UPDATES

അയാസ് മേമന്‍

കാഴ്ചപ്പാട്

അയാസ് മേമന്‍

ന്യൂസ് അപ്ഡേറ്റ്സ്

സിഡ്നിയില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചതെങ്ങനെ?

തുടർച്ചയായ ഏഴ് വിജയങ്ങൾക്കും ഏറെക്കുറെ പഴുതില്ലാത്ത പ്രകടനങ്ങൾക്കും ശേഷം ഇന്ത്യക്ക് ഒരു ഗതികെട്ട ദിവസം ഉണ്ടാവുകയും നാട്ടിലേക്കുള്ള ഫ്ലൈറ്റിൽ തിരിക്കേണ്ടി വരികയും ചെയ്തു. ലീഗ് ഘട്ടത്തിൽ ഒരു തോൽവി ഏറ്റുവാങ്ങുകയും അത്രയ്ക്ക് അപകടകാരികളാകില്ലെന്നും തോന്നിച്ച ഓസ്ട്രേലിയ നാളത്തെ ഫൈനലിൽ ന്യൂസിലാന്റിനെ നേരിടും.

കളിക്ക് ചിലപ്പോൾ ക്രൂരമാകാനും കഴിയും. നിർഭാഗ്യം അപ്രതീക്ഷിതമായി കടന്നുവരാം, അതിന് ഒരു കളിക്കാരന്റെയോ ടീമിന്റെയോ മികച്ച പ്രകടനത്തെ നശിപ്പിക്കാനും കഴിയും. പക്ഷെ സത്യത്തിൽ അത്തരത്തിലൊരു ഒഴിവുകഴിവും സെമിഫൈനലിലെ തോൽവിക്ക് കാരണമായി ഇന്ത്യക്ക് പറയാനാവില്ല. എന്തെന്നാൽ യാതൊരു ഘടനയും വ്യക്തതയുമില്ലാതെയാണ് അവർ കളിയെ സമീപിച്ചത്.

അത് ഏറ്റവും കൂടുതൽ പ്രകടമായത് ബാറ്റിങ്ങിലായിരുന്നു. 328 എന്ന കൂറ്റൻ സ്കോറാണ് ഓസ്ട്രേലിയ പടുത്തുയർത്തിയത്. വരണ്ട സിഡ്നി ഗ്രൗണ്ടിൽ അത് നേടുക എന്നത് അസാധ്യമായിരുന്നില്ല, കാരണം ബാറ്റിങ്ങായിരുന്നു ഇന്ത്യയുടെ പ്രധാന ശക്തി.

പ്രതീക്ഷക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ബൌളിങ് എന്നത് ശരിതന്നെ, എന്നാൽ സാഹചര്യത്തിനൊത്തുയർന്ന് കളിച്ച് ദുഷ്കരമായ ലക്ഷ്യം പിന്തുടരാൻ മികച്ച ഫോമിലായിരുന്ന ബാറ്റ്സ്മാൻമാർക്ക് കഴിയണമായിരുന്നു.

ബുദ്ധിപരമായി ലക്ഷ്യം പിന്തുടരുന്നതിന് പകരം അനാവശ്യമായ ഗർവ് കാണിക്കുകയാണ് മുൻനിരക്കാരുടെ ലക്ഷ്യമെന്ന് വന്നാൽ ഇത് സാധ്യമല്ല. മറികടക്കാനുള്ള സ്കോർ വലുതാണെന്നിരിക്കെ റൺ റേറ്റ് മന്ദഗതിയിലാവുക എന്നത് താങ്ങാവുന്നതല്ല. പക്ഷെ എന്റെ അഭിപ്രായത്തിൽ പിന്നീട് ആക്രമിച്ച് കളിക്കാനാവശ്യമായ വിക്കറ്റ് കൈയ്യിലുണ്ടെന്ന് ഉറപ്പ് വരുത്തുകയായിരുന്നു കൂടുതൽ പ്രധാനം.

ടി-20 ക്രിക്കറ്റിന്റെ ആവിർഭാവം ഏകദിന മത്സരങ്ങളിലും മാറ്റമുണ്ടാക്കിയിട്ടുണ്ട്. ടി-20 മത്സരങ്ങളിൽ 150-200 റൺസുകളാണ് പതിവായി കാണാറുള്ളത് എന്നതിനാൽ ഏകദിന മത്സരങ്ങളിലെ ബാറ്റിങ്ങ് രണ്ട് ഘട്ടങ്ങളായി ഇപ്പോൾ മാറിയിട്ടുണ്ട്. അവസാന 15-20 ഓവറുകൾ ബാക്കിയുള്ളതിൽ നിന്നും വേർതിരിച്ച് വെച്ചിരിക്കുകയാണ്. 

രണ്ടാം പവർപ്ലേയുടെ റൺ സാധ്യതകളെക്കുറിച്ച് പ്രതീക്ഷ വേണമെന്നുണ്ടെങ്കിൽ ടീമിന്റെ കൈയ്യിൽ ആവശ്യത്തിന് വിക്കറ്റ് ഉണ്ടായിരിക്കണം. 300-ലധികമുള്ള സ്കോറുകൾ പിന്തുടരുമ്പോൾ ഇത് അനിവാര്യമാകുന്നു. 23-ആമത്തെ ഓവറിൽ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടുവെങ്കിൽ ജോലി ദുഷ്കരമാകും.

രോഹിതും ശിഖര്‍ ധവാന്‍ ചേർന്ന് നൽകിയ ഉജ്ജ്വല തുടക്കത്തിൽ നിന്ന് (ധവാൻ പുറത്താകുമ്പോൾ 12.5 ഓവറിൽ 76) വൻതോക്കുകളുടെ പാളിപ്പോയ ആക്രമണോത്സുകത കൊണ്ട് ഇന്ത്യ 4ന് 108 എന്ന നിലയിലേക്ക് കൂപ്പുകുത്തി. കൂട്ടുകെട്ടുകളിലൂടെ ഇന്നിങ്സ് കെട്ടിപ്പടുക്കാനും മെല്ലെ കളിച്ച് അടിത്തറ ഉണ്ടാക്കിയതിന് ശേഷം വേഗത്തിൽ റണ്ണെടുക്കാനും ശ്രമിക്കുന്നതിന് പകരം തിടുക്കത്തിൽ റണ്ണടിക്കാനുള്ള ശ്രമത്തിൽ കോഹ്ലിയും, രോഹിതും, റെയ്നയും വീഴുകയായിരുന്നു.

എന്നാൽ അതിന് മണിക്കൂറുകൾ മാത്രം മുമ്പ് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ ശ്രേഷ്ഠമായൊരു മാതൃക കാണിച്ചു തന്നിരുന്നു. ഡേവിഡ് വാർണർ നേരത്തെ തന്നെ പുറത്തായതിനാൽ കൈവിട്ട കളി കളിക്കാതിരിക്കാൻ ഫിഞ്ചും സ്മിത്തും ശ്രദ്ധിച്ചു. നിയന്ത്രിതമായ അക്രമണോത്സുകതയാണ് അവർ പകരം സ്വീകരിച്ചത്, 31 ഓവറുകളിൽ 182 റൺസ് വരെ അവരുടെ കൂട്ടുകെട്ട് വളർന്നു. 

ഭയാശങ്കയില്ലാതെ വലിയ ഷോട്ടുകൾ കളിക്കാനും കൂടുതൽ അപകടകരമായ കളി പുറത്തെടുക്കാനും പിന്നീട് വന്ന ബാറ്റ്സ്മാൻമാരെ പ്രാപ്തരാക്കിയത് ഇതാണ്. വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടുകൊണ്ടിരുന്നപ്പോഴും ഇറങ്ങിയവരെല്ലാം തങ്ങളുടെ ചെറിയ ഭാഗം ഭംഗിയായി ചെയ്തതുകൊണ്ട് 300ന് അപ്പുറത്തേക്ക് സ്കോർ കടത്താൻ ഓസ്ട്രേലിയക്കായി.

ഈ സീസണിൽ ബ്രാഡ്മാൻ ശൈലിയിൽ കളിച്ചുകൊണ്ടിരുന്ന, ഇന്ത്യയുടെ തലവേദനയായിരുന്ന സ്മിത്, ഉജ്ജ്വലമായ മറ്റൊരു സെഞ്ച്വറി നേടി. സ്വയം പിന്മാറി രണ്ടാം സ്ഥാനക്കാരനായി കളിക്കാൻ തയ്യാറായ ഫിഞ്ച്, സ്മിത്തിന് ആവശ്യമുള്ള പിന്തുണ നൽകി.

തീപാറുന്ന വേഗതയും ബോളിനെ വൈകി സ്വിങ് ചെയ്യിക്കാനുള്ള കഴിവും സ്റ്റാർക്കിനെ ബൗളർമാർക്കിടയിൽ ശ്രദ്ധേയനാക്കി. എന്നാൽ അടുത്തടുത്തുള്ള ഓവറുകളിൽ കോഹ്ലിയെയും രോഹിത്തിനെയും പുറത്താക്കിയ ജോൺസണാണ് ഏറ്റവും വലിയ അപകടകാരിയായിത്.

അത് ഇന്ത്യയുടെ താളം തെറ്റിക്കുകയും ധോണിയുടെ കരുത്തുറ്റഅർധ സെഞ്ച്വറി ഒഴിച്ചു നിർത്തിയാൽ ഇന്ത്യ ഒന്നുമല്ലാതായിത്തീരുകയും ചെയ്തു. നൂറു കോടി ജനങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും അതോടൊപ്പം മരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍