UPDATES

വിദേശം

അമേരിക്കന്‍ സുവിശേഷ പ്രഘോഷകര്‍ക്ക് വടക്കന്‍ കൊറിയ സര്‍വകലാശാലയില്‍ എന്താണ് കാര്യം?

കൊറിയന്‍ പള്ളികളില്‍ നിന്നും യു എസിലെ ക്രിസ്ത്യന്‍ കോളേജുകളില്‍ നിന്നുമാണ് അധ്യാപകര്‍ അധികവും

വിദേശപണം കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്യോങ്യാങ് ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (PUST) പഠിപ്പിക്കാന്‍ വന്ന മറ്റ് പല അമേരിക്കക്കാരെയും പോലെ കിം ഹാക് സോങ്ങും ഒരു ക്രിസ്ത്യന്‍ മത പ്രചാരകനായിരുന്നു. വടക്കന്‍ കൊറിയയിലേക്ക് വരാനുള്ള പണം ഒരു പള്ളിയില്‍ നിന്നുമാണ് അയാള്‍ക്ക് ലഭിച്ചത്. പ്യോങ്യാങ്ങില്‍ നിന്നും ചൈനീസ് അതിര്‍ത്തിയിലുള്ള ദാന്ദോങ്ങിലേക്ക് യാത്ര ചെയ്യവേ ശനിയാഴ്ച്ച അദ്ദേഹം തടവിലായി. PUST-യില്‍ ഒരു പരീക്ഷണ ഫാമിന്റെ മേല്‍നോട്ടമായിരുന്നു സോങ്ങിനുണ്ടായിരുന്നത് എന്ന് സര്‍വകലാശാല ചാന്‍സലറും സഹസ്ഥാപകനുമായ ചാന്‍ മാവോ പാര്‍ക് പറഞ്ഞു.

തങ്ങളുടെ ക്രിസ്ത്യന്‍ ബന്ധം മറച്ചുവെക്കാത്ത സര്‍വകലാശാല വടക്കന്‍ കൊറിയയിലെ ഉപരിവിഭാഗത്തെ ആധുനിക ശേഷികള്‍ ഉള്ളവരാക്കുകയും പുറംലോകത്തോട് ബന്ധപ്പെടാന്‍ പ്രാപ്തരാക്കുകയുമാണ് എകലക്ഷ്യമെന്നും പറയുന്നു. മതപ്രചാരണം പോലെ തോന്നിക്കുന്ന എന്തും ഒഴിവാക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കാറുണ്ടെന്നാണ് മുന്‍ അധ്യാപകര്‍ പറയുന്നത്. പലതരം ആരോപണങ്ങളില്‍ മതപ്രചാരകര്‍ക്ക് നീണ്ട ശിക്ഷ വിധിച്ചിട്ടുള്ള ചരിത്രമാണ് വടക്കന്‍ കൊറിയയ്ക്ക് ഉള്ളതെങ്കിലും നിരവധി അമേരിക്കന്‍ ക്രിസ്ത്യാനികള്‍ സര്‍വകലാശാലയില്‍ എത്തുന്നു.

തങ്ങളുമായി നയതന്ത്ര ബന്ധമില്ലാത്ത യു എസില്‍ നിന്നടക്കം ഇളവുകള്‍ നേടിയെടുക്കാന്‍ ഇങ്ങനെയുള്ള തടവുകാരെ വടക്കന്‍ കൊറിയ ഉപയോഗിക്കാറുണ്ട്. ഓരോ സെമസ്റ്ററിലും ഏതാണ്ട് 60 യു എസ് പൌരന്‍മാര്‍ എത്താറുണ്ടെന്നും ഇപ്പോള്‍ കുറവാണെന്നും പാര്‍ക് പറയുന്നു. ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് കിമ്മിനെ പിടികൂടിയതെന്ന് മാത്രമാണ് ഔദ്യോഗിക വിശദീകരണം. മറ്റൊരു പ്രൊഫസറായ ടോണി കിമ്മിനെ ഇതേ കാരണത്തിന് രണ്ടാഴ്ച്ച മുമ്പ് പിടികൂടിയിരുന്നു. ഇവരെ പിടികൂടിയത് PUST-യുമായി ബന്ധപ്പെട്ട കാരണങ്ങള്‍ക്കല്ല എന്ന് 2010-ല്‍ ആരംഭിച്ച സര്‍വകലാശാലയുടെ വക്താവ് പറഞ്ഞു.

വടക്കന്‍ കൊറിയയുടെ ആണവായുധ പരിപാടി സംബന്ധിച്ച സംഘര്‍ഷവും യു എസ് നേതൃത്വത്തിലുള്ള യുദ്ധവും എന്ന സാധ്യതകള്‍ മൂര്‍ച്ഛിച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങളും.

ബ്രസീലിലെ കൊറിയന്‍ ഭാഷ ഉപയോഗിക്കുന്ന സാവോ പോളോ ഓറിയന്റല്‍ മിഷന്‍ പള്ളിയില്‍ നിന്നാണ് രണ്ടു വര്‍ഷം മുമ്പ് കിം ഹാക് സോങ് തന്റെ വടക്കന്‍ കൊറിയന്‍ യാത്രയ്ക്കുള്ള പണം കണ്ടെത്തിയത്. ‘ഈ ജോലിക്കായി എന്റെ അവസാനതുള്ളി രക്തം വരെയും ഞാന്‍ നല്കും,’ പള്ളിയുടെ വെബ്സൈറ്റില്‍ അദ്ദേഹം എഴുതി.

ചൈനീസ്-കൊറിയന്‍ വംശജനായ യു എസ് പൌരനാണ് കിം. PUST-ല്‍ ചേരുന്നതിന് മുമ്പ് ചൈനയില്‍ മതപ്രചാരകനായിരുന്നു ഇയാള്‍.

വടക്കന്‍ കൊറിയയില്‍ തടവിലുള്ള നാലാമത്തെ യു എസ് പൌരനാണ് കിം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ യു എസ് കോളേജ് വിദ്യാര്‍ഥി ഓടോ വാംബിയറേ പ്രചാരണ പോസ്റ്ററിന്റെ മോഷണത്തിന്റെ പേരില്‍ 15 വര്‍ഷത്തെ കഠിന ജോലികളോടു കൂടിയ തടവിന് ശിക്ഷിച്ചിരുന്നു.

ഇതിന് ഒരു മാസത്തിനു ശേഷമാണ്, തെക്കന്‍ കൊറിയയില്‍ ജനിച്ച യു എസ് പൌരന്‍ കിം ഡോങ് ചുളിനെ 10 കൊല്ലാതെ കഠിന തടവിന് ശിക്ഷിച്ചത്. വാഷിംഗ്ടണ്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ മിസൈല്‍ പരീക്ഷണത്തിന്റെ പേരില്‍ വടക്കന്‍ കൊറിയക്കെതിരായ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു ഇത്.

കൊറിയന്‍-അമേരിക്കക്കാരന്‍ സുവിശേഷപ്രചാരകന്‍ ക്രിസ്റ്റ്യന്‍ ജെയിംസ് കിം പ്രതിവര്‍ഷം 2 ദശലക്ഷം ഡോളറാണ് PUST-ന്റെ നടത്തിപ്പ് ചെലവിനായി നല്‍കുന്നത്. യു എസിലെ കൊറിയന്‍ പ്രവാസികളാണ് ഇതിലധികവും നല്‍കുന്നതും. ഒപ്പം തെക്കന്‍ കൊറിയയിലെ പള്ളികളും വ്യക്തികളും. PUST-ല്‍ മൂന്നു വകുപ്പുകളിലായി- ഇലക്ട്രോണിക് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, അന്താരാഷ്ട്ര സാമ്പത്തിക രംഗം, കാര്‍ഷിക, ജീവ ശാസ്ത്രം-  500 അണ്ടര്‍ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികളും 60 ബിരുദ വിദ്യാര്‍ത്ഥികളുമുണ്ട്.

കൊറിയന്‍ പള്ളികളില്‍ നിന്നും യു എസിലെ ക്രിസ്ത്യന്‍ കോളേജുകളില്‍ നിന്നുമാണ് അധ്യാപകര്‍ അധികവും. അവര്‍ക്ക് ശമ്പളമൊന്നുമില്ല. താമസവും ഭക്ഷണവും കിട്ടും.

വടക്കന്‍ ചൈനയില്‍ യാനിബാന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല –YUST-എന്നൊരു സഹോദര സ്ഥാപനവും ഇവര്‍ക്കുണ്ട്. തടവിലാക്കിയ ആദ്യ PUST അധ്യാപകന്‍ ടോണി കിം YUST-ലും പ്രൊഫസറായിരുന്നു എന്ന് അവരുടെ വെബ്സൈറ്റില്‍ പറയുന്നു. സാമ്പത്തിക കാര്യങ്ങള്‍ നോക്കാനായി സര്‍വകലാശാല തുടങ്ങുന്നതിനും മുമ്പ് 2006-ല്‍ അയാള്‍ PUST-ല്‍ പോയി. 2015-ല്‍ YUST, PUST ഫൌണ്ടേഷന്‍ 1.1 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. നികുതി രേഖകള്‍ പ്രകാരം 2011-നു ശേഷം 4.5 ദശലക്ഷം ഡോളര്‍ ഇവിടേക്ക് കൊണ്ടുവന്നിട്ടുണ്ട്.

ഇതാദ്യമായല്ല ഈ സ്ഥാപനത്തിലെ അധ്യാപകര്‍ കുഴപ്പത്തില്‍ പെടുന്നത്. ഇവിടെ അധ്യാപികയായിരുന്ന കൊറിയന്‍-അമേരിക്കന്‍ സുകി കിമ്മിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ അധ്യാപകരെ ഭരണകൂടം നിരന്തരം നിരീക്ഷിച്ചിരുന്നു എന്നു പറയുന്നുന്നുണ്ട്.

എന്നാല്‍ ഇത് ഊതിപ്പെരുപ്പിച്ചതാണെന്നും യാഥാര്‍ത്ഥ്യം ‘വളരെ സൌഹാര്‍ദപര’മാണെന്നും ചില മുന്‍ അധ്യാപകര്‍ പറയുന്നു.

എല്ലാ PUST അധ്യാപകരും മതപ്രചാരകരല്ല. ഒരു നിരീശ്വരവാദിയായിട്ടും തനിക്കവിടെ നല്ല സ്വീകരണമായിരുന്നു എന്ന് 2013-15-ല്‍ അവിടെ പഠിപ്പിച്ച മിച്ചിഗണ്‍ സര്‍വകലാശാലയിലെ  ഗവേഷകന്‍ വില്‍ സ്കോട് പറഞ്ഞു.

മിക്ക വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ ജീവിക്കുന്ന അടഞ്ഞ സമൂഹത്തില്‍ പുറംലോകത്തെക്കുറിച്ച് കാര്യമായ ധാരണയില്ല. ‘വിദ്യാര്‍ത്ഥികള്‍ തുറന്ന മനസുള്ളവരാകുന്നതും, ലോകവീക്ഷണം വികസിക്കുന്നതും, ജിജ്ഞാസ വളരുന്നതും നിങ്ങള്‍ക്ക് കാണാം,’ എന്നു പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു PUST അധ്യാപകന്‍ പറഞ്ഞു.

2013-ല്‍ ഒരു മെഡിക്കല്‍ സ്കൂള്‍ തുടങ്ങാനുള്ള PUST ശ്രമത്തിന് 30,000 ഡോളര്‍ സംഭാവന നല്കിയ ചിക്കാഗോ സര്‍വകലാശാല ബൈബിള്‍ ഫൌണ്ടേഷനിലെ എക്സിക്യൂട്ടീവ് ഡയറകടര്‍ അബ്രഹാം കിം പറയുന്നു, ‘സന്നദ്ധ സേവകര്‍ക്ക് നേരിട്ട് ദൈവം എന്ന വാക്ക് പറയാനാവില്ല, അതുകൊണ്ടു നല്ല ക്രിസ്ത്യാനികളായി നമുക്ക് പരോക്ഷമായി ആളുകളെ സ്വാധീനിക്കാം.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍