UPDATES

കായികം

ആസ്‌ത്രേലിയ ലോക ജേതാക്കള്‍; കിവീസിനെ തകർത്തത് 7 വിക്കറ്റിന്

അഴിമുഖം പ്രതിനിധി

കലാശപ്പോരാട്ടത്തില്‍ ബദ്ധവൈരികളായ ന്യൂസിലാണ്ടിനെ തകര്‍ത്ത് ആസ്‌ത്രേലിയ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടു. ഏഴ് വിക്കറ്റിനാണ് കംഗാരുപ്പടയുടെ ജയം. ഇതോടെ ഓസിസിന്റെ ലോകകിരീയ നേട്ടം അഞ്ചായി. ജയത്തോടെ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് വീരോചിതമായ യാത്രയയപ്പും കംഗാരുക്കള്‍ നല്‍കി. 184 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഓസിസ് 31.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് അടിച്ചെടുത്തത്. ജയിംസ് ഫോക്നറാണ് കളിയിലെ കേമൻ. മിച്ചൽ സ്റ്റാർക്കാണ് മാൻ ഓഫ് ദ സീരീസ്.

തങ്ങളുടെ ആദ്യ കിരീടം തേടിയിറങ്ങിയ കിവിപ്പടയ്ക്ക് തുടക്കത്തിലേ പിഴയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും മൂന്നാമത്തെ ബോളില്‍ റണ്ണൊന്നുമില്ലാതെ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മെക്കല്ലമാണ് ആദ്യം പുറത്തായത്. മക്കല്ലത്തെക്കൂടാതെ 4 ബാറ്റ്‌സ്മാന്‍മാര്‍ കൂടി സംപൂജ്യരായി മടങ്ങി. 45 ഓവറില്‍ 183 റണ്‍സെടുക്കാനെ ന്യൂസിലണ്ടിനായുള്ളൂ. 83 റണ്‍സ് പൊരുതി നേടിയ ഗ്രാന്റ് എലിയട്ടാണു ന്യൂസിലന്‍ഡിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. റോസ് ടെയ്‌ലര്‍ 40 റണ്‍സും നേടി.

വെടിക്കെട്ട് വീരന്‍ ബ്രണ്ടന്‍ മക്കല്ലത്തെ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് നഷ്ടപ്പെട്ടു തുടങ്ങിയ കിവീസിനു പിന്നീട് ഒരിക്കലും മത്സരത്തിലേക്കു തിരിച്ചുവരാന്‍ കഴിഞ്ഞില്ല. മാര്‍ട്ടിന്‍ ഗപ്റ്റില്‍-15, കെയ്ന്‍ വില്യംസണ്‍-12 എന്നിവര്‍ കൂടി മടങ്ങിയതോടെ കിവീസ് 39 ന് 3 എന്ന നിലയിലായി.

എന്നാല്‍ നാലാം വിക്കറ്റില്‍ ടെയ്‌ലര്‍-എലിയട്ട് സഖ്യം 111 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബാറ്റിംഗ് പവര്‍ പ്ലേയുടെ ആദ്യ ഓവറില്‍ ടെയ്‌ലറിനെയും പിന്നാലെ വന്ന കോറി ആന്‍ഡേഴ്‌സണെയും വീഴ്ത്തി ജയിംസ് ഫോക്‌നര്‍ ഓസീസിനു ബ്രേക് ത്രൂ നല്കി. ലൂക്ക് റോഞ്ചി കൂടി പൂജ്യത്തിനു പുറത്തായതോടെ കിവീസ് 151 ന് 6 എന്ന നിലയിലായി.

വിക്കറ്റുകള്‍ വീണപ്പോഴും പൊരുതി നിന്ന എലിയട്ട് എട്ടാമനായി പുറത്തായതോടെ കിവീസിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. 82 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു എലിയട്ടിന്റെ ഇന്നിംഗ്‌സ്. അശ്രദ്ധമായി ക്രീസിനു പുറത്തു നിന്ന ടിം സൗത്തിയെ മാക്‌സ്‌വെല്‍ നേരിട്ടുള്ള ഏറില്‍ റണ്‍ ഔട്ടാക്കിയതോടെ കിവീസ് ഇന്നിംഗ്‌സ് അവസാനിച്ചു.

മൂന്നു വീതം വിക്കറ്റുകള്‍ നേടിയ മിച്ചല്‍ ജോണ്‍സണ്‍, ജയിംസ് ഫോക്‌നര്‍ എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടു വിക്കറ്റ് നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍