UPDATES

കായികം

ലോകകപ്പ് ; യു.എ.ഇക്കെതിരെ ഇന്ത്യയുടെ വിജയം 9 വിക്കറ്റിന്

അഴിമുഖം പ്രതിനിധി

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. തീര്‍ത്തും വിരസമായ കളിക്കൊടുവില്‍ യു.എ.ഇയെ ഇന്ത്യ 9 വിക്കറ്റിന് തോല്‍പ്പിച്ചു. ലോക കപ്പില്‍ ജയം അറിയാന്‍ യു.എ.ഇ ഇനിയും കാത്തിരിക്കണം. 103 എന്ന ചെറിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 31.1 ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് ജയിച്ചത്‌. ലോകകപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. 25 റണ്‍സ് മാത്രം വിട്ടു കൊടുത്തു 4 വിക്കറ്റുകള്‍ വീഴ്ത്തിയ ആര്‍ .അശ്വിനാണ് കളിയിലെ താരം.

ബാറ്റ്സ്മാന്‍മാര്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാന്‍ ഇല്ലാതിരുന്ന കളിയില്‍ ഇന്ത്യ 50 കടന്നത്‌ 9.2 ഓവറില്‍. ഈ ലോക കപ്പിലെ തന്റെ ആദ്യ അര്‍ദ്ധ സെഞ്ച്വറി നേടിയ രോഹിത്തും (57) കോഹ്ലിയും(33) ചേര്‍ന്നാണ് ഇന്ത്യയെ 103 റണ്‍സ് എന്ന ലക്ഷ്യത്തില്‍ എത്തിച്ചത്. 14 റണ്‍സ് എടുത്ത ധവാനെ പുറത്താക്കിയതാണ് യു എ ഇ ക്ക് ആശ്വസിക്കാനുള്ള ഏക കാര്യം. നവീദിന്റെ പന്തില്‍ റോഹന്‍ മുസ്തഫക്ക് ക്യാച്ച് നല്‍കിയാണ് ധവാന്‍ പുറത്തായത്.

ടോസ് നേടിയ യു.എ.ഇ. ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്ങ്സില്‍ യു എ ഇ 31.3 ഓവറില്‍ 102 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.  ഇന്ത്യന്‍ ബൌളിംഗിന് മുമ്പില്‍ തകരന്നടിഞ്ഞ യു എ ഇ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്നു കൂടിയത് 2 പേര്‍ മാത്രം- ഖുറം ഖാന്‍ (14) ശൈമാന്‍ അന്‍വര്‍ (35). മലയാളി താരം കൃഷ്ണ ചന്ദ്രന്‍ 27 ബോളില്‍ വെറും 4 റണ്‍സ് മാത്രം ആണ് നേടിയത്. സ്കോര്‍ 100 കടക്കില്ല എന്ന സാഹചര്യത്തില്‍ നിന്നും പത്താം വിക്കറ്റ് കൂട്ടുകെട്ടില്‍ ഷൈമാന്‍ അന്‍വറും മഞ്ജുള്‍ ഗുരുഗെയും ചേര്‍ന്ന് നേടിയ 31 റണ്‍സാണ് റണ്‍സ് 102 ആക്കിയത്. തന്റെ കരിയറിലെ തന്നെ മികച്ച ഏകദിന പ്രകടനം പുറത്തെടുത്ത അശ്വിന്‍ ഇന്ത്യയ്ക്ക് വേണ്ടി 4 വിക്കറ്റ് വീഴ്ത്തി. ജഡേജയും യാദവും രണ്ടു വിക്കറ്റ് വീതം നേടിയപ്പോള്‍ കുമാറും ശര്‍മയും ഓരോ വിക്കറ്റ് എടുത്തു.

ഈ ജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍