UPDATES

വിദേശം

അധികാര ദുര്‍വിനിയോഗവും അഴിമതിയും: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗത്തെ പുറത്താക്കി

ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗിന്റെ പ്രതികാര നടപടിയെന്നും ആരോപണം

അധികാര ദുര്‍വിനിയോഗവും അഴിമതിയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗത്തെ പുറത്താക്കി. സണ്‍ ഷെംഗായിയെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഇയാള്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന് കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കിയതോടെയാണ് നടപടി.

സഹായങ്ങള്‍ ചെയ്തതിന് പണം വാങ്ങിയെന്നും ലൈംഗികതയ്ക്കായി അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് ഇയാള്‍ക്കെതിരായ കുറ്റം. സ്വജനപക്ഷപാതം, അലസത എന്നിവയും ഇദ്ദേഹത്തിന് നേരെ ആരോപിക്കപ്പെടുന്നു. അഴിമതിയും സ്ത്രീവിഷയങ്ങളും മാത്രമല്ല ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗിനോട് വിശ്വാസ്യതയില്ലാത്തതും ഷെംഗായിക്കെതിരായ നടപടിയ്ക്ക് കാരണമായെന്ന് ചൈനീസ് രാഷ്ട്രീയ നിരീക്ഷകന്‍ വില്ലി ലാം അറിയിച്ചു. സമാനമായ മറ്റ് കേസുകളിലുണ്ടായതിനേക്കാള്‍ വേഗതയിലാണ് ഈ കേസിലെ അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്നോട് വിശ്വസ്ഥരല്ലെങ്കില്‍ സണ്‍ ഷെംഗായിയുടെ അനുഭവമായിരിക്കും എല്ലാവര്‍ക്കും എന്ന സന്ദേശമാണ് ഇതിലൂടെ സി ജിന്‍പിംഗ് നല്‍കുന്നതെന്ന് ചൈനീസ് സര്‍വകലാശാല അധ്യാപകന്‍ കൂടിയായ ലാം വ്യക്തമാക്കി. പാര്‍ട്ടി കോണ്‍ഗ്രസില്‍ സി ജിന്‍പിംഗ് വീണ്ടും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. 25 അംഗ പോളിറ്റ്ബ്യൂറോയിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാവായിരുന്നു 53കാരനായ സണ്‍. ചിലര്‍ ഇദ്ദേഹത്തെ സി ജിന്‍പിംഗിന്റെ പിന്‍ഗാമിയായും കണ്ടിരുന്നു.

2013ല്‍ ജിന്‍പിംഗിന്റെ അഴിവിരുദ്ധ കാമ്പെയ്‌നെ തുടര്‍ന്ന് അറസ്റ്റിലായ ബോ സിലായിയ്ക്ക് ശേഷം പാര്‍ട്ടി പുറത്താക്കുന്ന ആദ്യ പോളിറ്റ്ബ്യൂറോ അംഗമാണ് സണ്‍. 2012ല്‍ ജിന്‍പിംഗ് പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നത് തടയാന്‍ ശ്രമിച്ച നേതാവാണ് ബോയെന്നാണ് ചൈനീസ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഇതിനുള്ള പ്രതികാരമാണ് നടപടിയെന്നും വിലയിരുത്തലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍