UPDATES

വിദേശം

ഇന്റേണിന്റെ ‘ദേഹത്ത് കൈവെച്ച’ സംഭവം: വൈറ്റ് ഹൗസ് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിക്കുന്നതായി സിഎൻഎൻ

അതെസമയം വീഡിയോ താൻ എഡിറ്റ് ചെയ്തിട്ടില്ലെന്ന് വാട്സൺ പറയുന്നു. താൻ ഒന്ന് സൂം ചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

തങ്ങളുടെ റിപ്പോർട്ടറായി ജിം അകോസ്റ്റ വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ‘ദേഹത്ത് കൈവെച്ചെ’ന്നാരോപിച്ച് പ്രസ് സെക്രട്ടറി സാറ സാൻ‍ഡേഴ്സ് പുറത്തു വിട്ടിരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിഎൻഎൻ. കഴിഞ്ഞദിവസം വൈറ്റ് ഹൗസിൽ തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി ട്രംപ് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ടിന് ഇഷ്ടമില്ലാത്ത ചോദ്യങ്ങളുന്നയിച്ച സിഎന്‍എൻ റിപ്പോർ‌ട്ടർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. വൈറ്റ് ഹൗസിലേക്ക് കടുത്ത പരിശോധനകളില്ലാതെ എളുപ്പത്തിൽ കടന്നുചെല്ലാൻ സഹായിക്കുന്ന അനുമതി ജിം അകോസ്റ്റയിൽ നിന്നും തിരിച്ചെടുക്കുകയാണുണ്ടായത്.

ജിം അകോസ്റ്റയ്ക്ക് മാധ്യമപ്രവർത്തകൻ എന്ന നിലയിൽ വൈറ്റ് ഹൗസിൽ പ്രവേശിക്കാൻ അനുമതി നിഷേധിക്കുന്നത് പ്രഖ്യാപിച്ച വാർത്താക്കുറിപ്പിലാണ് സാറ സാൻഡേഴ്സ് കടുത്ത ആരോപണമുന്നയിച്ചത്. വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ദേഹത്ത് അകോസ്റ്റ കൈവെച്ചെന്നും ഇത് തങ്ങൾ അംഗീകരിക്കില്ലെന്നും അവർ പറഞ്ഞു. ഇതിനെ തെളിയിക്കുന്ന ഒരു വീഡിയോയും അവർ പങ്കുവെക്കുകയുണ്ടായി.

എന്നാൽ ഈ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ തയ്യാറാക്കിയതാണെന്നാണ് സിഎൻഎൻ പറയുന്നത്. ട്രംപ് ഭരണകൂടത്തിനു വേണ്ടി നുണകളും വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഇൻഫോവാർസ് എന്ന സ്ഥാപനത്തിന്റെ എഡിറ്ററായ പോൾ ജോസഫ് വാട്സൺ ഷെയർ ചെയ്ത അതേ വീഡിയോയാണ് സാറ സാൻഡേഴ്സ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് സിഎൻഎൻ വാദിക്കുന്നത്. ഇത് തെറ്റുധാരണയുണ്ടാക്കാൻ പാകത്തിന് നിർമിച്ചെടുത്തതാണെന്നും ആരോപിക്കുന്നു.

വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ദേഹത്ത് സിഎൻഎൻ റിപ്പോർട്ടർ കൈവെച്ചെന്ന ആരോപണമുയർന്നയുടനെ ഈ വീഡിയോയെ പലതരത്തിൽ വ്യാഖ്യാനിച്ച് രാഷ്ട്രീയ കക്ഷികൾ രംഗത്തുണ്ട്. ഡെമോക്രാറ്റുകൾ ഈ വീഡിയോയിൽ തെറ്റായതൊന്നും കാണുന്നില്ല. മൈക്ക് ബലമായി പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന വൈറ്റ് ഹൗസ് ഇന്റേണിന്റെ കൈ ജിം അകോസ്റ്റയുടെ കൈ സ്വാഭാവികമായി തടയുന്നതു മാത്രമേയുള്ളൂ എന്ന് ഡെമോക്രാറ്റുകൾ പറയുന്നു. എന്നാൽ റിപ്പബ്ലിക്കന്മാർ വീഡിയോയെ സൂക്ഷ്മമായി വിശകലനം ചെയ്ത് സിദ്ധാന്തങ്ങളുണ്ടാക്കുന്നത് തുടരുകയാണ്.

ഈ വീഡിയോയിൽ ചില ഭാഗങ്ങളിൽ അനാവശ്യമായ വേഗം കൂട്ടലുകളും കുറയ്ക്കലുകളും നടന്നിട്ടുണ്ടെന്ന് ചിലർ വിശകലനം ചെയ്ത് പറയുന്നുമുണ്ട്. സിഎൻഎന്നും ഇതു തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. അകോസ്റ്റയുടെ കൈകൾ യഥാർത്ഥത്തിൽ നീങ്ങിയത് വളരെ പതുക്കെയാണ്. അതിൽ ഇന്റേണിനെ തടയുക എന്ന ഉദ്ദേശ്യമില്ലെന്ന് കാണാം. സ്വാഭാവികമായ ഒരു ശരീര പ്രതികരണം മാത്രമേ കാണാനാകൂ. എന്നാൽ സാറ സാൻഡേഴ്സ് ഷെയർ ചെയ്ത വീഡിയോയിൽ ജിം അകോസ്റ്റയുടെ കൈയിന്റെ വേഗം കൂടിയിട്ടുള്ളതായി കാണാം. ജിം അകോസ്റ്റ ആക്രമണപരതയോടെയാണ് സമീപിച്ചതെന്ന് വരുത്തിത്തീർക്കുകയാണ് വൈറ്റ് ഹൗസ് ചെയ്യുന്നതെന്ന് സിഎൻഎൻ പറയുന്നു.

ഈ വീഡിയോ എങ്ങനെയാണ് സാറ സാൻഡേഴ്സന്റെ ശ്രദ്ധയിൽ പെട്ടതെന്നും താൻ പങ്കുവെച്ച വീഡിയോയുടെ ഉടമ പോൾ ജോസഫ് വാട്സന്റെ പശ്ചാത്തലത്തെക്കുറിച്ച് ധാരണയുണ്ടോയെന്നും ചോദിച്ച് സിഎൻഎൻ സാറ സാൻഡേഴ്സിന് ഇമെയിൽ ചെയ്തിട്ടുണ്ട്.

അതെസമയം വീഡിയോ താൻ എഡിറ്റ് ചെയ്തിട്ടില്ലെന്ന് വാട്സൺ പറയുന്നു. താൻ ഒന്ന് സൂം ചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

Explainer: അപ്രമാദിയായ ട്രംപ് ഇനിയില്ല; മിഡ്ടേം തെരഞ്ഞെടുപ്പ് അമേരിക്കയെ മാത്രമല്ല ലോകത്തെയും മാറ്റും

ഡെമോക്രാറ്റ് വിജയത്തിനു പിന്നാലെ അറ്റോർണി ജനറൽ ജെഫ് സെഷൻസിനെ രാജി വെപ്പിച്ച് പ്രസിഡണ്ട് ട്രംപ്

ഇല്ലാത്ത അനധികൃത കുടിയേറ്റക്കാരെ പ്രചാരണായുധമാക്കിയില്ലേയെന്ന ചോദ്യം ട്രംപിന് ഇഷ്ടപ്പെട്ടില്ല; സിഎൻഎൻ റിപ്പോർട്ടർക്ക് വൈറ്റ് ഹൗസിന്റെ വിലക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍