UPDATES

വിദേശം

ആഗോള സമ്പത്തിന്റെ പകുതി കയ്യടക്കിയ ആ ഒരു ശതമാനം പേര്‍

Avatar

ടീം അഴിമുഖം

ഒരു ശതമാനം ധനികര്‍ ആഗോള സമ്പത്തിന്റെ പകുതിയും കയ്യടക്കിയിരിക്കുന്നു.

“ആഗോള സമ്പത്ത് റിപ്പോര്‍ട്ട് 2015” എന്ന പേരിലുള Credit Suisse-ന്റെ പുതിയ റിപ്പോര്‍ട്ട്, ലോകത്തെ അതിധനികര്‍ ആ പ്രതീകാത്മക വര മറികടന്നു എന്ന് ഇതാദ്യമായി കാണിക്കുന്നു.

പട്ടികയുടെ തലപ്പത്ത് കൊടികെട്ടിയ സമ്പന്നരാണ്-50 ദശലക്ഷം ഡോളറിന്റെ (300 കോടിയിലേറെ രൂപ) ആസ്തിയെങ്കിലും ഉണ്ടെന്ന് കരുതുന്നവരാണ് ഇക്കൂട്ടത്തില്‍ എന്ന് ബാങ്ക് നിര്‍വചിക്കുന്നു. ലോകത്താകെ ഈ ഗണത്തില്‍ 1,20,000 പേരെയുള്ളൂ.

ഇവര്‍ക്ക് തൊട്ടുതാഴെ 34 ദശലക്ഷം പേരുണ്ട്, 1 ദശലക്ഷം ഡോളറിന്റെ കൂട്ടായ ആസ്തിയുള്ളവര്‍. പിരമിഡിന്റെ ഈ ഭാഗത്തുള്ളവര്‍ ലോക ജനസംഖ്യയുടെ 0.7% മാത്രമേ വരുന്നുള്ളൂ എങ്കിലും ആഗോള സമ്പത്തിന്റെ 45.2% ഇവരുടെ പക്കലാണ്. ഇത് ലോക ജനസംഖ്യയുടെ ഒരു ശതമാനത്തിലേക്ക് നീട്ടിയാല്‍ അവര്‍ ലോകത്തെ സമ്പത്തിന്റെ പകുതിയിലേറെ സ്വന്തമാക്കിയവരാണ്.

“സാമ്പത്തിക അസമത്വം 2008 മുതല്‍ കൂടിവരികയാണ്. സമ്പത്ത് കയ്യാളുന്ന മേല്‍ത്തട്ടിലെ ഒരു വിഭാഗം മൊത്തം കുടുംബസമ്പത്തിന്റെ 50.4% സ്വന്തമാക്കിയിരിക്കുന്നു,” റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തിന്റെ മിക്ക ഭാഗങ്ങളും താരതമ്യേന ദരിദ്രമായിരിക്കുന്നു. അതുകൊണ്ടു ലോകപൌരന്‍മാരിലെ സമ്പന്നവിഭാഗത്തില്‍പ്പെടാന്‍ ഈ വര്‍ഷം വെറും 3210 ഡോളര്‍ മതിയായിരുന്നു.

ലോകത്തെ 7 ബില്ല്യണ്‍ ജനങ്ങളില്‍ അതി സമ്പന്നരാകാന്‍ അത്ര പെരുത്ത് കാശൊന്നും വേണ്ട. 68,800 ഡോളര്‍ അറ്റ ആസ്തിയുണ്ടെങ്കില്‍ ആഗോള സമ്പത്ത് കൈവശം വെച്ച ധനികരായ 10% പേരില്‍ നിങ്ങളുമെത്തി. കടം കിഴിച്ച്, 7,59,900 ഡോളര്‍ ഉണ്ടെങ്കില്‍ അതിധനികരായ ഒരു ശതമാനത്തില്‍ നിങ്ങള്‍ ഇടംപിടിക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

മുകള്‍ത്തട്ടിലെ സമ്പത്തിലുള്ള ഈ കുതിപ്പ് ഈ സഹസ്രാബ്ദത്തിന്റെ ആദ്യം മുതല്‍ക്ക് 2008-09 വരെ നിലനിന്ന പ്രവണതയുടെ വിപരീതമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

2000-ത്തില്‍ അതിധനികരായ ഒരു ശതമാനം സ്വന്തമാക്കിയത് ആഗോള സമ്പത്തിന്റെ 48.9 ശതമാനമായിരുന്നു. 2009-ല്‍ ഇത് 44.2 ശതമാനമായി കുറഞ്ഞു. ഇപ്പോള്‍ ധനികര്‍ പിന്നേയും മുകളിലേക്കുള്ള കുതിപ്പിലാണ്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 2000-ത്തിലെ നിലയെ മറികടന്നു എന്ന് റിപ്പോര്‍ട് കാണിക്കുന്നു. “ലോകത്തെ കുടുംബ ആസ്തികളുടെ പകുതിയും മുകള്‍ത്തട്ടിലുള്ളവരാണ് കൈവശം വെച്ചിട്ടുള്ളത് എന്നാണ് ഞങ്ങള്‍ കണക്കാക്കുന്നത്,” നിരീക്ഷകര്‍ എഴുതുന്നു.

ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമുണ്ടായ തിരിച്ചുവരവ് ഏറെ സഹായിച്ചത് ധനികരെയാണെന്ന് റിപ്പോര്‍ട് കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയില്‍ ശരാശരി മുതിര്‍ന്ന മനുഷ്യന്റെ സാഹചര്യങ്ങള്‍ വ്യക്തമായി കണക്കാക്കാവുന്ന median wealth ലോകത്താകെയെടുത്താല്‍ 3200 ഡോളര്‍ ആയി കുറഞ്ഞു. Median wealth ഉയര്‍ന്നുകൊണ്ടിരുന്ന ലോകത്തെ പ്രദേശങ്ങള്‍ ചൈനയും വടക്കേ അമേരിക്കയും മാത്രമാണ്.

വിനിമയ നിരക്കിലെ ചാഞ്ചാട്ടങ്ങള്‍ ദുര്‍ബ്ബലമായ  median wealth-നു കാരണമാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു. പക്ഷേ, മുകള്‍ത്തട്ടിലെ ഒരു ശതമാനത്തിനുവേണ്ടി രൂപപ്പെടുന്ന ‘ഉയരുന്ന അസമത്വമാണ്’ median wealth ശരാശരി സമ്പത്തിനേക്കാള്‍ താഴെപ്പോകാനുള്ള പ്രധാന കാരണമെന്ന് അവര്‍ നിഗമനത്തിലെത്തുന്നുണ്ട്.

ലോകത്തെ കോടീശ്വരന്‍മാരുടെ എണ്ണം 2000-ത്തിന് ശേഷം 146% കണ്ടാണ് വര്‍ദ്ധിച്ചത്. കൂടാതെ ഓരോരുത്തര്‍ക്കും 50 ദശലക്ഷം ഡോളര്‍ ആസ്തിയിലേറെയുള്ള അതിധനികര്‍ 1,20,000 പേര്‍ വേറെയുമുണ്ട്. ഇതില്‍ 8% പേര്‍ ചൈനയില്‍ നിന്നാണ്. ഈ സഹസ്രാബ്ദം തുടങ്ങിയതില്‍പ്പിന്നെ അവരുടെ സമ്പത്ത് 5 മടങ്ങാണ് കൂടിയത്.

ഇതില്‍ ഓഹരി വിപണിയുടെ കരുത്താര്‍ജ്ജിച്ചുള്ള മടങ്ങിവരവും ഒരു ഘടകമാണ്.

“സാമ്പത്തിക അസമത്വം കാലങ്ങള്‍കൊണ്ട് സാവധാനത്തിലാണ് മാറുന്നത്, അതുകൊണ്ടുതന്നെ ഈ പ്രവണതകളുടെ പ്രേരകങ്ങളെ കണ്ടെത്തുക എളുപ്പമല്ല.” എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. “എന്തായാലും സാമ്പത്തിക ആസ്തികളുടെ മൂല്യം-പ്രത്യേകിച്ചും കമ്പനി ഓഹരികള്‍-ഒരു നിര്‍ണായക ഘടകമായിരിക്കും. കാരണം ധനികരായ വ്യക്തികള്‍ തങ്ങളുടെ ആസ്തികളുടെ അനുപാതരഹിതമായ തരത്തിലുള്ള പങ്ക് സാമ്പത്തിക രൂപത്തില്‍ സൂക്ഷിക്കുന്നു.”

ഭാവിയിലെ അസമത്വത്തിലെ മാറ്റങ്ങള്‍ മിക്കതും ഓഹരി വിലകളെ ആശ്രയിച്ചായിരിക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. “ഓഹരിവിലകള്‍ ഭാവിയില്‍ കുതിച്ചു കയറിയില്ലെങ്കിലോ, ധന സമ്പത്തു സുസ്ഥിരമായാലോ അല്ലെങ്കില്‍ കുറയുകതന്നെ ചെയ്താലോ, ഈ അടുത്ത വര്‍ഷങ്ങളില്‍ കണ്ട പോലെ സാമ്പത്തിക അസമത്വത്തിലെ വര്‍ദ്ധനവ് തുടരും എന്ന് കരുതാനാവില്ല.” വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍