UPDATES

വിദേശം

ലോകം വീണ്ടും എബോള മാരകരോഗ ഭീഷണിയില്‍, കിഴക്കന്‍ കോംഗോയില്‍ വീണ്ടും വൈറസ് സാന്നിധ്യം കണ്ടെത്തി, അടിയന്തര സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന

2014-16-ല്‍ ഉണ്ടായ എബോള ബാധയില്‍ 11,310 പേര്‍ മരിച്ചിരുന്നു

ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ (ഡി.ആര്‍.സി) യില്‍ എബോള വൈറസിന്റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതോടെ ഇത് അന്താരാഷ്‌ട്ര സമൂഹം ആശങ്കയോടെ കാണ്ടേണ്ട അടിയന്തര സാഹചര്യമാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. വൈറസിനെ മേഖലയില്‍നിന്നും തുരത്താന്‍ കൂടുതല്‍ ഫണ്ടും അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ പിന്തുണയും ആവശ്യമാണെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു.

ഡി.ആര്‍.സിയുടെ റുവാണ്ടൻ അതിർത്തിയിലുള്ള ഗോമയിലേക്കും എബോള പടര്‍ന്നതോടെ ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. പടിഞ്ഞാറൻ ആഫ്രിക്കയില്‍ 2014-16-ല്‍ പൊട്ടിപ്പുറപ്പെട്ട എബോള പകർച്ചവ്യാധിക്കുശേഷം രണ്ടാമത്തെ വലിയ എബോള ബാധയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 20 ലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് ഗോമ. ഒപ്പം ഈ മേഖലയിലെ പ്രധാന ചരക്ക് നീക്ക കേന്ദ്രം കൂടിയാണ് ഇവിടം. കഴിഞ്ഞ ആഴ്ച ഒരു സ്ത്രീ അതിര്‍ത്തി കടന്ന് ഉഗാണ്ടയിലേക്ക് മത്സ്യം വാങ്ങാന്‍ പോയതും ഒരു മാസം മുമ്പ് ഇവിടെ നിന്ന് വൈറസ് ബാധയുമായി ഒരു കുടുംബം ഗോമയിലേക്ക് വന്ന സാഹചര്യവും ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. ഇതില്‍ മൂന്നു പേര്‍ ഇതിനകം മരിച്ചു.

കഴിഞ്ഞ തവണ എബോള ബാധ കൂടുതലായി ബാധിച്ച ഡി.ആര്‍.സിയിലെ ബ്യൂട്ടെംബോയില്‍ നിന്ന് ബസില്‍ യാത്ര ചെയ്ത് ഗോമയില്‍ എത്തിയ ഒരാള്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആരോഗ്യ കേന്ദ്രത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഇയാള്‍ സഞ്ചരിച്ച ബസില്‍ ഒപ്പമുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും കണ്ടെത്തുകയും ഇവരെ ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ബ്യൂട്ടെംബോയില്‍ നിന്നുള്ള ഒരു പാസ്റ്റര്‍ കഴിഞ്ഞ ഞായറാഴ്ച ഇതേ സാഹചര്യത്തില്‍ ഗോമയില്‍ എത്തിയതായും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് അവിടെ തന്നെ ചികിത്സ ആരംഭിച്ചിരുന്നെങ്കിലും പാസ്റ്റര്‍ ഇവിടം വിട്ട് 18 കിലോമീറ്റര്‍ അകലെയുള്ള ഗോമയിലെക്ക് വരികയായിരുന്നു. മൂന്ന് ആരോഗ്യ പരിശോധന ചെക്ക് പോസ്റ്റുകളിലും ഇയാള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. അതുപോലെ തന്നെ ഓരോ ഇടങ്ങളിലും വ്യത്യസ്ത പേരുകളാണ് നല്‍കിയിരുന്നത്. ബ്യൂട്ടെംബോയില്‍ ഏഴു പള്ളികളില്‍ സേവനം അനുഷ്ഠിക്കുന്ന പാസ്റ്റര്‍ നിരവധി പേര്‍ക്ക് തലയില്‍ കൈവച്ച് ശുശ്രൂഷ നല്‍കിയിരുന്നുവെന്നും ഇതില്‍ രോഗം ബാധിച്ചവരും ഉണ്ടായിരുന്നു എന്നുമാണ് വിവരം.

പ്രതിസന്ധി നേരിടാന്‍ ലോകരാജ്യങ്ങള്‍ ധനസഹായം നൽകണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. “പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നമ്മുടെ ശ്രമങ്ങള്‍ ഇരട്ടിയാക്കേണ്ട സമയമാണിത്. ഈ പ്രതിസന്ധി അവസാനിപ്പിച്ച് മെച്ചപ്പെട്ട ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതിന് കോംഗോയെ സഹായിക്കാന്‍ എല്ലാവരും കൈകോര്‍ക്കണം” അദ്ദേഹത്തെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ കോംഗോയിൽ 1,600-ലധികം പേർ എബോള ബാധിച്ച് മരിച്ചുവെന്നാണ് കണക്ക്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാജ്യത്ത് വീണ്ടും എബോള സ്ഥിരീകരിക്കുകയായിരുന്നു. റുവാണ്ട, സൗത്ത് സുഡാൻ, ഉഗാണ്ട തുടങ്ങിയ അയൽരാജ്യങ്ങളിലും ജാഗ്രതനിർദ്ദേശം നൽകിയിട്ടുണ്ട്.  2014-2016 സമയത്ത് ഗ്വിനിയ, ലൈബീരിയ, സയറ ലിയോണ്‍ തുടങ്ങിയ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉണ്ടായ എബോള ബാധയില്‍ 11,310 പേര്‍ മരിച്ചിരുന്നു.

അതേസമയം, ഡി.ആര്‍.സിയിലെ ബ്യൂട്ടെംബോയില്‍ ആരോഗ്യ പ്രവർത്തകർക്കെതിരെയും ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെയും തുടരുന്ന ആക്രമണങ്ങള്‍ പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി സായുധ സംഘങ്ങളുടെ കേന്ദ്രമാണ് കിഴക്കൻ കോംഗോ. അക്രമാസക്തമായ പ്രദേശങ്ങളിലെ ജനങ്ങളില്‍ അണുബാധയേല്‍ക്കാതിരിക്കാനുള്ള കുത്തിവയ്പ് നൽകുന്നതിനും രോഗബാധിതരേ ഐസൊലേറ്റ് ചെയ്യാനുമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ല. വാക്സിനാണ് ആളുകളെ രോഗികളാക്കുന്നത് എന്ന് ചിന്തിക്കുന്നവര്‍പോലുമുണ്ട് കോംഗോയില്‍. അതുകൊണ്ട് രോഗപ്രതിരോധമെന്നത് വളരെ ശ്രമകരമായ കാര്യമാണ് എന്നും വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

രോഗം ബാധിച്ചിട്ടുണ്ട് എന്ന് സംശയിക്കുന്നവരെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റാനോ മരിച്ചവരെ പകര്‍ച്ചവ്യാധി തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്കരിക്കുന്നതിനോ ബന്ധുക്കള്‍ തയാറാകാത്തതും പ്രശ്നങ്ങള്‍ വഷളാക്കിയിട്ടുണ്ട്. 2512 പുതിയ കേസുകള്‍ ഈ മേഖലയില്‍ പുതുതായി കണ്ടെത്തിയിട്ടുണ്ട് എന്നാണു നിഗമനം.

ലോകാരോഗ്യ സംഘടന പുതിയ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം 2005 മുതല്‍ നാല് തവണ ഇത്തരത്തിലുള്ള അടിയന്തര സാഹചര്യ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. 2009-ല്‍ സ്വയിന്‍ ഫ്ലൂ, 2014-ല്‍ പോളിയോ, 2014-ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ എബോള, 2016-ല്‍ ബ്രസീലിലെ സിക്ക വൈറസ് ബാധ എന്നിവയാണ് അത്. അതിനു ശേഷം ഇപ്പോഴാണ് ലോകാരോഗ്യ സംഘടന കാര്യങ്ങള്‍ വളരെ ഗൌരവകരമാണെന്ന പ്രഖ്യാപനം നടത്തുന്നത്.

Azhimukham Read: കോഴിക്കോടിന് ഇനി അങ്ങനെയൊരു ചരിത്രമില്ല; 150 വര്‍ഷം പഴക്കമുള്ള സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍ പൊളിച്ചു നീക്കി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍