UPDATES

വിദേശം

‘ഗ്ലോബൽ വാമിങ്’ പോര, ‘ഗ്ലോബൽ ഹീറ്റിങ്’ തന്നെ വേണം: ലോകം ശ്രദ്ധിക്കണം ദി ഗാർഡിയൻ ശൈലീ പുസ്തകം പുതുക്കുന്നതിനു പിന്നിലെ പരിസ്ഥിതി രാഷ്ട്രീയം

സ്റ്റൈൽ ഗൈഡിലെ ഈ മാറ്റങ്ങളൊന്നും തന്നെ തീവ്രവാദപരമല്ലെന്നും ഗാർഡിയൻ പറയുന്നുണ്ട്.

ധാർമികത കൈവിടാത്ത മാധ്യമപ്രവർത്തനത്തിന് ഖ്യാതി നേടിയ സ്ഥാപനമാണ് ദി ഗാർഡിയൻ. ഇവർ തങ്ങളുടെ ശൈലീ സൂചിക അഥവാ സ്റ്റൈൽ ഗൈഡ് പുതുക്കുകയാണ്. ഈ പുതുക്കലിന് ഭാഷാപരമായ പ്രാധാന്യം മാത്രമല്ല ഉള്ളതെന്നതിനാൽ സംഭവം വാർത്താപ്രാധാന്യം നേടി. ചില പാരിസ്ഥിതിക രാഷ്ട്രീയ ധ്വനികളും ദി ഗാർഡിയന്റെ ശൈലീപുസ്തക പുതുക്കലിനുണ്ട്.

ഇക്കാലമത്രയും ‘ക്ലൈമറ്റ് ചെയ്ഞ്ച്’ അഥവാ കാലാവസ്ഥാ മാറ്റം എന്നാണ് മറ്റു മാധ്യമങ്ങളെപ്പോലെ ദി ഗാർഡിയനും ഉപയോഗിച്ചു വന്നത്. എന്നാൽ, കാലാവസ്ഥാ മാറ്റം എന്ന പ്രതിഭാസത്തിന്റെ ഉഗ്രത വിശദീകരിക്കാൻ ഈ പ്രയോഗത്തിന് സാധിക്കുന്നില്ലെന്നാണ് ദി ഗാർഡിയൻ വിചാരിക്കുന്നതെന്ന് അവർ തെരഞ്ഞെടുത്ത പുതിയ പ്രയോഗം വായിച്ചാൽ മനസ്സിലാകും. ‘ക്ലൈമറ്റ് എമർജൻസി’ എന്നാണ് പകരമായി കണ്ടെത്തിയിരിക്കുന്ന പ്രയോഗം. അതെ, ‘കാലാവസ്ഥാ വിപൽഘട്ടം’.

ഗ്ലോബൽ വാമിങ് എന്ന പ്രയോഗമാണ് ദി ഗാർഡിയന്റെ ഭാഷാനയം രൂപപ്പെടുത്തുന്നവരെ അതൃപ്തരാക്കുന്ന മറ്റൊന്ന്. ആഗോളതാപനത്തിന്റെ യഥാർത്ഥ രൂക്ഷത സൂചിപ്പിക്കാൻ‌ ഈ വാക്കിന് സാധിക്കുന്നുണ്ടോ? ഇല്ലെന്നാണ് ഗാർഡിയൻ പറയുന്നത്. ഇനിമുതൽ ‘ഗ്ലോബൽ ഹീറ്റിങ്’ എന്നായിരിക്കും ഗാർഡിയൻ പ്രയോഗിക്കുക.

ട്രംപിനെ വരച്ച വരയില്‍ നിര്‍ത്തുന്ന യുദ്ധവെറിയന്‍; കഴിഞ്ഞ നാല് പതിറ്റാണ്ടായി അമേരിക്കയുടെ യുദ്ധങ്ങളുടെ പിന്നില്‍ ഈ മനുഷ്യനാണ്

ഭാഷയിൽ ഒരു കാര്യം പറയുമ്പോൾ അതിന് ശാസ്ത്രീയമായ കൃത്യതയുണ്ടെന്ന് ഉറപ്പു വരുത്തണമെന്നാണ് തങ്ങളുടെ നയമെന്ന് ദി ഗാർഡിയൻ പറയുന്നത്. വളരെ സുപ്രധാനമായ ഒരു പ്രശ്നമാണ് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം. ശാസ്ത്രജ്ഞർ ഇവയെ സർവ്വനാശകാരിയായ ഒരു പ്രശ്നമായാണ് കാണുന്നത്. എന്നാൽ ആ പ്രയോഗങ്ങളിൽ അത് പ്രതിഫലിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഗാർഡിയൻ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം അഥവാ ക്ലൈമറ്റ് ചെയ്ഞ്ച് എന്ന വാക്കിന് ഒരുതരം നിസ്സംഗതയുണ്ടെന്ന് ദി ഗാർഡിയൻ എഡിറ്റർ ഇൻ ചീഫ് കാതറിൻ വിനെര്‍ പറയുന്നു. കാലാവസ്ഥാ ശാസ്ത്രജ്ഞരും. യുഎൻ മുതൽ മെറ്റീറോളജിക്കൽ വിഭാഗക്കാർ വരെയുള്ളവർ തങ്ങളുടെ പ്രയോഗങ്ങൾ കൂടുതൽ രൂക്ഷമാക്കിക്കൊണ്ടിരിക്കുന്നുണ്ടെന്ന് കാതറിൻ ചൂണ്ടിക്കാട്ടുന്നു. ഇതൊന്നും മാധ്യമങ്ങളുടെ ഭാഷയിൽ പ്രതിഫലിക്കുന്നില്ലെന്ന വലിയ പ്രശ്നത്തെയാണ് ദി ഗാർഡിയൻ അഭിസോബോധന ചെയ്യാൻ ശ്രമിക്കുന്നത്.

അതെസമയം, സ്റ്റൈൽ ഗൈഡിലെ ഈ മാറ്റങ്ങളൊന്നും തന്നെ തീവ്രവാദപരമല്ലെന്നും ഗാർഡിയൻ പറയുന്നുണ്ട്. നേരത്തെ ഉപയോഗിച്ചു വന്നിരുന്ന പ്രയോഗങ്ങൾക്ക് നിരോധനമൊന്നും ഏർപ്പെടുത്തിയിട്ടില്ല. എങ്കിലും കൂടുതൽ ‘അഭിലഷണീയ’മാണ് പുതിയ പ്രയോഗങ്ങൾ.

‘കാലാവസ്ഥാ പ്രതിസന്ധി’ (climate crisis) എന്ന പ്രയോഗം ഇപ്പോൾ യുഎന്‍ മുമ്പോട്ടു വെക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം എന്ന പ്രയോഗം പര്യാപ്തമല്ല. പ്രശ്നം അത്രയേറെ ഗുരുതരമാണ്. ഇക്കഴിഞ്ഞവർഷം ഡിസംബർ മാസത്തിലാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ക്ലൈമറ്റ് ക്രൈസിസ് എന്ന പ്രയോഗം ആദ്യമായി നടത്തിയത്.

യുകെയുടെ മറ്റീറോളജിക്കൽ വിഭാഗത്തിന്റെ ക്ലൈമറ്റ് റിസർച്ചിന്റെ തലവൻ പ്രൊഫ. റിച്ചാർഡ് ബെറ്റ്സ് പറയുന്നതു പ്രകാരം ‘ഗ്ലോബല്‍ ഹീറ്റിങ്’ ആണ് കൂടുതൽ ഉചിതമായ പ്രയോഗം. നിലവിൽ ലോകത്തിന്റെ കാലാവസ്ഥയിൽ സംഭവിക്കുന്ന മാറ്റത്തെ ഈ പ്രയോഗമാണ് ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്നതെന്ന് ബെറ്റ്സ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍