UPDATES

വിദേശം

മുഗാബെ ഇനി പുറത്തേക്ക്; കരുക്കള്‍ നീക്കി സ്വന്തം പാര്‍ട്ടി,ജനം തെരുവില്‍

ഉഗാണ്ടയുടെ പ്രസിഡന്റ് യോവേരി മ്യൂസെവെനി, കോംഗോ ജനാധിപത്യ റിപബ്ലിക്കിലെ ജോസഫ് കബില തുടങ്ങിയ ഏകാധിപതികളുടെ കസേരയ്ക്കും സിംബാബവെ സംഭവവികാസങ്ങള്‍ ഭീഷണി സൃഷ്ടിച്ചി’ുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ മറ്റൊരു ‘മുല്ലപ്പൂ വിപ്ലവത്തിനാവും’ മുഗാബെയുടെ സ്ഥാനമാറ്റം തുടക്കം കുറിക്കുക

സ്വന്തം കക്ഷിയായ സാനു-പിഎഫ് പാര്‍ട്ടി തള്ളിപ്പറയുകയും രാജി ആവശ്യപ്പെട്ട് സിംബാബ്‌വെ നഗരങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ പ്രകടനം നടത്തുകയും ചെയ്തതോടെ 37 വര്‍ഷം നീണ്ടുനിന്ന തന്റെ ഭരണം അവസാനിപ്പിക്കാന്‍ റോബര്‍ട്ട് മുഗാബെ നിര്‍ബന്ധിതനാവുകയാണ്. കഴിഞ്ഞ ആഴ്ച നടന്ന പട്ടാള അട്ടിമറിയിലൂടെ ആരംഭിച്ച പ്രതിസന്ധി, 93കാരനായ മുഗാബെയുടെ അധികാരം ഒഴിയലിലേക്കാണ് നയിക്കുന്നതെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്ച അദ്ദേഹം സൈനിക കമാന്റര്‍മാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും സ്ഥാനം നിലനിറുത്താനുള്ള സാധ്യതകളൊന്നും മുഗാബെയുടെ മുന്നില്‍ കാണുന്നില്ല.

ഇതിനിടെ മുഗാബെ പ്രസിഡന്റ് സ്ഥാനവും ഫസ്റ്റ് സെക്രട്ടറി എന്ന നിലയിലുള്ള പാര്‍ട്ടിയുടെ നേതൃത്വവും ഒഴിയണമെന്ന ആവശ്യപ്പെട്ട് ഭരണകക്ഷിയായ സാനു-പിഎഫ് പാര്‍ട്ടി പ്രമേയം പാസാക്കി. രാജിവെക്കാന്‍ സ്വയം സന്നദ്ധനായില്ലെങ്കില്‍ മുഗാബെ പുറത്താക്കാനുള്ള നടപടികള്‍ പാര്‍ലമെന്റ് അടുത്ത ആഴ്ച ആരംഭിക്കുമെന്നാണ് പൊതുവില്‍ പ്രതീക്ഷിക്കുന്നത്. പട്ടാള ജനറല്‍മാരുമായുള്ള സംഭാഷണത്തില്‍ മധ്യസ്ഥനാവാന്‍ കത്തോലിക്ക വൈദികനായ ഒരു ദീര്‍ഘകാല സുഹൃത്തിനെ മുഗാബെ നിയോഗിച്ചിട്ടുണ്ടൈന്ന് ചില സൈനിക വൃത്തങ്ങള്‍ ഗാര്‍ഡിയന്‍ പത്രത്തോട് വെളിപ്പെടുത്തി. എന്നാല്‍, തന്റെ പ്രതാപകാലത്ത് ഇത്തരം മധ്യസ്ഥശ്രമങ്ങള്‍ തള്ളിക്കളഞ്ഞ ആളുകൂടിയാണ് മുഗാബെ.

സുരക്ഷ സംവിധാനത്തിലെ ചില ഘടകങ്ങളുടെ കൂറ് നഷ്ടമാവുകയും അദ്ദേഹത്തെ പിന്തുണച്ചിരുന്ന പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ തടവിലാവുകയും ചെയ്തതോടെ നാല് ദശാബ്ദം സിംബാബ്‌വെ അടക്കി ഭരിച്ചിരുന്ന മുഗാബെയ്ക്ക് മുന്നില്‍ ഇനി വലിയ സാധ്യതകളൊന്നും നിലനില്‍ക്കുന്നില്ല. ഇതിനിടയിലാണ് ശക്തമാകുന്ന ജനരോഷം രാജ്യത്തെ പിടിച്ചുകുലുക്കുന്നത്. നാല് ദശാബ്ദമായി തങ്ങള്‍ സഹിക്കുന്ന അഴിമതിയുടെയും ഏകാധിപത്യത്തിന്റെയും കെടുതികളാണ് രോഷാകുലരായ ജനങ്ങളെ തെരുവിലെത്തിക്കുന്നത്. ശനിയാഴ്ച പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് ഓരോ സിംബാബ്‌വെ നഗരത്തിലും തെരുവിലിറങ്ങിയത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയെ പുറത്താക്കുന്നതിലുപരി ജനാധിപത്യ സംവിധാനങ്ങളിലേക്ക് രാജ്യം മടങ്ങിപ്പോകണമെന്ന ആഗ്രഹവും വ്യാപക പ്രതിഷേധത്തിന് ഉത്തേജനം നല്‍കുന്നുണ്ട്. ഹരാരെയിലെ ആഡംബര കൊട്ടാരത്തില്‍ നിന്നും പുറപ്പെട്ട പ്രസിഡന്റിന്റെ വാഹനവ്യൂഹത്തെ കൂക്കിവിളികളോടെയാണ് ജനങ്ങള്‍ എതിരേറ്റത്. എന്നാല്‍ മുഗാബെ വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ചില സുരക്ഷ വൃത്തങ്ങള്‍ അറിയിച്ചു.

സിംബാബ്‌വെ സൈനിക നിയന്ത്രണത്തില്‍: മുഴങ്ങുന്നത് റോബര്‍ട്ട് മുഗാബെയ്ക്കുള്ള ഹംസഗാനമോ?

അതെസമയം, ജനരോഷം ആളിക്കത്തുന്നത് സാനു-പിഎഫ് പാര്‍ട്ടിക്കും സൈന്യത്തിനും കടുത്ത വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. വര്‍ഷങ്ങളായി തുടരുന്ന കേന്ദ്രീകൃത ഏകാധിപത്യത്തിന് പകരം ജനാധിപത്യഭരണമാണ് ജനങ്ങള്‍ കാംക്ഷിക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിലെ വിദഗ്ധനായ പിയേഴ്‌സ് പിഗു ചൂണ്ടിക്കാണിക്കുന്നു. പ്രസിഡന്റിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ക്രിമിനലുകളെ തുരത്താനാണ് തങ്ങള്‍ അധികാരം ഏറ്റെടുത്തതെന്നാണ് സൈന്യം വിശദീകരിക്കുന്നത്. മുഗാബെയുടെ രണ്ടാം ഭാര്യ ഗ്രേസ് മുഗാബെയും അവരുടെ ജി40 വിഭാഗത്തെയുമാണ് സൈന്യം ഉദ്ദേശിക്കുന്നത് വ്യക്തം. എന്നാല്‍ ജനാധിപത്യ വ്യവസ്ഥിതി എന്ന സിംബാബ്‌വെ ജനതയുടെ അഭിലാഷം ഉടനടി പൂവണിയാനുള്ള ലക്ഷണങ്ങളല്ല നടക്കുന്നത്. മുഗാബെ സ്ഥാനം ഒഴിയുമ്പോള്‍ മുന്‍ വൈസ് പ്രസിഡന്റ് എമ്മേഴ്‌സ എംനാന്‍ഗാഗ്വെ പരമോന്നത പദവിയിലെത്തുമെന്നാണ് കരുതുന്നത്. 75 കാരനായ എംനാന്‍ഗാഗ്വെ മുഗാബെയുടെ ഭരണകാലത്ത് രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്നു. 2000 ത്തിലെയും 2008 ലെയും തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്തുന്നതിന് നേതൃത്വം കൊടുത്തതിന്റെ പേരില്‍ ആരോപണവിധേയനാണ് അദ്ദേഹം. ഇദ്ദേഹത്തെ രണ്ടാഴ്ച മുമ്പ് മുഗാബെ പുറത്താക്കിയതോടെയാണ് ഇപ്പോഴത്തെ പ്രതിസന്ധി ആരംഭിച്ചത്.

എല്ലാ കക്ഷികളെയും ഉള്‍ക്കൊള്ളിച്ച് ഒരു ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍, സൈന്യവും സാനു-പിഎഫ് പാര്‍ട്ടയും ചേര്‍ന്ന് തങ്ങളെ ഒതുക്കുമെന്ന ഭയവും അവര്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ഭാവി ഭരണത്തില്‍ സൈന്യം അവിഹിത സ്വാധീനം ചെലുത്തുമെന്ന ഭയവും നിലനില്‍ക്കുന്നുണ്ട്. അധികാരം പിടിച്ചെടുത്ത ശേഷം ഗ്രേസ് മുഗാബെയുടെ വിശ്വസ്തര്‍ എന്ന് കരുതപ്പെടുന്ന ഒരു ഡസനിലേറെ മുതിര്‍ന്ന നേതാക്കളെയും ഉദ്യോഗസ്ഥരെയും സൈന്യം അറസ്റ്റ് ചെയ്തത് ഇതിന്റെ സൂചനയായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഏതായാലും സിംബാബ്വെയിലെ ഇപ്പോഴത്തെ അസ്വസ്ഥതകള്‍ മറ്റ് ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും പടരാനുള്ള സാധ്യതയും നിലനില്‍ക്കുുണ്ട്. ഉഗാണ്ടയുടെ പ്രസിഡന്റ് യോവേരി മ്യൂസെവെനി, കോംഗോ ജനാധിപത്യറിപബ്ലിക്കിലെ ജോസഫ് കബില തുടങ്ങിയ ഏകാധിപതികളുടെ കസേരയ്ക്കും സിംബാബ്വെയിലെ സംഭവവികാസങ്ങള്‍ ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്‌. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ മറ്റൊരു ‘മുല്ലപ്പൂ വിപ്ലവത്തിനാവും’ മുഗാബെയുടെ സ്ഥാനമാറ്റം തുടക്കം കുറിക്കുക.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍