UPDATES

ഓഫ് ബീറ്റ്

ലോകം രണ്ടായി പിരിഞ്ഞ് യുദ്ധം ചെയ്യുന്നു; അത് ‘യാന്നി’യാണ്, അല്ല ‘ലോറലാ’ണ്!: ഈ ഓഡിയോയിൽ നിങ്ങൾ കേൾക്കുന്നതെന്ത്?

ചോദിക്കാനുള്ളത് വായനക്കാരോടാണ്. നിങ്ങൾ ഈ ഓഡിയോ ക്ലിപ്പ് കേൾക്കുക. എന്താണ് കേൾക്കാൻ കഴിയുന്നത്?

ലോകത്തില്‍ രണ്ടുതരം മനുഷ്യരുണ്ട്: യാന്നികളും ലോറലുകളും!

2015ൽ ഒരു വസ്ത്രമാണ് ലോകത്തെ രണ്ടായി വിഭജിച്ചത്. ഒരു വസ്ത്രത്തിന്റെ നിറം കറുപ്പും നീലയുമാണോ വെള്ളയും സ്വർണവുമാണോ എന്ന കാര്യത്തിൽ ലോകത്തിലെ മനുഷ്യർ രണ്ടു തട്ടിൽ നിന്ന് വാദിച്ചു. ഇതിനു സമാനമായൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത്. ഒരു ഓഡിയോയാണ് താരം. ഈ ഓഡിയോയിൽ ചിലർ കേൾക്കുന്നത് യാന്നി (Yanny) എന്നാണെങ്കിൽ മറ്റു ചിലർ ലോറൽ (Laurel) എന്ന് കേൾക്കുന്നു!

ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ഒരു ഓഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്ത് എന്താണ് ഓരോരുത്തര്‍ക്കും കേൾക്കാൻ കഴിയുന്നതെന്ന് ചോദിച്ചതോടെയാണ് ഇത് ചർച്ചയിലേക്ക് വന്നത്. ഒരു യൂടൂബർ ഇതേ ക്ലിപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ സംഗത് വൈറലായിത്തുടങ്ങി.

പക്ഷെ, ആ വാക്ക് ലോറൽ തന്നെയാണ്!

യാന്നി എന്നാണ് നിങ്ങൾ കേട്ടതെങ്കിൽ അതിൽ തെറ്റൊന്നുമില്ല. എന്നു പറയുമ്പോൾത്തന്നെ, ഓഡിയോയിൽ ഉച്ചരിക്കുന്ന വാക്ക് ലോറൽ തന്നെയാണെന്നും പറയേണ്ടതുണ്ട്! ലോറൽ എന്ന ഇംഗ്ലീഷ് വാക്കിന് വോക്കാബുലറി ഡോട് കോം എന്ന വെബ്സൈറ്റ് നൽകിയ റോബോട്ടിക് ഉച്ചാരണത്തിന്റെ ഓഡിയോ ക്ലിപ്പാണ് നമുക്കു മുമ്പിലുള്ളത്. ഒറിജിനൽ ഓഡിയോയുടെ നിലവാരം കുറഞ്ഞ ഡൗൺലോഡഡ് പതിപ്പുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഇതിന് ലഭിക്കുന്ന വിശഷദീകരണങ്ങളിലൊന്ന്, ഉയർന്ന തരംഗദൈർഘ്യമുള്ള ശബ്ദങ്ങൾ കേൾക്കാൻ കഴിയുന്നവർ യാന്നി എന്ന ഉച്ചാരണമാണ് കേൾക്കുക എന്നാകുന്നു. അതായത്, ലോറൽ എന്ന ഉച്ചാരണം കേൾക്കുന്നവരുടെ ഉയർന്ന തരംഗദൈർഘ്യമുള്ള ശബ്ദം ശ്രവിക്കാനുള്ള ശേഷി സംശയാസ്പദമാണ് എന്ന്!

യാന്നി എന്ന ശബ്ദത്തിനു മുകളിലെ അടരായാണ് ലോറൽ എന്ന ശബ്ദം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇതിൽ ഓരോരുത്തരുടെയും ചെവിയുടെ തരംഗസ്വീകാര്യതയെ ആശ്രയിച്ച് തലച്ചോറ് യാന്നിയെയോ ലോറലിനെയോ കേൾക്കാൻ സഹകരിക്കും. ഇതാണ് ലളിതമായ വിശദീകരണം.

പല ഡിവൈസുകളിൽ നിന്നും കേട്ടാൽ ഈ രണ്ട് ശബ്ദങ്ങളും കേൾക്കാൻ സാധിച്ചേക്കും. ഇത് ഡിവൈസിന്റെ ശബ്ദതരംഗ വ്യത്യാസത്തെ ആസ്പദമായിരിക്കും.

സെലിബ്രിറ്റികൾ കേൾക്കുന്നതെന്ത്?

വൈറ്റ് ഹൗസിലുള്ളവർ കേൾക്കുന്നതെന്ത്?

സംഭവം ചർച്ചയായപ്പോൾ വൈറ്റ് ഹൗസും സജീവമായി ഇതേറ്റെടുത്തു. ഇവാങ്ക ട്രെപിനെ ക്ലിപ്പ് കേൾപ്പിച്ചപ്പോൾ ലോറൽ എന്നാണ് കേൾക്കുന്നതെന്ന് അവർ പറഞ്ഞു.

പ്രസ്സ് സെക്രട്ടറി സാറ ഹക്ക്ബീ സാൻഡേഴ്സിന് ഇത് സിഎൻഎൻ ചാനലിനിട്ട് ഒന്ന് കൊട്ടാനുള്ള അവസരം കൂടിയായി മാറി. സാറയ്ക്ക് ലോറൽ എന്നാണ് കേൾക്കാൻ കഴിയുന്നതെന്ന് റിപ്പോർട്ടുണ്ടല്ലോ എന്ന് വീഡിയോ പിടിക്കുന്നവർ ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു: “സിഎൻഎനിൽ നിന്നും നിങ്ങൾക്ക് കിട്ടുന്ന വിവരങ്ങൾ വ്യാജമാണെന്നാണ് ഇത് തെളിയിക്കുന്നത്. ഞാൻ കേൾക്കുന്നത് യാന്നി എന്നാണ്!”

ഇനി ചോദിക്കാനുള്ളത് വായനക്കാരോടാണ്. നിങ്ങൾ ഈ ഓഡിയോ ക്ലിപ്പ് കേൾക്കുക. എന്താണ് കേൾക്കാൻ കഴിയുന്നത്? യാന്നി എന്നോ ലോറൽ എന്നോ? കമന്റ് ചെയ്യുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍