UPDATES

വിദേശം

ഗുഡ്‌ബൈ ഒക് ഗ്ലൈസിയര്‍! കവിതകള്‍, മൗനപ്രാര്‍ത്ഥന; ഐസ്ലാന്‍ഡ് തങ്ങളുടെ ആദ്യത്തെ ഹിമാനിയ്ക്ക് യാത്രമൊഴി നല്‍കിയത് ഇങ്ങനെ

ഐസ്ലാന്‍ഡിക് എഴുത്തുകാരനുമായ ആന്‍ഡ്രി സ്‌നേര്‍ മാഗ്നസണ്‍ ഈ ഹിമാനിയെ പ്രശംസിക്കുകയും, ഭാവിയില്‍ വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.

ഐസ്ലാന്‍ഡിലെ പ്രശസ്തമായ ഹിമാനികളിലൊന്നായ ‘ഒക്ജാക്കുല്‍ ഹിമാനി’ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പാണ് ഐസ്ലാന്‍ഡ് ജനത നല്‍കിയത്. വിലാപ കാവ്യവും പ്രസംഗവും ഒരുപാട് മൗനവുമായി കാലാവസ്ഥാ വ്യതിയാനത്തിന്റെ ആദ്യ ബലിയാടായ ഹിമാനിയോട് അവര്‍ അനുശോചനം രേഖപ്പെടുത്തി. കൂടാതെ ‘ഭാവിയിലേക്കുള്ള ഒരു കത്തായി’ പ്രത്യേകമായൊരു വെങ്കല ശിലാഫലകം സ്ഥാപിക്കുകയും ചെയ്തു.

ചടങ്ങില്‍ ഐസ്ലാന്‍ഡിന്റെ പ്രധാനമന്ത്രി കാട്രിന്‍ ജാക്കോബ്സ്ഡോട്ടിറും ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മേരി റോബിന്‍സണും ഗവേഷകരുടെയും ഐസ്ലാന്‍ഡുകാരുടെയും സംഘത്തില്‍ ഉണ്ടായിരുന്നു. ‘കാലാവസ്ഥാ പ്രതിസന്ധിയുടെ അനന്തരഫലങ്ങളാണ് നാം കാണുന്നത്, നമുക്ക് നഷ്ടപ്പെടുത്താന്‍ സമയമില്ല’ എന്നാണ് ജാക്കോബ്‌സ്‌ഡോട്ടിര്‍ പറഞ്ഞത്. ‘ഹിമാനിയുടെ പ്രതീകാത്മക മരണം നമുക്കുള്ളൊരു മുന്നറിയിപ്പാണ്, അടിയന്തിരമായ നടപടിയാണ് വേണ്ടത്’ എന്ന് മേരി റോബിന്‍സണും പറഞ്ഞത്.

‘ഒകെ ഹിമാനികള്‍’ എന്ന് പൊതുവേ വിളിക്കപ്പെടുന്ന ഒക്ജാക്കുല്‍ ഹിമാനിക്ക് ‘ഹിമാനിയെന്ന സ്ഥാനം’ നഷ്ടപ്പെടുന്നത് 2014-ലാണ്. 5.8 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന ഹിമാനിയുടെ 6.6 ശതമാനം, അതായത് വെറും 0.386 ചതുരശ്ര മൈല്‍, ഉരുകിത്തീര്‍ന്നതായിരുന്നു സ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം. ഹിമാനിയുടെ പിണ്ഡത്തിലെ ഈ മാറ്റത്തിന് കാരണം ആഗോളതാപനമാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഓകെ ഹിമാനിയെ ഇപ്പോഴവര്‍ ‘ഡെഡ് ഐസ്’ എന്നാണ് വിളിക്കുന്നത്. അതിനര്‍ത്ഥം ഹിമാനി ചലിച്ചുകൊണ്ടിരിക്കുന്നത് നിന്നുവെന്നും, കളിമണ്ണ്, മണല്‍, ചരല്‍ തുടങ്ങിയവയുടെ സ്വാധീനത്തിന്റെ ഫലമായി ‘മൊറെയ്ന്‍’ എന്ന വ്യത്യസ്ത തരം ഭൂപ്രദേശങ്ങളായി ഉരുകി മാറിയെന്നുമാണ്.

ഈ പ്രതിഭാസമാണ് ഐസ്ലാന്‍ഡിലെ സമൂഹത്തെ ആശങ്കയിലാഴ്ത്തുന്നത്. സംഭവം ഐസ്ലാന്‍ഡിക് സമൂഹത്തില്‍ ചെലുത്തുന്ന പ്രത്യാഘാതങ്ങള്‍ മനസിലാക്കിയ നരവംശശാസ്ത്രജ്ഞനും പ്രശസ്ത ഐസ്ലാന്‍ഡിക് എഴുത്തുകാരനുമായ ആന്‍ഡ്രി സ്‌നേര്‍ മാഗ്നസണ്‍ ഈ ഹിമാനിയെ പ്രശംസിക്കുകയും, ഭാവിയില്‍ വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. ശിലാഫലകത്തില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്:”ഹിമാനിയെന്ന പദവി നഷ്ടപ്പെടുന്ന ആദ്യത്തെ ഐസ്ലാന്‍ഡിക് ഹിമാനിയാണ് ഒകെ. അടുത്ത 200 വര്‍ഷത്തിനുള്ളില്‍ നമ്മുടെ എല്ലാ ഹിമാനികളും അതേ പാത പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്നും എന്താണ് ചെയ്യേണ്ടതെന്നും ഞങ്ങള്‍ക്ക് അറിയാമെന്ന് അംഗീകരിക്കുന്നതിനാണ് ഈ സ്മാരകം. ഞങ്ങള്‍ അത് ചെയ്തുവോയെന്ന് നീ മാത്രം അറിയും”.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവും മെമ്മോറിയല്‍ ഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഒരു ദശലക്ഷത്തിലെ 415 ഭാഗവും കാര്‍ബണ്‍ ഡൈ ഓക്സൈഡാണ്. പക്ഷെ, ആശങ്ക ഒകെ ഹിമാനിയില്‍ മാത്രം ഒതുങ്ങുന്നില്ല. അന്റാര്‍ട്ടിക്കയിലെ ഫ്ളോറിഡയുടെ അത്രയും വലിപ്പമുള്ള തൈ്വറ്റ്സ് ഹിമാനിസൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ഈ ഹിമാനി ഉരുകിയാല്‍ സമുദ്രനിരപ്പ് ഗണ്യമായി ഉയരും. ഐസ്ലാന്‍ഡില്‍ മാത്രം നാനൂറോളം ഹിമാനികളുണ്ട്. അവയ്ക്കെല്ലാം 2200 ഓടെ ഓകെ ഹിമാനിയുടെ വിധിയായിരിക്കും ഉണ്ടാവുകയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

Read:  ഒകെ ഇപ്പോള്‍ വെറും ‘ഡെഡ് ഐസ്’; ഐസ്‌ലാന്‍ഡിലെ ഒക്ജാക്കുല്‍-ന് ഹിമാനി പദവി നഷ്ടമായി

Read: ഹിമാലയത്തില്‍ മഞ്ഞുരുകുന്നത് കഴിഞ്ഞ നൂറ്റാണ്ടിനെക്കാള്‍ രണ്ടിരട്ടി വേഗത്തില്‍; 800 ദശലക്ഷം ആളുകളെ ബാധിക്കും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍