UPDATES

വിദേശം

സ്കൂൾ പാസ്സാകാനും ബിരുദം കിട്ടാനും 10 മരങ്ങൾ നട്ടുപിടിപ്പിക്കണം

നിയമം നടപ്പിലാക്കുന്നതിന്‍റെ ഉത്തരവാദിത്വം രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിനാണ്

മേയ് 15ന് ഫിലിപ്പൈൻ കോൺഗ്രസ് ഔദ്യോഗികമായി ഒരു ബിൽ പാസാക്കി. പ്രാഥമിക വിദ്യാലയത്തിൽ നിന്നും, ഹൈസ്കൂളുകളില്‍നിന്നും, കോളേജുകളില്‍നിന്നുമെല്ലാം പാസ്സായി പോകണമെങ്കില്‍ എല്ലാ വിദ്യാര്‍ഥികളും കുറഞ്ഞത് പത്ത് മരങ്ങളെങ്കിലും നട്ടുപിടിപ്പിക്കണം എന്നാണ് ബില്ലില്‍ പറയുന്നത്.

വനങ്ങളിലോ, കണ്ടൽക്കാടുകളിലോ, നഗര പ്രദേശങ്ങളിലോ, ഉപേക്ഷിക്കപ്പെട്ട ഖനന സ്ഥലങ്ങളിലോ, അല്ലെങ്കിൽ തദ്ദേശീയമായ ഭൂപ്രദേശങ്ങളിളിലോ എവിടെ വേണമെങ്കിലും മരം നടാം എന്നാണ് ബില്ലില്‍ പറയുന്നതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൃക്ഷങ്ങൾ അതതു പ്രദേശത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായിരിക്കണമെന്നും, തദ്ദേശീയമായ വൃക്ഷങ്ങള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതെന്നും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്.

‘ഗ്രാജ്വേഷന്‍ ലെഗസി ഫോർ ദി എൻവയോൺമെൻറ് ആക്ട് 2016’ എന്നാണ് ബില്ലിന്‍റെ പേര്. ഗാരി അലജാനോ എന്ന അംഗമാണ് ആദ്യമായി ബില്ല് അവതരിപ്പിച്ചത്. ‘സന്തുലിതവും ആരോഗ്യകരവുമായ ഒരു പരിസ്ഥിതി ലഭ്യമാവുക എന്നത് ഇന്നത്തെ യുവത്വത്തിന്‍റെ അവകാശമാണെന്ന് നാം തിരിച്ചറിയുന്നു. അത് യാഥാർഥ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതില്‍ അവരുടെ സംഭാവനകളും ഉണ്ടാവേണ്ടതുണ്ട്’ എന്ന് ബില്ലിനെ കുറിച്ചുള്ള വിശദീകരണ കുറിപ്പിൽ അലജാനോ എഴുതി. അങ്ങിനെ വന്നാല്‍ എല്ലാ വർഷവും 175 മില്ല്യൻ പുതിയ മരങ്ങൾ നാട്ടുപ്പിടിപ്പിക്കാന്‍ കഴിയും. ഒരു തലമുറയുടെ കാലത്ത് 525 ബില്ല്യൻ മരങ്ങളാണ് നട്ടുപിടിപ്പിക്കാന്‍ കഴിയുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

നിയമം നടപ്പിലാക്കുന്നതിന്‍റെ ഉത്തരവാദിത്വം രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിനാണ്. പരിസ്ഥിതി വകുപ്പും കൃഷിവകുപ്പുമാണ് നഴ്സറികൾ തയ്യാറാക്കേണ്ടതും, തൈകൾ വിതരണം ചെയ്യേണ്ടതും. കൂടാതെ, അനുയോജ്യമായ തൈകൾ കണ്ടെത്തുകയും അവയുടെ വളര്‍ച്ച നിരീക്ഷിക്കുകയും വേണം. 10 ശതമാനമാണ് മരങ്ങളുടെ അതിജീവന നിരക്ക് എങ്കില്‍ പോലും 525 ദശലക്ഷം അധിക മരങ്ങൾ ലഭിക്കുമെന്ന് അലജാനോ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍