UPDATES

കായികം

സ്വന്തം മണ്ണിലെ ഫൈനല്‍ അവിസ്മരണീയമാക്കാന്‍ കംഗാരുക്കള്‍; ആദ്യ കിരീടത്തിന് ന്യൂസിലണ്ട്

അഴിമുഖം പ്രതിനിധി

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന് നാളെ മെല്‍ബണില്‍ തുടക്കമാകുമ്പോള്‍ സ്വന്തം മണ്ണിലെ കലാശപ്പോരാട്ടം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഓസ്ട്രേലിയന്‍ ടീം. നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് കിരീട നേട്ടത്തോടെ ധീരോചിതമായ വിടവാങ്ങല്‍ നല്‍കുന്നതിനും ഓസീസ് ശ്രമിക്കുന്നു. സ്വന്തം മണ്ണിലാണ് കലാശപ്പോരാട്ടം എന്ന ആനുകൂല്യവും അവര്‍ക്കുണ്ട്.

ലോക കപ്പില്‍ ഇതിന് മുന്‍പ് ഒന്‍പത് തവണ ഇരുടീമുകളും ഏറ്റ് മുട്ടിയിട്ടുണ്ട്. ഇതില്‍ ആറ് പ്രാവശ്യവും ജയം ഓസിസിനൊപ്പമായിരുന്നു. 1987ലെ ലോകകപ്പിലായിരുന്നു ആദ്യ ഏറ്റുമുട്ടല്‍. അന്ന് ഒരേ ഗ്രൂപ്പിലായിരുന്ന ഇരു ടീമുകളും രണ്ട് തവണ മാറ്റുരച്ചപ്പോള്‍ രണ്ടിലും ആസ്‌ത്രേലിയ വിജയം കൊയ്തു. എന്നാല്‍ 1992ലെ ലോകകപ്പ് ഉദ്ഘാടനമത്സരത്തില്‍ ക്യാപ്റ്റൻ മാര്‍ട്ടിന്‍ ക്രോയുടെ സെഞ്ച്വറിയുടെ പിൻബലത്തിൽ ന്യൂസിലണ്ട് ഓസ്‌ത്രേലിയയെ തകര്‍ത്തു.

അതെസമയം 1996ല്‍ ചെന്നയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മാര്‍ക്ക് വോയുടെ സെഞ്ച്വറിയുടെ മികവില്‍ ഓസീസ് ജയം സ്വന്തമാക്കി. പക്ഷെ 1999ല്‍ കളി നേരെ തിരിഞ്ഞു. ഇംഗ്ലണ്ടിലെ കാര്‍ഫിഡില്‍ നടന്ന മത്സരത്തില്‍ ജെഫ്‌ലോട്ടിന്റെ കൃത്യതയാര്‍ന്ന ബൗളിംഗ് ഓസ്‌ത്രേലിയയെ തകര്‍ക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. 2003ല്‍ പോര്‍ട്ട് എലിസബത്തില്‍ നടന്ന പോരാട്ടത്തില്‍ വിജയം ഓസ്‌ത്രേലിയയുടെ കൂടെയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കംഗാരുക്കളെ 208ല്‍ ഒതുക്കിയെങ്കിലും കിവികള്‍ക്ക് ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. വിജയം ലക്ഷ്യമിട്ടിറങ്ങിയ ന്യൂസിലന്‍ഡ് 30.1 ഓവറില്‍ 112 റണ്‍സിനു എല്ലാവരും പുറത്താവുകയായിരുന്നു.

തികച്ചും ഏകപക്ഷീയമായിരുന്നു 2007ലെ വെസ്റ്റിന്‍ഡീസ് ലോകകപ്പില്‍ നടന്ന ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് മത്സരം. 210 റണ്‍സിനാണ് ഓസീസ് കീവിസിനെ നിലംപരിശാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ആറിന് 348 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് 133 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 2011ല്‍ നാഗ്പൂരിലും കംഗാരുക്കള്‍ കിവികളുടെ ചിറകരിയുന്ന കാഴ്ചയാണ് കണ്ടത്. 45.1 ഓവറില്‍ 206 റണ്‍സെടുത്ത ന്യൂസിലാണ്ടിനെ 34 ഓവറില്‍ ഓസ്‌ത്രേലിയ നിലംപരിശാക്കി.

ഈ ലോകകപ്പില്‍ ഓക്‌ലന്‍ഡിലായിരുന്നു ഓസീസ്-കീവിസ് ഒമ്പതാം പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയുടെ ബോള്‍ട്ടിളക്കുന്നതായിരുന്നു ടെന്റ് ബോള്‍ട്ടിന്റെ പ്രകടനം. ബോള്‍ട്ടിന്റെ അഞ്ചു വിക്കറ്റ് നേട്ടത്തില്‍ ഓസ്‌ട്രേലിയ 32.2 ഓവറില്‍ 151നു പുറത്തായി. പിന്നീട് ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് വന്‍ തകര്‍ച്ച നേരിട്ടെങ്കിലും കെയ്ന്‍ വില്യംസണ്‍ ഉറച്ചുനിന്ന് കിവികളെ വിജയത്തിലേക്കു നയിച്ചു. ഒരു വിക്കറ്റിനാണു ന്യൂസിലന്‍ഡ് കടന്നുകൂടിയത്.

ഈ ചരിത്ര പാഠങ്ങളും കൂടി ഉള്‍ക്കൊണ്ടുകൊണ്ടാകും ഇരുടീമുകളും നാളെ പോരാട്ടത്തിനിറങ്ങുക. ആദ്യമായാണ് ഓസ്ട്രേലിയയും ന്യൂസിലാണ്ടും ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ലോകകപ്പിലെ തങ്ങളുടെ ആദ്യം ജയം തേടിയിറങ്ങുന്ന ന്യൂസിലാണ്ട് പോരാട്ടം ശക്തമാക്കുമെന്നുറപ്പാണ്. ഇതുവരെ ഒരു തോല്‍വി പോലും വഴങ്ങാതെയാണ് മക്കല്ലത്തിന്റെ നേതൃത്വത്തില്‍ കിവികള്‍ കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. സെമിയില്‍ കടുത്ത പോരാട്ടത്തില്‍ കരുത്തരായ സൗത്താഫ്രിക്കയെ തകര്‍ത്താണ് അവര്‍ ഫൈനലിലെത്തിയത്. ഒപ്പം ഗ്രൂപ്പ് മത്സരത്തില്‍ ഓസിസിനെ തകര്‍ത്ത ആത്മവിശ്വാസവും കൂട്ടിനുണ്ട്.

അതെസമയം തങ്ങളുടെ അഞ്ചാം കിരീടമാണ് ഓസ്‌ത്രേലിയ ലക്ഷ്യമിടുന്നത്. ഒപ്പം പിരിയുന്ന ക്യാപ്റ്റ്‌ന് ഒരു ലോകകിരീട സമ്മാനവും. രണ്ടും കൂടിയാകുമ്പോള്‍ മത്സരം കടുക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍