UPDATES

വിദേശം

ഭരണമൊഴിയാന്‍ മുഗാബെയ്ക്ക് 65 കോടി രൂപ ‘സുവര്‍ണ ഹസ്തദാനം’

അടുത്ത വര്‍ഷം ഓഗസ്റ്റില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് പുതിയ പ്രസിഡന്റ് വാഗ്ദാനം ചെയ്യുമ്പോഴും ജനാധിപത്യത്തിലേക്കുള്ള സഞ്ചാരത്തില്‍ സിംബാബ്‌വെ ജനത ഏറെ ദൂരം പിന്നിടേണ്ടി വരുമെന്ന് തന്നെയാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

37 വര്‍ഷം സിംബാബ്‌വെയില്‍ ഏകാധിപത്യ ഭരണം നടത്തിയ റോബര്‍ട്ട് മുഗാബെയ്ക്ക് ഭരണത്തില്‍ നിന്നും ഒഴിയുന്നതിന് ‘സുവര്‍ണ ഹസ്തദാനം’ സമ്മാനമായി ലഭിക്കുന്നു. പത്ത് ദശലക്ഷം ഡോളറും (ഏകദേശം 65 കോടി രൂപ) കുടംബത്തിന് നിയമപരിരക്ഷയുമാണ് രാജിക്ക് പകരമായി മുഗാബെയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ പ്രസിഡന്റിനും ഭാര്യ ഗ്രേസിനും കൊടുക്കുന്ന നഷ്ടപരിഹാരത്തുകയുടെ കൃത്യം കണക്ക് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പത്ത് ദശലക്ഷം ഡോളറില്‍ കുറയാത്ത തുകയാണ് അതെന്ന് ഭരണകക്ഷിയിലെ ഒരു മുതിര്‍ന്ന നേതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

നിയമനടപടികളില്‍ നിന്നുള്ള സംരക്ഷണത്തിന് പുറമെ, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വാണിജ്യ താല്‍പര്യങ്ങളിലും സര്‍ക്കാര്‍ ഇടപെടില്ലെന്നാണ് വിവരം. നഷ്ടപരിഹാര തുകയുടെ പകുതി ഉടനടി കൈമാറുകയും ചെയ്യും. മുന്‍ പ്രസിഡന്റിന് ശമ്പളമായി ലഭിച്ചുകൊണ്ടിരുന്ന പ്രതിവര്‍ഷം 150,000 ഡോളര്‍ (ഏകദേശം ഒമ്പത് കോടി രൂപ) അദ്ദേഹത്തിന് മരണം വരെ ലഭിക്കുമെന്ന വ്യവസ്തയും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പകുതി തുക രണ്ടാം ഭാര്യ ഗ്രേസിന് മരണം വരെ ലഭിക്കുകയും ചെയ്യും. ഇതുകൊണ്ടും കഴിയുന്നില്ല മുന്‍ പ്രസിഡന്റിന് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളുടെ പട്ടിക. തലസ്ഥാനമായ ഹരാരെയിലെ മണിമാളികയായ ബ്ലൂ റൂഫില്‍ അദ്ദേഹത്തിനും കുടുംബത്തിനും തുടര്‍ന്നും താമസിക്കാം. കൂടാതെ ആരോഗ്യ ശിശ്രുഷ, ഗാര്‍ഹിക സേവകര്‍, സുരക്ഷ, വിദേശ സഞ്ചാരം എന്നിവയുടെയെല്ലാം ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുകയും ചെയ്യും.

37 വര്‍ഷത്തെ ഭരണം കൊണ്ട് ഒരു രാജ്യത്തെ പട്ടിണിയുടെയും ദാരിദ്രത്തിന്റെയും കെടുതിയിലേക്ക് തള്ളിവിട്ട ഒരു ഭരണാധികാരിക്ക് ലഭിക്കുന്ന പ്രതിഫലങ്ങളാണ് ഇവയൊക്കെ. കടക്കെണിയില്‍ പെട്ടുഴലുന്ന രാജ്യത്തെ ബഹുഭൂരിപക്ഷവും ദാരിദ്ര്യത്തില്‍ ഉഴലുകയാണ്. തൊഴിലില്ലായ്മ നിരക്ക് 80 ശതമാനത്തിലേറെയായി വര്‍ദ്ധിച്ചിരിക്കുന്നു. തകര്‍ന്നടിഞ്ഞ റോഡുകളും വൈദ്യുതിയില്ലാതെ വിഷമിക്കുന്ന ഗ്രാമീണ ജനവിഭാഗങ്ങളും ഈ രാജ്യത്ത് സര്‍വസാധാരണമായിരിക്കുന്നു. ഭൂരിപക്ഷത്തിനും അടിസ്ഥാന വിദ്യാഭ്യാസ, ആരോഗ്യ പരിരക്ഷ സംവിധാനങ്ങള്‍ പോലും ലഭ്യമല്ലെന്നിരിക്കെയാണ് വലിയ പ്രതിഫലത്തിന് മുന്‍ പ്രസിഡന്റ് സ്ഥാനത്യാഗം ചെയ്യുന്നത്.

പുതിയ പ്രസിഡന്റ് എമേഴ്‌സണ്‍ എംനാന്‍ഗാഗ്വെയുമായി അടുപ്പമുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും മുഗാബെയുടെ വിശ്വസ്തരും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച തലസ്ഥാനമായ ഹരാരെയിലെ പ്രധാന സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പതിനായിരങ്ങളെ സാക്ഷി നിറുത്തി അധികാരമേറ്റ പുതിയ പ്രസിഡന്റ് എംനന്‍ഗാഗ്വെ എല്ലാ സിംബാബ്‌വെക്കാര്‍ക്കും വേണ്ടിയാവും തന്റെ ഭരണം എന്ന് പ്രഖ്യാപിച്ചെങ്കിലും മുഗാബെയ്ക്ക് അനുവദിക്കപ്പെട്ട സൗകര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, ആ രാജ്യത്തിന്റെ സഞ്ചാരത്തില്‍ വലിയ വ്യതിയാനങ്ങള്‍ക്ക് സാധ്യതയില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

എന്നാല്‍, മുഗാബെയുമായി എത്തിച്ചേര്‍ന്നു എന്ന് പറയപ്പെടുന്ന കരാറിനെതിരെ രാജ്യത്തെ നാമമാത്രമായ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മുഗാബെയുമായുള്ള ഒരു രഹസ്യകരാറിനെയും തങ്ങള്‍ പിന്തുണയ്ക്കില്ലെന്നും കരാറില്‍ എന്തെങ്കിലും സാമ്പത്തിക ഒത്തുതീര്‍പ്പുകളില്‍ എത്തിയിട്ടുണ്ടെങ്കില്‍ അത് ഭരണഘടന വിരുദ്ധമാണെന്നും മുഖ്യ പ്രതിപക്ഷമായ മൂവ്‌മെന്റ് ഫോര്‍ ഡെമോക്രാറ്റിക് ചെയ്ഞ്ചിന്റെ ജനറല്‍ സെക്രട്ടറി ഡഗ്ലസ് എംവോണ്‍സോറ വ്യക്തമാക്കി. ഭരണഘടന പ്രകാരം മുഗാബെ മുന്‍ പ്രസിഡന്റ് മാത്രമാണെന്നും അദ്ദേഹം അധികാരത്തിലിരുന്നപ്പോള്‍ ചെയ്ത ഭരണപരവും ക്രിമിനലുമായ ഒരു കുറ്റകൃത്യത്തില്‍ നിന്നുള്ള പരിരക്ഷയും അദ്ദേഹത്തിന് ലഭിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണകക്ഷിയായ സാനു-പിഎഫ് പാര്‍ട്ടിക്ക് പരസ്പരം അത്തരം ഇളവുകള്‍ നല്‍കാമെങ്കിലും നിയമം അത് അനുവദിക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

ഭരണത്തിലിരുന്നപ്പോള്‍ മുഗാബെയുടെ കുടുംബം നടത്തിയ വ്യാപകമായ അവിഹിത വാണിജ്യ താല്‍പര്യങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കാന്‍ കൂടി രഹസ്യകരാര്‍ മുതിരുന്നുണ്ട്. നിരവധി ഡയറി ഫാമുകളാണ് രാജ്യത്ത് മുഗാബെയുടെ പേരിലുള്ളത്. കൂടാതെ രണ്ടാം ഭാര്യ ഗ്രേസിന്റെ ആദ്യ വിവാഹത്തിലെ പുത്രന്‍ റസല്‍ ഗോറേറാസയാണ് രാജ്യത്തെ ഖനന വ്യവസായത്തെ നിയന്ത്രിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്കൊന്നുമെതിരെ ഒരു നടപടിയുമുണ്ടാവില്ലെന്ന് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ പ്രസംഗം തന്നെ വ്യക്തമാക്കുകയും ചെയ്യുന്നു. പ്രതികാര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകരുതെന്നും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ വിസ്മരിക്കരുതെന്നുമായിരുന്നു, എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും മുഗാബെയുടെ അടുത്ത കൈയാളായി പ്രവര്‍ത്തിച്ച എംനാന്‍ഗാഗ്വെയുടെ ആഹ്വാനം. അടുത്ത വര്‍ഷം ഓഗസ്റ്റില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് പുതിയ പ്രസിഡന്റ് വാഗ്ദാനം ചെയ്യുമ്പോഴും ജനാധിപത്യത്തിലേക്കുള്ള സഞ്ചാരത്തില്‍ സിംബാബ്‌വെ ജനത ഏറെ ദൂരം പിന്നിടേണ്ടി വരുമെന്ന് തന്നെയാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍