിക്രം വിജ് എന്ന ഷെഫിനെ താരമെന്ന് വിശേഷിപ്പിക്കുന്നു മാധ്യമങ്ങൾ. റസ്റ്ററന്റുകളിൽ ഭക്ഷണം നന്നായാൽ ടിപ്പ് നൽകുന്നത് പടിഞ്ഞാറൻ നാടുകളുടെ ഒരു രീതിയാണ്. ഫ്യൂഡൽ കാലഘട്ടത്തിൽ നിന്നും നമ്മുടെ കാലത്തിലേക്ക് സംക്രമിച്ച ചില സംസ്കാരങ്ങളിലൊന്നാണിത്. ഈ രീതിയുടെ ചരിത്രം പരിശോധിച്ചാൽ ഇന്ത്യാക്കാരനായ ഷെഫിന് കനേഡിയൻ പ്രധാനമന്ത്രിയിൽ നിന്നും ടിപ്പ് കിട്ടണം! അതിനെ മാധ്യമങ്ങൾ വാഴ്ത്തിപ്പാടുകയും വേണം!

ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കൻ നാടുകളിലും ടിപ്പ് പരമ്പരാഗതമായ ഒരു രീതിയല്ല. കോളനിഭരണക്കാലത്താണ് ഈ സംസ്കാരം ഇവിടങ്ങളിലേക്കെത്തിയത്. എന്നാൽ‌ കാനഡയിലും അമേരിക്കയിലുമെല്ലാം സ്ഥിതി ഏറെ വ്യത്യസ്തമാണ്. നീണ്ടകാലത്തെ ചരിത്രം പറയാനുണ്ട് ടിപ്പ് സംസ്കാരത്തിന്. ഇവിടങ്ങളിൽ ഇതു സംബന്ധിച്ച നിയമനിർമാണങ്ങളും നടന്നിട്ടുണ്ട്. ഇന്ത്യയിൽ വിവിധ വിദേശരാജ്യങ്ങളുടെ കോളനിവാഴ്ച തുടങ്ങിയ കാലത്തു തന്നെ ടിപ്പ് നൽകുന്ന രീതി പാശ്ചാത്യനാടുകളിൽ വ്യാപകമായി മാറിയിരുന്നു.

യൂറോപ്പിലെ കുലീനഭവനങ്ങളിലാണ് ടിപ്പിങ് സമ്പ്രദായത്തിന്റെ തുടക്കം. അടിമകളായി പിടിച്ചു കൊണ്ടുവന്ന ‘നീഗ്രോകൾ’ എന്നറിയപ്പെട്ട കറുത്ത വർഗ്ഗക്കാരാണ് കുശിനികളിലെ പണിക്കാർ. ഇത്തരം വീടുകളിൽ വലിയ പാർട്ടികൾ നടക്കുനമ്പോൾ ഇവരുടെ അധ്വാനം കൂടും. പാർട്ടിയെല്ലാം കഴിഞ്ഞ് ആളുകൾ പിരിയുമ്പോൾ അടിമപ്പണിക്കാർക്ക് ചില ചില്ലറയെല്ലാം നൽകും. ഇവിടം മുതലാണ് ടിപ്പ് നൽകൽ‌ വ്യവസ്ഥാപിത രൂപം കൈവരിക്കുന്നതെന്നു പറയാം. പത്തൊമ്പതാം നൂറ്റാണ്ടിലാണ് യൂറോപ്പിലെ ഫ്യൂഡൽ ഭവനങ്ങളിൽ ഈ രീതി നിലവിലുണ്ടായിരുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തൊഴിലാളിവർഗ്ഗബോധം യൂറോപ്പിനെയും അമേരിക്കയെയുമെല്ലാം പിടികൂടിയപ്പോൾ മുതൽ ആന്റി ടിപ്പിങ് പ്രസ്ഥാനങ്ങൾക്ക് തുടക്കമായി. അമേരിക്കയിൽ, ടിപ്പ് നൽകുന്നത് ജനാധിപത്യവിരുദ്ധവും വംശീയത നിറഞ്ഞതുമായ പരിപാടിയാണെന്ന് ചൂണ്ടിക്കാണിച്ച് തൊഴിലാളികളും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാരും രംഗത്തു വന്നു. ഉപഭോക്താക്കളല്ല റസ്റ്ററന്റ് ഉടമകളാണ് തൊഴിലാളിക്ക് ശമ്പളം നൽകേണ്ടതെന്ന് അവർ വാദിച്ചു. കൂലിക്ക് ഒരു ബദൽ എന്ന നിലയിലാണ് ടിപ്പിങ് സംവിധാനത്തെ ഉപയോഗിച്ചിരുന്നത്. റസ്റ്ററന്റുകളിലെ തൊഴിലാളികൾ മിക്കവരും കറുത്ത വർഗ്ഗക്കാരായിരുന്നു. ഇവർക്ക് ശമ്പളം നല്‍കാൻ മുതലാളിമാർ തയ്യാറായിരുന്നില്ല. പകരം, തങ്ങളുടെ ‘സേവനം’ കൊണ്ട് ഭക്ഷണം കഴിക്കാൻ വരുന്ന വെള്ളക്കാരുടെ പ്രീതി പിടിച്ചു പറ്റുകയും ടിപ്പ് വാങ്ങുകയും വേണം!

ടിപ്പ് വിരുദ്ധ പ്രസ്ഥാനത്തെ പക്ഷെ, സർക്കാരുകൾ വളരെ വിദഗ്ധമായി പരാജയപ്പെടുത്തുകയാണുണ്ടായത്. ടിപ്പിനെ നിയമവൽക്കരിച്ചാണ് ‘പ്രശ്നപരിഹാരം’ കണ്ടെത്തിയത്. ടിപ്പ് ലഭിക്കുന്ന റസ്റ്ററന്റുകളിലെ മിനിമം കൂലി പൂജ്യം ഡോളറായി വ്യവസ്ഥപ്പെടുത്തി. ഈ നിയമം അമേരിക്കയിൽ വന്നത് 1938ലാണ് എന്നതോർക്കണം. വീണ്ടും മുപ്പതു വർഷത്തോളമെടുത്തു മിനിമം കൂലി വ്യവസ്ഥയിൽ ടിപ്പ് ലഭിക്കുന്നവരെക്കൂടി ഉൾപ്പെടുത്താൻ. 1966ൽ നിലവിൽ വന്ന പുതിയ ചട്ടങ്ങളിലും പക്ഷെ കടുത്ത അന്യായം കാണാമായിരുന്നു. ടിപ്പ് ലഭിക്കുന്ന റസ്റ്ററന്റുകളിലെ തൊഴിലാളികൾക്ക് വളരെ കുറഞ്ഞ മിനിമം കൂലിയാണ് വ്യവസ്ഥപ്പെടുത്തിയത്. മണിക്കൂറിന് 2.13 ഡോളറായിരുന്നു ഈ കൂലി.

ന്യൂയോർക്ക് സ്റ്റേറ്റിൽ 2011ലാണ് ടിപ്പ് ലഭിക്കുന്ന തൊഴിലാളികളുടെ ഈ കൂലിയിൽ മാറ്റം വരുത്തിയത്. 2011ൽ മണിക്കൂറിന് 5 ഡോളറായും പിന്നീടിത് 7.50 ഡോളറായും ഉയർത്തുകയുണ്ടായി.

ഇപ്പോഴും ന്യൂയോർക്ക് സ്റ്റേറ്റിലെ ടിപ്പ് ലഭിക്കുന്ന റസ്റ്ററന്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ 53 ശതമാനവും ന്യൂനപക്ഷ വിഭാഗക്കാരാണ്. ഇവരിൽത്തന്നെ 21 ശതമാനം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്നവരാണ്.

ഇന്നും ഏതെങ്കിലും ഹോട്ടലിലോ റസ്റ്ററന്റിലോ ടിപ്പിങ് സിസ്റ്റം നിലനിൽക്കുന്നുവെന്നു പറഞ്ഞാൽ അതിന്റെയർ‌ത്ഥം അവിടങ്ങളിൽ ഒട്ടും വ്യവസ്ഥാപിതമല്ലാത്ത ഒരു ശമ്പളവ്യവസ്ഥ നിലനിൽക്കുന്നുവെന്നു കൂടിയാണ്. അങ്ങേയറ്റത്തെ തൊഴിലാളി വിരുദ്ധമായ ഒരു വ്യവസ്ഥയാണ് ഈ ടിപ്പിങ് എന്ന് ചുരുക്കം.

ഇന്ത്യാ സന്ദർശനവേളയിൽ ജസ്റ്റിൻ ട്രൂഡോ ഇന്ത്യൻ ഷെഫിനോടു കാണിച്ച ദയാവായ്പിന് ഒരു അമേരിക്കൻ-കനേഡിയൻ ചുവ ഉണ്ടായിരുന്നെന്നും അതിൽ റേസിസം ഉണ്ടായിരുന്നെന്നുമൊക്കെ വ്യാഖ്യാനിക്കുന്നത് കടന്ന കയ്യായിരിക്കും. പക്ഷെ ടിപ്പിങ്ങിന് ഇങ്ങനെയൊരു ചരിത്രമുണ്ടെന്നും അത് നമ്മെക്കാൾ നന്നായി കനേഡിയൻ പ്രധാനമന്ത്രിക്ക് അറിയാമെന്നും മനസ്സിലാക്കുന്നതിൽ തെറ്റില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍