UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞങ്ങള്‍ സെക്‌സിനെ കുറിച്ച് സംസാരിച്ചാല്‍ മാനം ഇടിഞ്ഞുവീഴുമോ?

Avatar

ഭവ്യ വേലായുധന്‍

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ്, ചെന്നൈയിലെ ഞങ്ങളുടെ കുടുംബ സുഹൃത്തിനെ പോയി കണ്ടോ എന്ന് അമ്മ ചോദിച്ചു, ഇല്ല ഞാന്‍ മറുപടി നല്‍കി. കഥയുടെ പിന്നാമ്പുറം മറ്റൊന്നാണ്. ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളില്‍ ഒരാള്‍ എന്നെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കണ്ടുവെന്നും ഞാന്‍ അയഞ്ഞ ഒരു സ്ലീവ്‌ലെസ് ഉടുപ്പ് ധരിച്ചിരുന്നെന്നും പരാതി അമ്മയുടെ അടുക്കല്‍ എത്തിയിരുന്നു. എന്നെ സ്ലീവ്‌ലെസ് വേഷത്തില്‍ കണ്ടു ആകെ അസ്വസ്ഥയായ ആ സ്ത്രീ ഞാന്‍ ഒരു മലയാളിപെണ്‍കുട്ടിയായത് കൊണ്ട് സല്‍വാര്‍ ധരിക്കണം എന്ന് അമ്മയോട് പറഞ്ഞു. മലയാളികളുടേയും മലയാളികളുടെ കേള്‍വികെട്ട സംസ്‌കാരത്തേയും ഞാന്‍ കളങ്കപ്പെടുത്തുന്നുവത്രേ. ഇത് പുതിയ കാര്യമല്ല. സ്ലീവ്‌ലെസിന്റേയും പാര്‍ട്ടിവെയറിന്റേയും കാര്യം മറന്നേക്കൂ, ജീന്‍സ് ധരിച്ചാല്‍ തന്നെ പിഴച്ചവള്‍ എന്ന പേര് കേള്‍ക്കും. ഈ അവസ്ഥ മനസിലാക്കാന്‍ എനിക്ക് എന്നും ബുദ്ധിമുട്ടായിരുന്നു. ഒരു പെണ്‍കുട്ടി ഒരു സല്‍വാറോ സാരിയോ ധരിച്ചാല്‍ അവള്‍ നല്ല കുട്ടിയാണ്. ധരിക്കുന്ന വേഷത്തിന്റെ അടിസ്ഥാനത്തില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നാം തുടങ്ങിയത് എന്നു മുതലാണ്? ആണുങ്ങള്‍ക്ക് ഇങ്ങനെ ഒരു പ്രശ്‌നമുണ്ടോ? ഞങ്ങള്‍ പെണ്‍കുട്ടികള്‍ പുരുഷന്മാരെപ്പറ്റി ഇത്തരം വിലയിരുത്തലുകള്‍ തുടങ്ങിയാലോ? ഫോര്‍മല്‍ ഷര്‍ട്ടും പാന്റും ധരിക്കുന്നവരെല്ലാം അവിഹിതബന്ധമുള്ളവരാണ് എന്നോ മുണ്ടുടുക്കുന്നവര്‍ സ്ത്രീകളെ നോക്കുകയോ അവരെപ്പറ്റി ചിന്തിക്കുകയോ ചെയ്യില്ല എന്നോ ലുങ്കി ധരിക്കുന്നവരെല്ലാം ബലാല്‍സംഗം ചെയ്യാന്‍ നടക്കുന്നവരാണ് എന്നോ ഒക്കെ പറഞ്ഞാലോ? വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെ വിലയിരുത്തുന്നില്ലാത്ത സ്ഥിതിക്ക് എന്തിനാണ് തിരിച്ചു അങ്ങനെയൊരു വിലയിരുത്തല്‍? ഒരാള്‍ അയാള്‍ക്ക് ഇഷ്ടമുള്ള വേഷം ധരിക്കുന്നത് കൊണ്ട് അയാള്‍ മോശക്കാരനാണ് എന്ന് ഞങ്ങള്‍ പറയാറില്ലല്ലോ. 

ഷാഡോസ് ഓഫ് എ ഗേള്‍ എഴുതിയതിനുശേഷം എനിക്ക് ബ്ലോഗില്‍ ഒരു മെസ്സേജ് കിട്ടിയത് ഓര്‍ക്കുന്നു. എന്റെ പോസ്റ്റുകളില്‍ സ്ഥിരമായി പ്രശ്‌നം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന ഒരു പഴയ സഹപാഠിയായിരുന്നു. എന്റെ പല പോസ്റ്റുകളിലും ഇട്ട മോശം കമന്റുകള്‍ക്ക് ക്ഷമാപണമായിരുന്നു ഇത്തവണ. ഭാര്യയെ മധുവിധുവിന് ഡല്‍ഹിയില്‍ കൊണ്ട് പോയതിനുശേഷമാണ് ഈ സ്വഭാവമാറ്റം. ഭാര്യ തിരക്കുള്ള ഒരു തെരുവില്‍ പെട്ടുപോയശേഷം മോശമായി ആളുകള്‍ അവരെ കയറിപ്പിടിച്ചതില്‍ ഉണ്ടായ നിസ്സഹായതയും ദേഷ്യവുമൊക്കെയായിരുന്നു മെസ്സേജില്‍. തിരക്കില്‍ പെട്ടുപോയ പത്തുമിനുട്ടില്‍ അപരിചിതരായ പുരുഷന്മാര്‍ മുലയിലും അരയിലും പിടിച്ചതിനെപ്പറ്റിയുള്ള നടുക്കത്തില്‍ അയാളുടെ ഭാര്യ കരഞ്ഞുവെന്നാണ് അയാള്‍ എഴുതിയത്. എന്തായിരുന്നു അവരുടെ വേഷം? ഒരു പര്‍ദ്ദ! സ്ത്രീകളെപ്പറ്റി മുമ്പ് നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്ക് അയാള്‍ മാപ്പ് പറഞ്ഞു. പക്ഷെ എനിക്ക് പറയാനുള്ളത് ഇതാണ്, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നത് വരെ നിങ്ങളുടെ ധാരണകള്‍ മാറ്റാന്‍ എന്തിനാണ് കാത്തുനില്‍ക്കുന്നത്? സ്ത്രീകളും മനുഷ്യരാണ് എന്ന് ചിന്തിക്കാന്‍ ഇത്ര ബുദ്ധിമുട്ട് എന്താണ്? ഇന്ത്യയില്‍ പുരുഷന്മാരെയും കയറിപ്പിടിക്കാറുണ്ട് താനും.

‘അങ്ങനെയൊന്നും ചെയ്യരുത്. പെണ്‍കുട്ടികള്‍ ഇതൊന്നും ചെയ്യാറില്ല’, ഞാന്‍ വളര്‍ന്നപ്പോള്‍ മുഴുവന്‍ സമയവും മുത്തശ്ശി ഇത് പറയുന്നത് കേട്ടാണ് ഞാന്‍ വളര്‍ന്നത്. എന്നാല്‍ എന്റെ മാതാപിതാക്കള്‍ അടുത്തുള്ള ആണ്‍കുട്ടികളുടെ കൂടെ ക്രിക്കറ്റ് കളിക്കാനും ചെളിയില്‍ കിടന്നുരുളാനും ഒക്കെ എന്നെ അനുവദിച്ചിരുന്നു. ഇത്തരം ചിന്താഗതികള്‍ കേരളത്തില്‍ മാത്രമേയുള്ളൂ എന്നായിരുന്നു എന്റെ ധാരണ. പക്ഷെ മറ്റുസ്ഥലങ്ങളില്‍ നിന്നുള്ള ആളുകളെ കണ്ടപ്പോഴാണ് ഇതൊരു ദേശീയ പ്രശ്‌നമാണ് എന്നെനിക്ക് മനസിലായത്.

ഇതാ ഞാന്‍ കേട്ടിട്ടുള്ള പ്രധാനപ്പെട്ട പത്ത് നിയമങ്ങള്‍.
1) പെണ്‍കുട്ടികള്‍ ഉറക്കെ സംസാരിക്കരുത്.
2) പത്തുവയസാവുകയോ അല്ലെങ്കില്‍ ആര്‍ത്തവമുണ്ടാവുകയോ ചെയ്താല്‍ പിന്നെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ കൂടെ കളിക്കരുത്.
3) പെണ്‍കുട്ടികള്‍ തനിച്ച് പുറത്തുപോകരുത്.
4) പെണ്‍കുട്ടികള്‍ ആറുമണിക്ക് ശേഷം പുറത്തുപോകരുത്. (ഇത് കേരളത്തില്‍ ഇപ്പോഴും നിലവിലുണ്ട്. കേരളത്തിലെ ആണുങ്ങള്‍ക്ക് നന്ദി)
5) പെണ്‍കുട്ടികള്‍ ത്യാഗം ചെയ്യണം.
6) പെണ്‍കുട്ടികള്‍ അച്ഛനമ്മമാരേയും മുതിര്‍ന്നവരേയും അവളോട് ഒച്ചയിടാന്‍ അധികാരമുള്ള എല്ലാവരെയും അനുസരിക്കണം.
7) പെണ്‍കുട്ടികള്‍ അവരുടെ വിദ്യാഭ്യാസത്തെക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് അവരുടെ വിവാഹത്തിനാണ്.
8) പെണ്‍കുട്ടികളാണ് കുടുംബത്തിന്റെ അഭിമാനം, എന്തുവില കൊടുത്തും അത് സംരക്ഷിക്കണം.
9) പെണ്‍കുട്ടികള്‍ അഭിപ്രായം പറയാന്‍ പാടില്ല, കാരണം അവര്‍ക്ക് ജീവിതം എന്തെന്ന് അറിയില്ല.
10) അവളെക്കാളും അവളുടെ കുടുംബത്തെക്കാളും പെണ്‍കുട്ടി പ്രാധാന്യം നല്‍കേണ്ടത് അവളുടെ ഭര്‍ത്താവിനും കുടുംബത്തിനുമാണ്.

ഈ പറച്ചിലുകളെയെല്ലാം ന്യായീകരിക്കാന്‍ ത്യാഗസന്നദ്ധകളായ, ക്ഷമയുടെ മകുടമായ, എതിര്‍ വാക്കില്ലാതെ ഭര്‍ത്താവിനെ അനുസരിച്ച, മാതാപിതാക്കളുടെ ശാസനപ്രകാരം ജീവിച്ച, കുടുംബത്തിന്റെ പേര്‍ കാത്ത ഏതെങ്കിലുമൊക്കെ സ്ത്രീരത്‌നത്തെപ്പറ്റിയുള്ള മതഗ്രന്ഥകഥയും കാണും. ഇവിടെ നിറുത്തുക. പെണ്‍കുട്ടികളെ ഇത്തരം ‘നല്ല കുട്ടി’ ഉദാഹരണങ്ങള്‍ കാണിച്ച് വളര്‍ത്തുന്നത് മണ്ടത്തരമാണ്. സ്ത്രീകളും മനുഷ്യരാണ് ദേഷ്യപ്പെടുന്നതിലും ഒച്ചവെയ്ക്കുന്നതിലും എന്താണ് പ്രശ്‌നം? സ്ത്രീകളാണ് എന്ന ഒറ്റക്കാരണം കൊണ്ട് എന്തിന് ത്യാഗം ചെയ്യണം? എന്തിന് ദേഷ്യം ഒളിപ്പിച്ച് ക്ഷമ കാണിക്കണം? എല്ലാറ്റിനും ഉപരിയായി എന്തിന് നല്ല കുട്ടികളാകണം? വെറും കുട്ടികളായാല്‍ പോരെ? ഇന്ത്യന്‍ പുരുഷന്മാരെ മതഗ്രന്ഥങ്ങളിലേത് പോലെയാകാന്‍ പറയുന്നത് സങ്കല്‍പ്പിച്ചുനോക്കുക. 

എന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ ഒരു സിനിമാ കഥ പറയുകയായിരുന്നു. അവള്‍ പറഞ്ഞു, ‘അതിനുശേഷം പിന്നെ ഇതുണ്ടാകും’ പിന്നെ ചിരിച്ചു. ‘എന്തുണ്ടാകും’ ഞങ്ങള്‍ ചോദിച്ചു. ‘അറിയാമല്ലോ, അത്’ അവള്‍ വീണ്ടും ചിരിച്ചു. ‘സെക്‌സ് ആണോ’ കൂട്ടത്തില്‍ ആരോ ചോദിച്ചു. അവള്‍ പറഞ്ഞു. ‘ഇങ്ങനെ വിളിച്ചുകൂവല്ലേ, മോശമാണ്’. ഒരു കുഞ്ഞുള്ള ഒരു വിവാഹിതയാണ് ഇത് പറയുന്നതെന്ന് ഓര്‍ക്കുക. ഒരു പെണ്‍കുട്ടിയുടെ പേര് ചീത്തയാക്കുന്ന വാക്കാണ് സെക്‌സ്. സെക്‌സ് ലളിതമായ ഒരു കാര്യമാണെന്ന് പലപ്പോഴും ആളുകള്‍ മറന്ന് പോകുന്നു. ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാകുമ്പോള്‍ പോലും ഇത് ഭര്‍ത്താവുമായുള്ള ലൈംഗികബന്ധം മൂലമാണ് എന്നത് ആളുകള്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. ഇതൊരു സ്ഥിരം സംഗതിയാണ്. മനുഷ്യവംശം നിലനില്‍ക്കുന്നത് തന്നെ ആളുകള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കൊണ്ടാണ്. കുട്ടികള്‍ ജനിക്കുന്നതിനെപ്പറ്റിയുള്ള പഞ്ചാരപുരട്ടിയ കഥകളെക്കാള്‍ നമുക്ക് നേരെ കാര്യങ്ങള്‍ പറയാം. സെക്‌സ് എന്ന് പറഞ്ഞാലുടന്‍ ഒരു പെണ്‍കുട്ടി മോശമാകുന്നതെങ്ങനെയാണ്? നിങ്ങള്‍ക്ക് ഒരു കുട്ടി വേണമെങ്കില്‍ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ സെക്‌സ് നടക്കണം. ഇത് ആദവും ഹവ്വയും മുതലുള്ള ഒരു ഏര്‍പ്പാടാണ്. അപ്പോള്‍ എങ്ങനെയാണ് ഒരു പെണ്‍കുട്ടി സെക്‌സിനെപ്പറ്റി പറയുന്നത് പാപമാകുന്നത്? അതും ഈ നൂറ്റാണ്ടില്‍? 

‘ഞാന്‍ പ്രേമത്തിലാണ്’. ഒരു ഇന്ത്യന്‍ പെണ്‍കുട്ടി ഇത് തുറന്നു സംസാരിക്കുന്നത് എത്ര അപൂര്‍വമാണ്? 90% ഇന്ത്യന്‍ സ്ത്രീകളും പ്രേമബന്ധങ്ങള്‍ പുറത്തുപറയില്ല. എങ്ങാനും ഒരു മുന്‍ബന്ധം അവരുടെ ഭാവി വിവാഹസാധ്യതകള്‍ കളഞ്ഞാലോ? പുരുഷന്മാര്‍ക്ക് പല ബന്ധങ്ങളുണ്ടായാലും സ്ത്രീകള്‍ക്ക് മുന്‍ബന്ധമുണ്ടയാല്‍ ഉപേക്ഷിക്കപ്പെടാം. ഏഷ്യന്‍, കിഴക്കന്‍ സമൂഹങ്ങളില്‍ ‘പരിശുദ്ധസ്ത്രീ’ സങ്കല്‍പ്പത്തിനു വലിയ പ്രചാരമാണ്. കുടുംബത്തിലെ സ്ഥിരം ഡയലോഗ് തന്നെ ‘ആണുങ്ങള്‍ക്ക് എന്തുമാകാം, റേപ്പ് ചെയ്താലും അവനു പെണ്ണ് കിട്ടും’ എന്നാണ്. ഇങ്ങനെയുള്ള സംഭാഷണങ്ങളാണ് സ്വന്തം മനസ് തുറക്കുന്നതില്‍ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്നത്. ഈയിടെ എന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ ഒരു ആലോചന വേണ്ടെന്നുവെച്ച കഥ പറഞ്ഞു. ആണ്‍കുട്ടിയുടെ അച്ഛനമ്മമാരുടെ മണ്ടത്തരത്തിന്റെ കഥ കേട്ട് ഞാന്‍ അമ്പരന്നുപോയി. പ്രേമബന്ധമൊന്നുമുണ്ടാകാത്ത ഒരു കുട്ടിയെയായിരുന്നു അയാള്‍ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ അയാളുടെ അച്ഛനമ്മമാര്‍ക്ക് ഇന്ന് വരെ അത്തരം ചിന്തകള്‍ പോലുമുണ്ടാകാത്ത ഒരു കുട്ടിയെയായിരുന്നു വേണ്ടത്. അവള്‍ ആ ആലോചനയില്‍ നിന്ന് തടിതപ്പി. ഇരുപത്തിയാറുവയസുകാരിയായ തന്നെപ്പറ്റി അങ്ങനെ ചിന്തിക്കാന്‍ തന്നെ അവര്‍ക്ക് എങ്ങനെ കഴിയുന്നു എന്ന് അവള്‍ ചോദിക്കുന്നു. അവള്‍ക്ക് ഒരു ഭൂതകാലമുണ്ടായിരുന്നോ ഇല്ലയോ എന്നതിന്റെ പ്രസക്തി എന്താണ്? ടീനേജ് പ്രായത്തിന്റെ സ്വാഭാവികതകളാണ് ചെറിയ ആകര്‍ഷണങ്ങള്‍ ഒക്കെ. ഒരു പ്രേമബന്ധം ഒരാളെ വളരാനേ സഹായിക്കൂ. എവിടെയോ വായിച്ചതോര്‍ക്കുന്നു, ‘ ബന്ധങ്ങള്‍ ഒരിക്കലും സമയനഷ്ടമല്ല. ജീവിതത്തില്‍ വേണ്ടതൊന്നും തന്നില്ലെങ്കില്‍ കൂടി എന്താണ് വേണ്ടാത്തത് എന്ന് തിരിച്ചറിയാനെങ്കിലും ഇത് ഉപകരിക്കും’ 

ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത ഒരു കോളത്തിലെ കമന്റ് ഇങ്ങനെ. ‘ഇരുപത് വര്‍ഷം മുമ്പ് ഞാന്‍ ഇതേതരം ലേഖനങ്ങളാണ് വായിച്ചിരുന്നത്. ഇരുപതുവര്‍ഷം കഴിഞ്ഞാലും നാം ഇത് തന്നെ തുടരും. ചില കാര്യങ്ങള്‍ മാറില്ല!’

(ബ്ലോഗെഴുത്തുകാരിയാണ് ഭവ്യ)

ഭവ്യയുടെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://heyithinkthisway.wordpress.com

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍