UPDATES

വിദേശം

ഉത്തര കൊറിയ – യു.എസ്: കാര്യങ്ങള്‍ കൈവിടുകയാണ്

വലിയ ഭീഷണികള്‍ക്കൊപ്പം കടുത്ത സാമ്പത്തിക ഉപരോധങ്ങളിലൂടെയും ഉത്തര കൊറിയയെ നിലയ്ക്കുനിറുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ വേണ്ടത്ര വിജയിക്കുന്നില്ല

അമേരിക്കക്കെതിരെ എല്ലാക്കാലത്തും ഉത്തര കൊറിയ ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാല്‍ ഇതതവണ കാര്യങ്ങള്‍ അങ്ങനെയല്ല, അതുണ്ടാക്കിരിക്കുന്ന പ്രതികരണവും അത്ര സാധാരണമല്ല. ഉദാഹരണത്തിന്, ‘യുഎസ് സാമ്രാജ്യത്വ കടന്നുകയറ്റക്കാരെ ഉന്മൂലനം ചെയ്യും’ എന്നും ‘യുഎസ് വന്‍കരയെ ചാരത്തിലും ഇരുളിലും മൂടും,’ എന്നും യുഎസിനെ ‘പേപ്പട്ടിയെ തല്ലുന്ന വടികൊണ്ട് തല്ലിക്കൊല്ലും,’ എന്നും ഭീഷണിപ്പെടുത്തുന്ന ഒരു പ്രസ്താവന ഒരാഴ്ച മുമ്പ് പോങ്യാംഗ് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍, വ്യാഴാഴ്ച രാത്രി ഉത്തര കൊറിയ നടത്തിയ പ്രസ്താവനയോട് കാണിച്ച അത്ര ആശങ്ക ഈ പ്രസ്തവനയ്ക്ക് വിദഗ്ധര്‍ നല്‍കിയില്ല. ‘വാര്‍ദ്ധക്യത്താല്‍ ബുദ്ധിഭ്രമം സംഭവിച്ച യുഎസ് കിഴവനെ ഞാന്‍ തീര്‍ച്ചയായും നിലയ്ക്ക് നിറുത്തും,’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഉത്തര കൊറിയന്‍ നേതാവ് കി ജോംഗ് ഉന്‍ നേരിട്ടാണ് വ്യാഴാഴ്ച പ്രസ്താവന നടത്തിയത്. ഇതിന് രണ്ട് കാരണങ്ങളാണുള്ളത്. പ്രസ്താവനയുടെ സ്രോതസാണ് ആദ്യ കാരണം. സാധാരണഗതിയില്‍ ഔദ്യോഗിക വാര്‍ത്ത വിഭാഗങ്ങളായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) അല്ലെങ്കില്‍ റോഡോങ് സിന്‍മുണ്‍ പത്രം എന്നിവയിലൂടെയാണ് ഉത്തര കൊറിയ ഭീഷണികള്‍ പുറപ്പെടുവിക്കുക. കിം ജോംഗ് ഉന്‍ സാധാരണഗതിയില്‍ ഇത്തരം പ്രസ്താവനകളില്‍ ഒപ്പിടാറില്ല എന്ന് മാത്രമല്ല, അദ്ദേഹം ഒരിക്കലും ഇത് ഔദ്യോഗിക ടെലിവിഷനില്‍ വായിക്കാറുമില്ല.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തെ ഉത്തര കൊറിയ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് രാജ്യത്തെ ഏകാധിപതി നടത്തിയ വ്യക്തിപരമായ പ്രസ്താവനയുടെ തികഞ്ഞ അപൂര്‍വതയില്‍ നിന്നുതന്നെ വ്യക്തമാണ്. ‘പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്, കിം ജോംഗ് ഉന്‍ നേരിട്ടെഴുതിയ വ്യക്തിപരമായ ഒരു സന്ദേശത്തിന്റെ സ്വഭാവം പ്രസ്താവനയ്ക്കുള്ളതിനാല്‍ തന്നെ ഈ നടപടി അഭൂതപൂര്‍വവും സന്ദേഹം അര്‍ഹിക്കുന്നതുമാണ്,’ എന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ യുഎസ്-കൊറിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ടെന്നി ടൗണ്‍ ചൂണ്ടിക്കാട്ടുന്നു. ‘തന്റെ പ്രവൃത്തിയെ കിം ന്യായികരിക്കുകയും കിമ്മിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ട്രംപ് ഉപയോഗിക്കുന്ന അതേ സ്വരത്തില്‍ തന്നെ അധിക്ഷേപം മടക്കി നല്‍കി എന്ന് വിശ്വസിക്കുകയും ചെയ്യുന്നു എന്ന് വ്യക്തമാണ്.’

രണ്ടാമതായി, ഹൈട്രജന്‍ ബോംബ് ഭീഷണി അസാധാരണവും വിശിഷ്യാ ആശങ്കാജനകവുമാണെന്ന് വിദഗ്ധര്‍ പറയുന്നു. പുങ്‌ഗ്യേ-റിയിലുള്ള അതിന്റെ ഭൂഗര്‍ഭ ബങ്കറിലാണ് ഉത്തര കൊറിയ സാധാരണഗതിയില്‍ ആണവ ആയുധ പരീക്ഷണങ്ങള്‍ നടത്തുന്നത്. അങ്ങനെ ചെയ്യുന്നത് വഴി റോഡിയോ ആക്ടീവ് തരംഗങ്ങളെ നിയന്ത്രിക്കാനും ആര്‍ക്കെങ്കിലും അബദ്ധത്തില്‍ ഹാനികരമാകുന്നത് തടയാനും സാധിക്കും. 1980ല്‍ ചൈനയാണ് അവസാനമായി അന്തരീക്ഷത്തില്‍ പരീക്ഷണം നടത്തിയത്. എന്നാല്‍ ജനവാസമേഖലകളില്‍ നിന്നും അകലെയാണെങ്കിലും ഇത്തരം ഒരു പരീക്ഷണം നടത്തുന്നതാവും ഇതുവരെയുള്ള ഏറ്റവും ഗുരുതരമായ പ്രകോപനം എന്ന് വിലയിരുത്തപ്പെടുന്നു.

കിമ്മിനെ ഭരിക്കുന്ന വ്യക്തിപരമായ സര്‍വപുച്ഛമാവും അന്തരീക്ഷ പരീക്ഷണവുമായി മുന്നോട്ട് പോകാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. കാര്യങ്ങളെ യുദ്ധത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന വിധത്തിലുള്ള പ്രതികരണം ട്രംപില്‍ നിന്നും ഉണ്ടാവാന്‍ ഇത് ഇടയാക്കുകയും ചെയ്തു.
‘കിമ്മില്‍ നിന്നുള്ള വ്യക്തിപരമായ സന്ദേശം കാര്യങ്ങളെ മറ്റൊരു തരത്തിലേക്ക് എത്തിച്ചിരിക്കുന്നു. അന്തരീക്ഷ അണുവായുധ പരീക്ഷണം നടത്തുമെന്ന് വ്യക്തമായ ഭീഷണിയുമായി ഉത്തര കൊറിയ മുന്നോട്ട് പോകുന്നപക്ഷം വളരെ അപകടകരമായ ഒരു മേഖലയിലാവും നമ്മുടെ സ്ഥാനം,’ എന്ന് ഒബാമ ഭരണകൂടത്തില്‍ ചൈന, കൊറിയ മേഖലകള്‍ക്ക് വേണ്ടിയുള്ള ദേശീയ സുരക്ഷ കൗണ്‍സില്‍ ഡയറക്ടറായിരുന്ന ലൗറ റോസന്‍ബര്‍ഗര്‍ പറയുന്നു. പസഫിക്കിന് മുകളില്‍ ഹൈട്രജന്‍ ബോംബ് പരീക്ഷണം നടത്തുമെന്ന തന്റെ ഭീഷണിയുമായി കിം മുന്നോട്ട് പോകില്ലായിരിക്കും. പക്ഷെ അങ്ങനെ സംഭവിക്കുകയാണെങ്കില്‍ വിദഗ്ധര്‍ ഭയപ്പെടുന്നതിനേക്കാള്‍ കരുതലുള്ള രീതിയിലായിരിക്കും അമേരിക്കന്‍ സൈനി രാഷ്ട്രീയ പ്രതികരണങ്ങള്‍.

പക്ഷെ അതുപോലും നമ്മെ ആശങ്കപ്പെടുത്തുന്നതിന് കാരണം, വലിയ ഭീഷണികള്‍ക്കൊപ്പം കടുത്ത സാമ്പത്തിക ഉപരോധങ്ങളിലൂടെയും ഉത്തര കൊറിയയെ നിലയ്ക്കുനിറുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ വേണ്ടത്ര വിജയിക്കുന്നില്ല എന്നതിനാലാണ്.

അമേരിക്കന്‍ അധിനിവേശത്തെ ചെറുക്കുന്നതിന് പോങ്യാങിന് ആണവായുധങ്ങള്‍ ആവശ്യമാണ് എന്നതാണ് ഉത്തര കൊറിയന്‍ വിദഗ്ധര്‍ക്കിടയിലെ പൊതുധാരണ. യുഎസിനെതിരായ ഉത്തര കൊറിയന്‍ ഭീഷണിക്കെതിരെ ‘മുമ്പൊരിക്കലും കാണാത്തത്ര രൂക്ഷതയോടെ’ എന്നും മറ്റുമുള്ള കഴിഞ്ഞ ഓഗസ്റ്റിലെ ട്രംപിന്റെ തിരിച്ചടികള്‍ അവരുടെ അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിക്കൂകയേ ഉള്ളു. അരക്ഷിതത്വബോധം വളരും തോറും അവര്‍ ആഞ്ഞടിക്കും. ഒരു അധിനിവേശത്തിന് വലിയ വിലകൊടുക്കേണ്ടിവരും എന്ന് വാഷിംഗ്ടണിനെ ബോധ്യപ്പെടുത്തുന്നതിനായി സ്വന്തം ശക്തികള്‍ അവര്‍ കൂടുതലായി പ്രദര്‍ശിപ്പിക്കും.

രണ്ടുപക്ഷവും യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ഒരു സമ്പൂര്‍ണ യുദ്ധത്തിലേക്ക് സൈദ്ധാന്തികമായി വിപുലീകരിക്കപ്പെടാവുന്ന തരത്തിലുള്ള തീവ്രവാദങ്ങളുടെ ചാക്രികതയില്‍ പെട്ടിരിക്കുകയാണ് ഇരു രാജ്യങ്ങളും ഇപ്പോള്‍. മൂര്‍ച്ചയേറിയതും കോപാകുലവുമായ വാക്‌പോരുകളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സാഹചര്യം. ഈ ചാക്രികത പ്രാവര്‍ത്തികമാകുന്നതിന്റെ നിശ്ചിത ഉദാഹരണമാണ് പസഫികില്‍ ബോംബ് പരീക്ഷിക്കും എന്ന ഭീഷണി. സ്വന്തം ശക്തിയെ കുറിച്ച് സൂചന നല്‍കാനുള്ള ഉത്തര കൊറിയയുടെ ഏറ്റവും വ്യക്തമായ മാര്‍ഗ്ഗം കൂടിയാണ് അത്.

ഇതിനൊക്കയുള്ള പരിഹാരം വളരെ ലളിതമാണെന്ന് വിദഗ്ധര്‍ പറയുന്നു: ഉത്തര കൊറിയയെ അനാവശ്യമായി പ്രകോപിപ്പിക്കുന്നതിന് പകരം യുഎസ് നേരിടുന്ന ഭീഷണി കൈകാര്യം ചെയ്യുന്നതിനുള്ള ഒരു തന്ത്രം വികസിപ്പിക്കുകയാണ് ട്രംപ് ഭരണകൂടം ചെയ്യേണ്ടത്. പക്ഷെ ഈ ലക്ഷ്യം നിറവേറ്റുന്നതിന് പറ്റിയ ആളാണ് പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്ന് തോന്നുന്നില്ല എന്നു മാത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍