UPDATES

വിദേശം

ആഫ്രിക്കന്‍ ആനക്കുട്ടികള്‍ ഇനി ‘പിള്ളാരെപ്പിടുത്തക്കാരെ’ പേടിക്കണ്ട!

അസാധാരണമായ സാഹചര്യങ്ങളില്‍ അല്ലാതെ ഇനിമുതല്‍ ആനകളെ കാട്ടില്‍ നിന്നും പിടികൂടി ലോകത്തിലെ മറ്റെവിടെയെങ്കിലും ‘ബന്ദികളാക്കാന്‍’ കഴിയില്ല.

ആഫ്രിക്കന്‍ ആനക്കുട്ടികളെ കാട്ടില്‍ നിന്നും പിടിച്ച് മൃഗശാലകള്‍ക്ക് വില്‍ക്കുന്നതിന് പൂര്‍ണ്ണ നിരോധനമേര്‍പ്പെടുത്തി. ജനീവയില്‍ നടന്ന വംശനാശഭീഷണി നേരിടുന്ന ജീവികളില്‍ അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച കണ്‍വെന്‍ഷനിലാണ് (സൈറ്റ്) ദിവസങ്ങള്‍ നീണ്ട സംവാദത്തിന് ശേഷം നിയമങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആശങ്കകള്‍ക്കിടയിലും യൂറോപ്യന്‍ യൂണിയന്‍ നിരോധനത്തെ പിന്തുണച്ചു. 29-നെതിരെ 87 വോട്ടുകള്‍ക്കാണ് തീരുമാനം പാസാക്കിയത്.

ആനകളെ ഏറ്റവുംകൂടുതല്‍ കയറ്റി അയക്കുന്ന രാജ്യമായ സിംബാബ്വെ എതിര്‍ത്തു വോട്ടുചെയ്തു. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ആനകളുടെ എണ്ണത്തില്‍ ഒട്ടും ആശങ്കവേണ്ടാത്ത രാജ്യമാണ് സിംബാബ്വെയും ബോട്‌സ്വാനയും. അവര്‍ക്ക് ആനകളെ ‘ഉചിതമായതും സ്വീകാര്യവുമായ’ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുമതിയുണ്ടായിരുന്നു. ഈ നിയമപ്രകാരം, 2012 മുതല്‍ നൂറിലധികം കുട്ടിയാനകളെയാണ് അവര്‍ ചൈനീസ് മൃഗശാലകളിലേക്ക് കയറ്റുമതി ചെയ്തതെന്ന് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ പറയുന്നു.

പുതിയ തീരുമാനം ആനക്കച്ചവടത്തിനുള്ള നിയന്ത്രണങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. അസാധാരണമായ സാഹചര്യങ്ങളില്‍ അല്ലാതെ ഇനിമുതല്‍ ആനകളെ കാട്ടില്‍ നിന്നും പിടികൂടി ലോകത്തിലെ മറ്റെവിടെയെങ്കിലും ‘ബന്ദികളാക്കാന്‍’ കഴിയില്ല. സൈറ്റിന്റെ അനുമതിയോടെയെ ഇനി ആഫ്രിക്കന്‍ ആനക്കച്ചവടം സാധ്യമാകൂ. നിരോധനം സംബന്ധിച്ച് കഴിഞ്ഞയാഴ്ച തന്നെ തീരുമാനമായിരുന്നെങ്കിലും വോട്ടെടുപ്പ് സമ്മേളനത്തിന്റെ അവസാനത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

അതിനിടെ നിരോധനത്തിനെതിരെ സിംബാബ്വെ കടുത്ത പ്രചരണം നടത്തിയിരുന്നു. ലോകമെമ്പാടുമുള്ള മൃഗശാലകളിലെ ജനിതക വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകള്‍കൊണ്ടാണ് ആദ്യം യൂറോപ്യന്‍ യൂണിയന്‍ അതിനെ എതിര്‍ത്തിരുന്നത്. ‘ആനകളെ തീരെ വിപണനം ചെയ്യാന്‍ കഴിയില്ല എന്നല്ല നിരോധനത്തിന്റെ അര്‍ത്ഥം. മറിച്ച് വിദൂര സ്ഥലങ്ങളിലേക്ക് ആനകളെ കൂട്ടമായി കയറ്റി അയയ്ക്കുന്നതുപോലുള്ള നടപടികള്‍ നടക്കില്ല എന്നാണ്’ എന്ന് ബോണ്‍ ഫ്രീ ഫൌണ്ടേഷന്‍ പ്രസിഡന്റ് വില്‍ ട്രാവേഴ്സ് പറഞ്ഞു. ഈ സുപ്രധാന വിജയം ആഘോഷിക്കുകയാണെന്ന് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണലും പറഞ്ഞു.

Explainer: ആരാണ് ആമസോൺ കാടുകൾ ബ്രസീലിന്റേത് മാത്രമെന്ന് പറയുന്ന പ്രസിഡണ്ട് ജയിർ ബോൾസൊനാരോ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍